ഇറാൻ ലോകകപ്പിനെത്തും; ആതിഥേയ രാജ്യങ്ങൾക്ക് മുന്നിൽ പത്ത് നിബന്ധനകൾ

ഇറാൻ ഫുട്ബോൾ ടീം | Photo Credit: REUTERS/ Rula Rouhana/ File
തെഹ്‌റാൻ : യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ ആരംഭിച്ച യുദ്ധം തുടരുകയാണ്. പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നതിനിടെ ഫുട്ബോൾ ലോകകപ്പിൽ പങ്കെടുക്കുമെന്ന് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ (എഫ്എഫ്ഐആർഐ) അറിയിച്ചു. രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കിടയിലും ലോകകപ്പിൽ പങ്കെടുക്കുന്നതിന് പത്ത് നിബന്ധനകൾ ഇറാൻ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇത്തവണത്തെ ഫിഫ ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ ഈ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു.
ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളിൽ ഇറാന്റെ പങ്കാളിത്തം സംബന്ധിച്ച് നേരത്തെ ആശങ്കകൾ നിലനിന്നിരുന്നു. ഇറാന്റെ സൈനിക വിഭാഗമായ ഐആർജിസിയെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചതും തുടർന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ മേധാവിക്ക് പ്രവേശനാനുമതി നിഷേധിച്ചതും തർക്കങ്ങൾ രൂക്ഷമാകാൻ കാരണമായി.
"ഞങ്ങളുടെ വിശ്വാസങ്ങളിൽ നിന്നോ സംസ്കാരത്തിൽ നിന്നോ പിന്നോട്ട് പോകാതെ തന്നെ ലോകകപ്പിൽ പങ്കെടുക്കും. എന്നാൽ ആതിഥേയർ ഞങ്ങളുടെ ആശങ്കകകളും നിബന്ധനകളും പരിഗണിക്കേണ്ടതുണ്ട്." എഫ്എഫ്ഐആർഐ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കി.
യാത്രക്കാർക്ക് തടസസ്സമില്ലാതെ വിസ അനുവദിക്കുക, ദേശീയ ടീം സ്റ്റാഫ്, പതാക, ദേശീയഗാനം എന്നിവയോട് പൂർണ്ണമായ ആദരവ് കാണിക്കുക എന്നിവയാണ് നിബന്ധനകളിൽ പ്രധാനം. വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, സ്റ്റേഡിയങ്ങൾ എന്നിവിടങ്ങളിൽ ടീമിന് സമ്പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും നിബന്ധനയിൽ പറയുന്നു.
ഇറാൻ ഫുട്ബോൾ ടീമിനോടുള്ള സമീപനത്തിലടക്കം പാലിക്കേണ്ട നിബന്ധകളാണ് എഫ്എഫ്ഐആർഐ പ്രസിഡന്റ് മെഹ്ദി താജ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാന്റെ പുതിയ നിലപാടുകളോട് ഫിഫയും ആതിഥേയ രാജ്യങ്ങളും എങ്ങനെ പ്രതികരിക്കുമെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.









0 comments