print edition ഐഎസ്‌എൽ ഫുട്ബോൾ പ്രതിസന്ധി ; വീണ്ടും ചർച്ച

ന്യൂഡൽഹി
പുതിയ സീസൺ തുടങ്ങുന്നതിലെ അനിശ്‌ചിതത്വം തുടരുന്നതിനിടെ ഐഎസ്‌എൽ ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഇന്ന് വീണ്ടും ചർച്ച. അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്) നേരിട്ടു നടത്താൻ ഉദ്ദേശിക്കുന്ന ലീഗിൽ കളിക്കാൻ ക്ലബുകൾ ഇതുവരെ പൂർണ സമ്മതം നൽകിയിട്ടില്ല. സാന്പത്തിക കാര്യങ്ങളിൽ തർക്കം നിലനിൽക്കുകയാണ്. അതേസമയം, സ്‌പോൺസർമാരില്ലാത്തതിനാൽ ലീഗ് നടത്താനുള്ള സാന്പത്തിക സ്ഥിതി ഫെഡറേഷനില്ലെന്നാണ് സൂചന. ഇൗ വിഷയങ്ങളിലാണ് ഇന്ന് ചർച്ച. ഫെബ്രുവരി അഞ്ചിനാണ് ഇടക്കാല ലീഗ് നടത്താൻ ഉദ്ദേശിക്കുന്നത്.
ഫെബ്രുവരിയിൽ തുടങ്ങി മേയിൽ അവസാനിക്കുന്ന രീതിയിലാണ് ലീഗ്. ക്ലബുകളുടെ പങ്കാളിത്ത ഫീയാണ് ഫെഡറേഷൻ മുന്നിൽക്കണ്ടത്. ഇത് നൽകാനാവില്ലെന്നാണ് ക്ലബുകളുടെ നിലപാട്. ചെലവ് കുറയ്‌ക്കാൻ കേന്ദ്ര കായിക മന്ത്രാലയത്തിന്റെ സഹായവും ക്ലബുകൾ തേടിയിരുന്നു. നിലവിൽ 25.9 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഫെഡറേഷനുള്ളത്. കഴിഞ്ഞ ജൂൺ മുതലുള്ള കണക്കാണിത്. മുഖ്യ സ്‌പോൺസറായ ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലെപ്‌മെന്റ് ലിമിറ്റഡ് (എഫ്‌എസ്‌ഡിഎൽ) നൽകുന്ന അന്പത് കോടി രൂപയായിരുന്നു ഒരു വർഷം ഫെഡറേഷന്റെ മുഖ്യ വരുമാനം. കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് 15 വർഷത്തെ കരാർ അവസാനിച്ചത്. പുതിയ സ്‌പോൺസറെ കണ്ടെത്താനുള്ള നീക്കങ്ങൾ എവിടെയുമെത്തിയതുമില്ല. കരാർപ്രകാരം ഓരോ മൂന്ന് മാസത്തിലും 12.5 കോടി രൂപ വീതമായിരുന്നു നൽകിയിരുന്നത്. ഇൗ സാഹചര്യത്തിൽ ലീഗ് തുടങ്ങാനുള്ള സാധ്യതയും മങ്ങുകയാണ്.
കഴിഞ്ഞ സീസണുകളിൽ ക്ലബുകൾ ഏകദേശം 12 മുതൽ 16 കോടി രൂപവരെയാണ് പങ്കാളിത്ത ഫീ നൽകിയിരുന്നത്. ഇക്കുറി അതുമുണ്ടാകില്ല. ഇന്ന് നടക്കുന്ന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന. വിദേശ കളിക്കാർ കൂടൊഴിയുന്നതും സാഹചര്യങ്ങൾ സങ്കീർണമാക്കുന്നുണ്ട്.










0 comments