ad
Deshabhimani

print edition ‘മുന്നോട്ടുപോക്ക്‌ അസാധ്യം’ ; ച‍ൗബെയ്‌ക്ക്‌ മുന്നിൽ ഐഎസ്‌എൽ ക്ലബുകൾ

isl club protest
വെബ് ഡെസ്ക്

Published on Dec 06, 2025, 03:57 AM | 1 min read


ന്യൂഡൽഹി

ഐഎസ്‌എൽ ഫുട്‌ബോൾ നടത്തിപ്പുകാരായ ഫുട്‌ബോൾ സ്‌പോർട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡുമായുള്ള (എഫ്‌എസ്‌ഡിഎൽ) കരാർ നാളെ അവസാനിക്കാനിരിക്കെ ഉത്തരമില്ലാതെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌). പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ 12 ക്ലബുകൾ ഫെഡറേഷൻ പ്രസിഡന്റ്‌ കല്യാൺ ച‍ൗബെയ്‌ക്ക്‌ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. ഇ‍ൗ നിലയിൽ മുന്നോട്ടുപോക്ക്‌ അസാധ്യമെന്ന്‌ ക്ലബുകൾ അറിയിച്ചു. അതേസമയം, കത്ത്‌ കായിക മന്ത്രാലയത്തിന്‌ കൈമാറിയെന്നായിരുന്നു ഫെഡറേഷന്റെ മറുപടി.


കേരള ബ്ലാസ്‌റ്റേഴ്‌സ്‌, എഫ്‌സി ഗോവ, സ്‌പോർടിങ്‌ ക്ലബ്‌ ഡൽഹി, നോർത്ത്‌ ഇ‍ൗസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സി‍, ജംഷഡ്‌പുർ എഫ്‌സി, ബംഗളൂരു എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌, ചെന്നൈയിൻ എഫ്‌സി, മുംബൈ സിറ്റി, പഞ്ചാബ്‌ എഫ-്‌സി, ഒഡിഷ എ-ഫ്‌സി, മുഹമ്മദൻസ്‌, ഇന്റർ കാശി ടീമുകളാണ്‌ സംയുക്ത നീക്കം നടത്തിയത്‌. ഇ‍ൗസ്‌റ്റ്‌ ബംഗാൾ വിട്ടുനിന്നു.


ഭൂരിഭാഗം ക്ലബ്ബുകളും കളിക്കാർക്കും മറ്റംഗങ്ങൾക്കും ശന്പളം നൽകുന്നുണ്ട്‌. കരാർ കുടിശികയും തീർത്തു. പരസ്‌പര വിശ്വാസത്തോടെയാണ്‌ മുന്നോട്ടുപോകുന്നത്‌. എന്നാൽ പുതിയ സാഹചര്യത്തിൽ ഇ‍ൗ നിലയിൽ പോകുക അസാധ്യമാണ്‌. കഴിഞ്ഞ 11 വർഷമായി ഇന്ത്യയിൽ ഫുട്‌ബോൾ വികസനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്‌. സാന്പത്തിക നഷ്ടത്തിനിടയിലും പിടിച്ചുനിന്നു. എന്നാൽ മുഖ്യ സ്‌പോൺസർഷിപ്പ്‌ നിലച്ചതോടെ കാര്യങ്ങൾ അവതാളത്തിലായി.


അനിശ്‌ചിതത്വം കാരണം സ്‌പോൺസർമാർ പിന്മാറുകയോ ഇടപാടുകൾ റദ്ദാക്കുകയോ ചെയ്യുകയാണ്‌. ഇതോടെ ഒരു വരുമാനവുമല്ലാത്ത അവസ്ഥയായി– ക്ലബ്‌ വൃത്തങ്ങൾ പറഞ്ഞു.


രണ്ട്‌ ദിവസം മുന്പ്‌ കായികമന്ത്രി മൻസുഖ്‌ മാണ്ഡവ്യയുമായി നടത്തിയ ചർച്ചയിലും ഫലമുണ്ടായില്ല. ഇ‍ൗ മാസം 20ന്‌ എഐഫ്‌എഫിന്റെ വാർഷിക ജനറൽ ബോഡി യോഗമാണ്‌. പുതിയ സ്‌പോൺസറെ കണ്ടെത്തുക എന്നതായിരിക്കും മുഖ്യ ചർച്ചാ വിഷയം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home