ആദ്യ പരീക്ഷണം സൂപ്പർ കപ്പിൽ , ടിയാഗോയും ഒബിയേറ്റയും പുതിയ താരങ്ങൾ , സൂപ്പർ കപ്പിൽ 30ന്‌ രാജസ്ഥാനോട്‌

ബ്ലാസ്‌റ്റേഴ്‌സ്‌ കളത്തിലേക്ക്‌ ; ഗോവയിൽ പരിശീലനം തുടങ്ങി

Kerala Blasters

കേരള ബ്ലാസ്--റ്റേഴ്സിന്റെ അമെയ്‌ റണവാഡെ (നടുവിൽ) സഹതാരങ്ങളായ 
അഡ്രിയാൻ ലൂണയ്--ക്കും ദുസാൻ ലഗോറ്ററിനുമൊപ്പം പരിശീലനത്തിൽ

avatar
സ്‌പോർട്‌സ്‌ ലേഖകൻ

Published on Oct 09, 2025, 12:14 AM | 2 min read


ഫത്തോർദ

ആശങ്കകൾക്കും അനിശ്‌ചിതത്വങ്ങൾക്കുമൊടുവിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ പുതിയ സീസൺ തുടങ്ങുന്നു. ഗോവയിൽ 25ന്‌ തുടങ്ങുന്ന സൂപ്പർ കപ്പിലാണ്‌ പ്രതീക്ഷ. ആദ്യ കളി 30ന്‌. ഡിസംബറിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള ഒരുക്കംകൂടിയാണ്‌. ഡേവിഡ്‌ കറ്റാലയുടെ നേതൃത്വത്തിൽ സംഘം ഗോവയിൽ പരിശീലനം തുടങ്ങി.


സൂപ്പർ കപ്പിൽ മുംബൈ സിറ്റി, ഹൈദരാബാദ്‌ എഫ്‌സി, രാജസ്ഥാൻ യുണൈറ്റഡ്‌ ടീമുകൾക്കൊപ്പമാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. 30ന്‌ രാജസ്ഥാനെ നേരിടും. നവംബർ മൂന്നിന്‌ ഹൈദരാബാദിനെയും ആറിന്‌ മുംബൈയെയും എതിരിടും. ഡേവിഡ്‌ കറ്റാലയെന്ന സ്‌പാനിഷ്‌ പരിശീലകന്‌ കീഴിൽ മികച്ച തുടക്കമാണ്‌ ആഗ്രഹിക്കുന്നത്‌.


ഐഎസ്‌എൽ അനിശ്‌ചിതത്വത്തിലായതോടെ കളിക്കാരുടെ കരാറുകളൊന്നും കൃത്യമായി നടന്നിരുന്നില്ല. സൂപ്പർ കപ്പിന്‌ മുന്നോടിയായി വിദേശ താരങ്ങളെ ക്വോട്ട പൂർത്തീകരിക്കാനാണ്‌ ക്ലബ്ബിന്റെ ശ്രമം. അതിന്റെ ഭാഗമായി മുന്നേറ്റനിരയിലേക്ക്‌ രണ്ട്‌ പ്രധാന താരങ്ങളെയെത്തിച്ചു. പോർച്ചുഗൽ മുന്നേറ്റക്കാരൻ ടിയാഗോ ആൽവേസും സ്‌പാനിഷുകാരൻ കോൾഡോ ഒബിയേറ്റയും.


ക്രിസ്‌റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിൽനിന്ന്‌ വരുന്ന ടിയാഗോ ബ്രസീലിന്റെ വമ്പൻ ക്ലബ്ബായ ബൊട്ടഫോഗോയിൽ കളിച്ചിട്ടുണ്ട്‌. ഏഷ്യയിലെ ഏറ്റവും മികച്ച ലീഗായ ജപ്പാൻ ലീഗിൽ ടോക്യോ വെർഡിക്കാണ്‌ അവസാനമായി കളിച്ചത്‌. സ്‌പോർടിങ്‌ സിപിയുടെ അക്കാദമി താരമായിരുന്നു ഇരുപത്തൊന്പതുകാരൻ.

മുപ്പത്തൊന്നുകാരനായ ഒബിയേറ്റ സ്‌പെയ്‌നിലെ വിവിധ ക്ലബ്ബുകൾക്ക്‌ പന്ത്‌ തട്ടിയാണെത്തുന്നത്‌.


ഹെസ്യൂ‍സ്‌ ഹിമിനെസ്‌, ക്വാമി പെപ്ര, മിലോസ്‌ ഡ്രിൻസിച്ച്‌ എന്നിവർ ക്ലബ്‌ വിട്ടുപോയ സാഹചര്യത്തിൽ വിദേശ താരങ്ങളെ ഇനിയും കൂടാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌. പ്രത്യേകിച്ചും പ്രതിരോധത്തിൽ.


നിലവിൽ പ്രതിരോധത്തിൽ സെന്റർ ബാക്ക്‌ ദുസാൻ ലഗോറ്റാറാണ്‌ ഏക വിദേശ താരം. മധ്യനിരയിൽ ക്യാപ്‌റ്റൻ അഡ്രിയാൻ ലൂണയും മുന്നേറ്റത്തിൽ നോഹ സദൂയിയും. ആകെ അഞ്ച്‌ വിദേശ താരങ്ങളാണ്‌ ടീമിൽ. ഒരു വിദേശ താരം കൂടി ബ്ലാസ്‌റ്റേഴ്‌സ്‌ നിരയിൽ വന്നേക്കും.


അതേസമയം, ഐഎസ്‌എൽ തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ അനിശ്‌ചിതത്വം താരക്കൈമാറ്റത്തിൽ ബ്ലാസ്‌റ്റേഴ്‌സ്‌ ഉൾപ്പെടെ നിരവധി ക്ലബ്ബുകളെ ബാധിച്ചിരുന്നു. നിലവിൽ മോഹൻ ബഗാൻ, ഇ‍ൗസ്‌റ്റ്‌ ബംഗാൾ, എഫ്‌സി ഗോവ ടീമുകൾ മാത്രമാണ്‌ വിദേശ ക്വോട്ട പൂർത്തീകരിച്ചത്‌. ഇന്ത്യൻ താരങ്ങളുടെ കരാറിലും വലിയ മാറ്റങ്ങൾക്ക്‌ സാധ്യതയില്ലെന്നാണ്‌ സൂചന.


ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈ സിറ്റിയിൽനിന്ന്‌ അമെയ്‌ റണവാഡെ, മോഹൻ ബഗാൻ സൂപ്പർ ജയന്റിൽനിന്ന്‌ ഗോൾ കീപ്പർ അർഷ്‌ ഷെയ്‌ഖ്‌ എന്നിവരെ കൊണ്ടുവന്നിരുന്നു. നിലവിൽ ടീമിലുണ്ടായിരുന്നു ഇഷാൻ പണ്ഡിത, ബ്രൈസ്‌ മിറാൻഡ എന്നിവർ വിട്ടു. ഗോവയിലുള്ള പരിശീലനത്തിൽ മിക്കവാറും കളിക്കാരെല്ലാം എത്തിയിട്ടുണ്ട്‌. ഇന്ത്യൻ ടീമിന്റെയും അണ്ടർ 23 ടീമിന്റെയും ഭാഗമായുള്ള കളിക്കാർ ചേർന്നിട്ടില്ല. കഴിഞ്ഞ സീസണിൽ എട്ടാമതായിരുന്നു ടീം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home