തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് അപകടം; 3 മരണം

കുന്നംകുളത്ത് നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്ന് വയസ്സുകാരനും മരിച്ചു
തൃശൂർ: കുന്നംകുളം–ഗുരുവായൂർ പാതയിൽ ആർത്താറ്റിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികളും മൂന്ന് വയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂർ പഞ്ചവടി താഴത്ത് വീട്ടിൽ മുനീർ (35), ഭാര്യ സഫ്ന (25), മകൻ യമിൽ ഐബക്ക് (3) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. വിവാഹച്ചടങ്ങിൽ പങ്കെടുത്ത് കുന്നംകുളം ഭാഗത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുടുംബം ഫോണിൽ സംസാരിക്കാനായി റോഡരികിൽ ബൈക്ക് നിർത്തിയപ്പോഴാണ് അതേ ദിശയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചതെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലുണ്ടായിരുന്നവർ ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. ഇടിച്ച ബൈക്ക് സമീപത്തെ കെഎസ്ഇബി ട്രാൻസ്ഫോമറിലും ഇടിച്ചു. അപകടത്തിൽ കാറിനും ബൈക്കിനും സാരമായ കേടുപാടുകൾ സംഭവിച്ചു. വൈദ്യുതി കമ്പി പൊട്ടിവീണത് രക്ഷാപ്രവർത്തനത്തിനും തടസ്സമായി.
പരുക്കേറ്റവരെ ഉടൻ സ്വകാര്യ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്ന യുവാക്കൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായി വിവരം. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
കഴിഞ്ഞ ദിവസം തൃശൂർ കൈപമംഗലത്ത് തമിഴ്നാട് സ്വദേശികളായ 8 എൻജിനിയറിങ് വിദ്യാർത്ഥികൾ റോഡപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടും വാഹനാപകടമുണ്ടായത്.








0 comments