ad
Deshabhimani

print edition ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ്; ജയം വരുമോ

Hormipam and Mohammed Ajsal (

കേരള ബ്ലാസ്--റ്റേഴ്സ് താരങ്ങളായ ഹോർമിപാമും 
മുഹമ്മദ് അജ്സലും (വലത്ത്) പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Mar 21, 2026, 02:49 AM | 1 min read

കൊച്ചി: നിരാശ മാറ്റി സന്തോഷം പടർത്താൻ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ ഒരുങ്ങുന്നു. ഐഎസ്‌എൽ ഫുട്‌ബോളിൽ ആദ്യ ജയം ലക്ഷ്യമിട്ട്‌ ഇന്ന്‌ സ്വന്തംതട്ടകത്തിൽ പഞ്ചാബ്‌ എഫ്‌സിയെ നേരിടും. കൊച്ചി ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ രാത്രി ഏഴരയ്‌ക്കാണ്‌ പോരാട്ടം.


ഇ‍ൗ സീസണിൽ ദയനീയ പ്രകടനമാണ്‌ മഞ്ഞപ്പടയുടേത്‌. അഞ്ച്‌ കളിയിൽ നാലിലും തോറ്റു. ഒരു സമനിലയും. ഒറ്റ പോയിന്റുമായി 13–ാം സ്ഥാനത്താണ്‌. തുടർച്ചയായി നാല്‌ തോൽവിക്കുശേഷം അവസാന മത്സരത്തിൽ ഇ‍ൗസ്റ്റ്‌ ബംഗാളിനെ കൊൽക്കത്തയിൽ സമനിലയിൽ കുരുക്കിയത്‌ മാത്രമാണ്‌ ആശ്വാസം.


കൊച്ചിയിൽ ഇത്‌ നാലാം കളിക്കാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ ഇറങ്ങുന്നത്‌. മൂന്നിലും തോൽവിയായിരുന്നു. മുന്നേറ്റനിര ഉണരാത്തതാണ്‌ ഡേവിഡ്‌ കറ്റാല പരിശീലിപ്പിക്കുന്ന സംഘത്തിന്റെ തലവേദന. അഞ്ച്‌ കളിയിൽ രണ്ട്‌ ഗോൾ മാത്രമാണ്‌ നേടാനായത്‌. ഏഴെണ്ണം വഴങ്ങി. ആക്രമണനിരയ്‌ക്ക്‌ ഒട്ടും മൂർച്ചയില്ല. വിദേശതാരങ്ങൾക്കും കാര്യമായ ചലനമുണ്ടാക്കാനാകുന്നില്ല. ഇതുവരെയും ഒരുമയോടെ പന്തുതട്ടാൻ ടീമിനായിട്ടില്ല.


നിലവിലെ പ്രകടനത്തിൽ തൃപ്‌തനല്ലെന്നും വിജയത്തിനായി കഠിനമായി ശ്രമിക്കുമെന്നും പരിശീലകൻ കറ്റാല പറഞ്ഞു. അവസാന കളിയിൽ ഇ‍ൗസ്റ്റ്‌ ബംഗാളിനെതിരെ മലയാളി യുവതാരം മുഹമ്മദ്‌ അജ്‌സൽ ഗോൾ നേടിയത്‌ ടീമിന് ആശ്വാസമാണ്‌. മുന്നേറ്റത്തിൽ ഇരുപത്തിരണ്ടുകാരൻ ആദ്യനിരയിലുണ്ടാകും.


പഞ്ചാബ്‌ നാല്‌ കളിയിൽ അഞ്ച്‌ പോയിന്റുമായി പത്താമതാണ്‌. ഗോൾവേട്ടക്കാരിലെ കരുത്തൻ നൈജീരിയൻ താരം എൻസുൻഗുസി ഇഫിയോങ്‌ സസ്‌പെൻഷനിലായത്‌ തിരിച്ചടിയാണ്‌. നാല്‌ ഗോളുണ്ട്‌ ഇ‍ൗ മുന്നേറ്റക്കാരന്‌. അവസാന കളിയിൽ എഫ്‌സി ഗോവയ്‌ക്കെതിരെ ചുവപ്പ്‌ കാർഡ്‌ കണ്ടതാണ്‌ തിരിച്ചടിയായത്‌.


മലയാളി താരങ്ങളായ മുഹമ്മദ്‌ സുഹൈൽ, മുഹമ്മദ്‌ ഉവൈസ്‌, ബിജോയ്‌ വർഗീസ്‌, ലിയോൺ അഗസ്റ്റിൻ എന്നിവർ ടീമിലുണ്ട്‌.


മുമ്പ്‌ നാല്‌ തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകൾക്കും രണ്ട്‌ വീതം ജയമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home