ad
Deshabhimani

print edition ജയം തുടരാൻ ബ്ലാസ്‌റ്റേഴ്‌സ്‌: ഇന്ന്‌ നോർത്ത്‌ ഇ‍ൗസ്‌റ്റിനോട്‌

Kerala Blasters.jpg

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ |Kerala Blasters www.facebook.com/photo

വെബ് ഡെസ്ക്

Published on Apr 15, 2026, 12:01 AM | 1 min read

കൊച്ചി: വിഷു സന്ധ്യയിൽ വിജയത്തിലേക്ക്‌ പന്ത്‌ തട്ടാൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌. ഐഎസ്‌എൽ ഫുട്‌ബോളിൽ ഇന്ന്‌ നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയുമായാണ്‌ കളി. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി 7.30ന്‌ പന്തുരുളും.

സീസണിൽ ആദ്യ ജയം നേടിയതിന്റെ ആഹ്ലാദത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ബംഗളൂരു എഫ്‌സിയെ അവരുടെ മടയിൽ 2–1ന്‌ തോൽപ്പിച്ചാണ്‌ നാട്ടിലേക്ക്‌ മടങ്ങിയത്‌. പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ട് ഗോളും. പുതിയ പരിശീലകൻ ആഷ്‌ലി വെസ്‌റ്റ്‌വുഡ്‌ പരിശീലക സ്ഥാനം ഏറ്റെടുത്തശേഷമുള്ള രണ്ടാമത്തെ കളിയായിരുന്നു. വിദേശ താരങ്ങളായ വിക്ടർ ബെർതെമ്യുവും ദിവസങ്ങൾക്ക്‌ മുന്പ്‌ മാത്രം ടീമിനൊപ്പം ചേർന്ന ഫ്രാഞ്ചുവുമാണ്‌ ഗോളടിച്ചത്‌.


സീസണിലെ ഏറ്റവും മികച്ച കളിയാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പുറത്തെടുത്തത്‌. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ താളം കണ്ടെത്താനായി. ഗോൾ കീപ്പർ അർഷ്‌ അൻവർ ഷെയ്‌ഖിന്റെ പ്രകടനമായിരുന്നു ശ്രദ്ധേയം. മലയാളി മധ്യനിരക്കാരൻ എബിൻദാസ്‌ യേശുദാസനും മികവ്‌ തുടർന്നു. ബംഗളൂരുവിനെതിരെ രണ്ട്‌ ഗോളിനും അവസരമൊരുക്കിയത്‌ എബിൻദാസായിരുന്നു. കൊച്ചിയിൽ ഇ‍ൗ സീസണിൽ കളിച്ച നാല്‌ കളിയിലും തോൽവിയായിരുന്നു ഫലം. ഇതോടെ ആരാധക പിന്തുണയും കുറഞ്ഞു. കൊച്ചിയിൽ കാണികളുടെ എണ്ണത്തിൽ വലിയ കുറവാണുണ്ടായത്‌. സ്വന്തം തട്ടകത്തിൽ ആദ്യജയമാണ്‌ ഇനി വെസ്‌റ്റ്‌വുഡിന്റെ ലക്ഷ്യം.


എട്ട്‌ കളിയിൽ നാല്‌ പോയിന്റുമായി പതിമൂന്നാംസ്ഥാനത്താണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. ഒരു കളിയും ജയിക്കാത്ത മുഹമ്മദൻസ്‌ മാത്രമാണ്‌ പിന്നിൽ. നോർത്ത്‌ ഇ‍ൗസ്‌റ്റിനും ഒറ്റ ജയമാണ്‌. ഏഴ്‌ കളിയിൽ ആറ്‌ പോയിന്റുമായി പത്താംസ്ഥാനം. ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ ജയിച്ചാൽ നോർത്ത്‌ ഇ‍ൗസ്‌റ്റിനെ മറികടന്ന്‌ പത്താം സ്ഥാനത്തെത്താം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home