ചരിത്ര മുന്നേറ്റം: തിരുവനന്തപുരം മെഡിക്കൽ കോളേജ് 75ന്റെ നിറവിൽ

TVM5.
വെബ് ഡെസ്ക്

Published on Nov 27, 2025, 03:58 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജായ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് നവംബർ 27ന് എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്നു. 1951-ൽ സ്ഥാപിതമായ ഈ സ്ഥാപനം സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ വളർച്ചയിലും കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിനും നിർണായക സംഭാവനകളാണ് നൽകിയിട്ടുള്ളത്. മെഡിക്കൽ കോളേജിൽ നിന്നും പഠിച്ച ഡോക്ടർമാർ ലോകത്തെമ്പാടും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ മുൻനിര മെഡിക്കൽ വിദ്യാഭ്യാസ, ചികിത്സാ സ്ഥാപനങ്ങളിലൊന്നായി മെഡിക്കൽ കോളേജ് വളർന്നു. ഈ കാലഘട്ടത്തിൽ മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗം സെന്റർ ഓഫ് എക്‌സലൻസ് ആയി ഉയർത്തി. എസ്.എ.ടി. ആശുപത്രി രാജ്യത്തെ 10 ആശുപത്രികളിലൊന്നായി അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസ് പട്ടികയിലും ഉൾപ്പെട്ടു. മെഡിക്കൽ കോളേജും ദന്തൽ കോളേജും ആദ്യമായി ദേശീയ റാങ്കിംഗിൽ ഉൾപ്പെട്ടു. എഴുപത്തിയഞ്ചാം വർഷത്തിലേക്ക് കടന്ന വേളയിൽ മെഡിക്കൽ കോളേജിലെ എല്ലാവർക്കും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശംസകൾ നേർന്നു.


125 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന വിശാലമായ ക്യാമ്പസാണ് മെഡിക്കൽ കോളേജ്. സംസ്ഥാനത്തെ വിവിധ ജില്ലകൾക്ക് പുറമേ അതിർത്തിക്കടുത്തുള്ള തമിഴ്‌നാട്ടിലെ ജില്ലകൾക്കും പ്രധാന ആശ്രയമാണ് മെഡിക്കൽ കോളേജ്. പ്രതിദിനം 8,000ത്തോളം പേർ ഒപിയിലും 500 ഓളം പേർ ഐപിയിലുമായി മെഡിക്കൽ കോളേജ് ആശുപത്രിയിലും എസ്എടിയിലുമായി പുതുതായി ചികിത്സ തേടുന്നു. 250 വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്ന എം.ബി.ബി.എസ് കോഴ്‌സിന് പുറമെ 24 സ്‌പെഷ്യാലിറ്റികളും, 16 സൂപ്പർ സ്‌പെഷ്യാലിറ്റികളും ഇവിടെ പ്രവർത്തിക്കുന്നു. ഗവേഷണ പ്രവർത്തനങ്ങളും നടക്കുന്നു.


നഴ്‌സിംഗ് കോളേജ്, ദന്തൽ കോളേജ്, ഫാർമസി കോളേജ്, പ്രിയദർശിനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്റർ, ചെസ്റ്റ് ഹോസ്പിറ്റൽ, റീജിയണൽ ലിംബ് ഫിറ്റിങ്ങ് സെന്റർ, റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്ത്താൽമോളജി, പാങ്ങപ്പാറ അർബൻ ഹെൽത്ത് യൂണിറ്റ്, വക്കം റൂറൽ ഹെൽത്ത് യൂണിറ്റ് എന്നിവ മെഡിക്കൽ കോളേജിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, അച്യുതമേനോൻ റിസർച്ച് സെന്റർ, ആർസിസി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളും ഈ ക്യാമ്പസിലാണ്.


മെഡിക്കൽ കോളേജിൽ വലിയ വികസനമാണ് ഈ കാലഘട്ടത്തിൽ സാധ്യമാക്കിയത്. 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ക്രിട്ടിക്കൽ കെയർ, ജനറ്റിക്‌സ്, ഫീറ്റൽ മെഡിസിൻ, പീഡിയാട്രിക് ഗ്യാസ്ട്രോ, ജെറിയാട്രിക്, ഇന്റർവെൻഷണൽ റേഡിയോളജി, റുമറ്റോളജി വിഭാഗങ്ങൾ ആരംഭിച്ചു.


കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. അപൂർവ ഹൃദയ ശസ്ത്രക്രിയകൾ നടത്തി. സ്‌ട്രോക്ക് സെന്ററും ഇന്റെർവെൻഷനൽ ന്യൂറോളജിയും യാഥാർത്ഥ്യമാക്കി. ആദ്യമായി കാൻസർ രോഗികൾക്ക് നൂതന റേഡിയേഷൻ നൽകുന്ന ഉപകരണമായ ലിനാക് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. 100 ഐസിയു കിടക്കകളുള്ള പ്രത്യേക ബ്ലോക്ക് സ്ഥാപിച്ചു. 7.3 കോടി രൂപ ചെലവിൽ സ്‌പെക്റ്റ് സ്‌കാൻ സ്ഥാപിച്ചു.


എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിൽ നൂതന സൗകര്യങ്ങളോടു കൂടിയ ഹൃദയ ശസ്ത്രക്രിയ വിഭാഗം ആരംഭിച്ചു. എമർജൻസി മെഡിസിൻ മൂന്ന് പിജി സീറ്റുകൾക്ക് അനുമതി ലഭ്യമാക്കി കോഴ്സ് ആരംഭിച്ചു. പീഡിയാട്രിക് നെഫ്രോളജി ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകൾ അനുമതി ലഭ്യമാക്കി. പൾമനറി മെഡിസിനിൽ ഡിഎം കോഴ്‌സ് ആരംഭിക്കുന്നതിന് രണ്ട് സീറ്റുകൾ അനുമതി ലഭ്യമാക്കി.


ആദ്യമായി ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, ഇന്റർവെൻഷണൽ റേഡിയോളജി യൂണിറ്റ്, ബേൺസ് ഐസിയു ഇ ബസ് സംവിധാനം, സ്‌കിൽ ലാബ്, മുലപ്പാൽ ബാങ്ക് എന്നിവ സ്ഥാപിച്ചു. എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. നട്ടെല്ല് നിവർത്തുന്ന സ്‌കോളിയോസിസ് സർജറി ആരംഭിച്ചു. 2024-25 സാമ്പത്തിക വർഷം 125 കോടിയോളം രൂപയുടെ സൗജന്യ ചികിത്സയാണ് വിവിധ ആരോഗ്യ ക്ഷേമ പദ്ധതികൾ വഴി രോഗികൾക്ക് ലഭ്യമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home