ad
Deshabhimani

print edition ഐഎസ്‌എല്ലും ഐഎഫ്‌എല്ലും പ്രതിസന്ധിയിൽ; വട്ടം കറങ്ങി ഇന്ത്യൻ ലീഗ്‌

ISL

റാഞ്ചിയിൽ നടന്ന ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ സ്--പോർട്ടിങ് ഡൽഹിക്കെതിരായ മത്സരത്തിനിടെ പ്ലക്കാർഡുമായി ജംഷഡ്പുർ എഫ്സി ആരാധകർ| Photo:X

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 2 min read

ജംഷഡ്പുർ : ഐഎസ്‌എൽ ഫുട്ബോൾ പുതിയ സീസൺ ആരംഭിക്കാൻ ഇനി ആഴ്‌ചകൾ മാത്രം. ക്ലബുകൾ നേരിട്ടുനടത്തുന്ന പുതിയ സീസണിന്‌ സെപ്‌തംബർ നാലിനാണ്‌ തുടക്കം. ഇതുവരെയും എത്ര ക്ലബുകൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഉറപ്പായിട്ടില്ല. ജംഷഡ്‌പുർ എഫ്‌സിയുടെ പിന്മാറ്റം ഇന്ത്യൻ ഫുട്‌ബോളിനെതന്നെ ഞെട്ടിപ്പിച്ചു. ഇതിനിടെയാണ്‌ ഇന്ത്യൻ ഫുട്‌ബോൾ ലീഗിലും (ഐഎഫ്‌എൽ) ആശങ്കകൾ ഉയർന്നത്‌. പങ്കാളിത്ത തുകയുമായി ബന്ധപ്പെട്ട്‌ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനെതിരെ (എഐഎഫ്‌എഫ്‌) ചൻമാരി എഫ്സി രംഗത്തുവന്നു.

ഐഎസ്‌എൽ ക്ലബ്ബുകളുടെ പങ്കാളിത്ത തുക 1.10 കോടി രൂപയാണ്‌. ഐഎഫ്‌എല്ലിൽ ഇത്‌ 1.23 കോടി രൂപയും. ജംഷഡ്‌പുരിന്റെ പിന്മാറ്റം ഐഎസ്‌എല്ലിന്റെ മുന്നൊരുക്കത്തെ കാര്യമായി ബാധിച്ചുവെന്നാണ്‌ വിലയിരുത്തൽ. ക്ലബിന്റെ സാന്പത്തിക സ്ഥിതിയും ചെലവുകളും തമ്മിൽ ഒത്തുപോകുന്നില്ല. പങ്കാളിത്ത ഫീയുടെ ആദ്യ ഗഡുവായ 55 ലക്ഷം രൂപ ക്ലബ്‌ അടച്ചിരുന്നില്ല. പിന്മാറുകയാണെന്ന്‌ ക്ലബിന്റെ ഉടമകളായ ടാറ്റ ഗ്രൂപ്പ്‌ വ്യക്തമാക്കുകയും ചെയ്‌തു. കളിക്കാരും ആരാധകരും ഉൾപ്പെടെ തീരുമാനം മാറ്റണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്നുണ്ട്‌.


നിലവിലെ സാഹചര്യത്തിൽ മാറ്റങ്ങളുണ്ടായേക്കില്ല. ഏറ്റവും പ്രൊഫഷണൽ മികവിൽ മുന്നോട്ടുപോയിരുന്ന ക്ലബ്ബായിരുന്നു ജംഷഡ്‌പുർ. 2017ലാണ്‌ ആരംഭിച്ചത്‌. 2021–22 സീസണിൽ ജേതാക്കളുമായി. കഴിഞ്ഞ സീസണിൽ സൂപ്പർ കപ്പിന്റെ ഫൈനലിലെത്തി. ഗ്രാസ്‌റൂട്ട്‌ വികസന പരിപാടികളുമായി മുന്നോട്ടുപോകാനാണ്‌ ഇനിയുള്ള പദ്ധതി. ഐഎസ്‌എല്ലിൽനിന്ന്‌ ഒരു ക്ലബ്‌ പിന്മാറുന്നത്‌ ആദ്യമായിട്ടാണ്‌. പുണെ എഫ്‌സി ഹൈദരാബാദ്‌ എഫ്‌സിയായും പിന്നീട്‌ സ്‌പോർടിങ്‌ ഡൽഹിയെന്ന പേരിലും മാറിയിട്ടുണ്ട്‌. ഡൽഹി ഡൈനാമോസ്‌ ഒഡിഷ എഫ്‌സിയുമായി.


എന്നാൽ ഒരു പ്രധാന ക്ലബ്‌ സീനിയർ ടീമിന്റെ മുഴുവൻ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കുന്നത്‌ സമീപകാലത്ത്‌ ഇന്ത്യൻ ഫുട്‌ബോളിനുണ്ടാക്കിയ ഏറ്റവും വലിയ ക്ഷ‍ീണമാണ്‌. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉടമകൾ മുഴുവൻ ഓഹരിയും പുതിയൊരു കൺസോർഷ്യത്തിന്‌ വിറ്റത്‌ ദിവസങ്ങൾക്കുമുന്പാണ്‌. ഐഎസ്‌എല്ലിലേക്ക്‌ സ്ഥാനക്കയറ്റം കിട്ടിയ ഡയമണ്ട്‌ ഹാർബറിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായല്ല നടക്കുന്നത്‌. ഇന്റർ കാശിക്ക്‌ പങ്കാളിത്ത തുക അടയ്‌ക്കാനുള്ള സമയപരിധി നീട്ടിനൽകുകയായിരുന്നു. സിറ്റി ഫുട്‌ബോൾ ഗ്രൂപ്പ്‌ മുംബൈ സിറ്റി എ-ഫ്‌സിയുമായി വഴിപിരിഞ്ഞു. ഒഡിഷ എ-ഫ്‌സി, ചെന്നൈയിൻ എഫ്‌സി ടീമുകളും പ്രതിസന്ധിയിലാണ്‌.


ഐഎസ്‌എൽ ക്ലബുകൾക്ക്‌ ഓരോ വർഷവും 25–30 കോടി രൂപ നഷ്ടം സംഭവിക്കുന്നതായാണ്‌ കണക്ക്‌. ഓരോ മത്സരത്തിനുമുള്ള മൂല്യം 1.68 കോടി രൂപയുണ്ടായിരുന്നത്‌ കഴിഞ്ഞ സീസണിൽ 9.5 ലക്ഷത്തിലേക്കാണ്‌ കൂപ്പുകുത്തിയത്‌. ഐഎഫ്‌എല്ലിൽ പങ്കാളിത്ത തുക വർധിപ്പിച്ചതാണ്‌ ക്ലബുകളെ വലച്ചത്‌. കഴിഞ്ഞ സീസണിൽ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് പങ്കാളിത്തംപോലും അനിശ്‌ചിതത്വത്തിലായ മിസോറാം ക്ലബ്‌ ചൻമാരി എഫ്‌സി ഇക്കുറി ഫെഡറേഷനെ ആശങ്ക അറിയിച്ചുകഴിഞ്ഞു. പങ്കാളിത്ത തുക കുറയ്‌ക്കണമെന്നാണ്‌ ആവശ്യം.


ആദ്യ ഗഡുവായ 20 ലക്ഷം രൂപ ഇ‍ൗ മാസം 15ന്‌ മുന്പ്‌ അടക്കണം. കഴിഞ്ഞ സീസണിൽ അഞ്ചാമതായിരുന്നു ചൻമാരി. ഐഎസ്‌എല്ലിൽനിന്ന്‌ തരംതാഴ്‌ത്തപ്പെട്ട മുഹമ്മദൻസ്‌ യോഗത്തിന്‌ എത്തിയതുമില്ല. ഒക്‌ടോബർ 16നാണ്‌ ഐഎഫ്‌എൽ സീസണിന്‌ തുടക്കം.

1960 മുതൽ നിരവധി ക്ലബുകളാണ്‌ ഇന്ത്യയിൽ അടച്ചുപൂട്ടിയത്‌. ലീഡേഴ്‌സ്‌ ക്ലബ്‌, ജെസിടി, മഫത്‌ലാൽ മഹീന്ദ്ര യുണൈറ്റഡ്‌, സാൽഗോക്കർ തുടങ്ങി ജംഷഡ്‌പുർ വരെ എത്തിനിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home