print edition ‘കണ്ണൂർ മാജിക്’

തൃശൂർ കോർപറേഷൻ സ്--റ്റേഡിയത്തിൽ തൃശൂർ മാജിക് എഫ്സിക്കെതിരെ വിജയഗോൾ നേടിയ കണ്ണൂർ വാരിയേഴ്സിന്റെ അസെയർ ഗോമസിന്റെ (നടുവിൽ) ആഹ്ലാദം
കെ എ നിധിൻനാഥ്
Published on Dec 03, 2025, 03:57 AM | 1 min read
തൃശൂർ
സൂപ്പർ ലീഗ് കേരള ഫുട്‌ബോളിൽ സെമി പ്രതീക്ഷ നിലനിർത്തി കണ്ണൂർ വാരിയേഴ്സ് എഫ്സി. നിർണായക മത്സരത്തിൽ ആതിഥേയരായ തൃശൂർ മാജിക് എഫ്‌സിയെ രണ്ട് ഗോളിന് മറകടന്നു. 42–ാം മിനിറ്റിൽ സ്‌പാനിഷ് താരം അസെയർ ഗോമസും പരിക്ക്‌സമയത്ത് എബിൻദാസ് യേശുദാസുമാണ് ഗോളടിച്ചത്. ജയത്തോടെ 13 പോയിന്റുമായി കണ്ണൂർ മൂന്നാമതെത്തി.
ശേഷിക്കുന്ന രണ്ട് മത്സരങ്ങളും കണ്ണൂരിന് നിർണായകമാണ്. ഇന്ന് തിരുവനന്തപുരം - കാലിക്കറ്റിനെയും നാളെ മലപ്പുറം - കൊച്ചിയെയും നേരിടും. ഈ മത്സരങ്ങളിൽ തിരുവനന്തപുരമോ മലപ്പുറമോ തോറ്റാൽ കണ്ണൂർ സെമിയിലെത്തും. കാലിക്കറ്റും തൃശൂരും നേരത്തെ സെമി ഉറപ്പിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ മുന്നോട്ട് പോകാൻ വിജയം അനിവാര്യമായിരുന്ന കണ്ണൂർ തുടക്കം മുതൽ പൊരുതിക്കളിച്ചു. പ്രതിരോധത്തിൽ ഊന്നിയ തൃശൂരിന്റെ ഗോൾമുഖം ലക്ഷ്യമിട്ട് നിരന്തരം ശ്രമങ്ങൾ നടത്തി. 17ാം മിനിറ്റിൽ സുവർണാവസരം നഷ്ടമാക്കി. പലപ്പോഴും ഹെഡറുകളും ലോങ്റേഞ്ചുകളും ചെറിയ വ്യത്യാസത്തിൽ ഗോളിൽ നിന്ന് അകന്ന് നിന്നു. ഇടവേളക്ക് പിരിയുംമുമ്പ് ലീഡ് നേടി. ആ ഗോളിൽ അവസാന നിമിഷംവരെ പിടിച്ചുനിൽക്കാൻ കണ്ണൂരിനായി. ഒടുവിൽ പരിക്ക്‌സമയത്ത് വിജയമുറപ്പിച്ചു. നേരത്തെ സെമിയിലെത്തിയ തൃശൂർ മാജിക് എഫ്സി പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ഏഴു മാറ്റവുമായാണ് ഇറങ്ങിയത്.
സെമി തൃശൂരും കോഴിക്കോട്ടും
സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ സെമിഫൈനൽ വേദികളായി. ഞായറാഴ്‌ച തൃശൂർ കോർപറേഷൻ സ്‌റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം. തൃശൂർ മാജിക് എഫ്‌സി പട്ടികയിൽ മൂന്നാമതെത്തുന്ന ടീമിനെ നേരിടും. രണ്ടാം സെമി പത്തിന് കോഴിക്കോട് കോർപറേഷൻ ഇ എം എസ് സ്‌റ്റേഡിയത്തിൽ നടക്കും.
ഒന്നാമതായി ആദ്യഘട്ടം പൂർത്തിയാക്കിയ നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി നാലാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. 14ന് കോഴിക്കോട്ടാണ് ഫൈനൽ. നാളെ അവസാന റൗണ്ട് മത്സരം കഴിഞ്ഞാലുടൻ സെമി ചിത്രം വ്യക്തമാകും.









0 comments