ad
Deshabhimani

print edition 48 ടീമുകൾ, 1248 കളിക്കാർ

FB

ഗിൽബെർട്ടോ മോറ-പ്രായം കുറഞ്ഞ താരം (ഇടത്) ക്രെയ്‌ഗ്‌ ഗൊഡൺ-പ്രായം കൂടിയ താരം (വലത്)

വെബ് ഡെസ്ക്

Published on Jun 04, 2026, 02:16 AM | 2 min read

മെക്‌സിക്കോ സിറ്റി : ലോകകപ്പിൽ പന്ത്‌ തട്ടാൻ 1248 കളിക്കാർ. 48 ടീമുകളും അന്തിമ ടീം പ്രഖ്യാപിച്ചു. പത്ത്‌വരെ സന്നാഹ മത്സരങ്ങളുണ്ട്‌. 11ന്‌ കിക്കോഫ്‌. സ്‌പെയ്‌ൻ, ബ്രസീൽ, ജർമനി, പോർച്ചുഗൽ, ഫ്രാൻസ്‌, അർജന്റീന, ഇംഗ്ലണ്ട്‌ ടീമുകൾ അവസാന സന്നാഹ മത്സരങ്ങൾക്കായി ഇറങ്ങുകയാണ്‌. ലോകകപ്പിൽ ആകെ 104 മത്സരങ്ങളാണുള്ളത്‌. അർജന്റീന ക്യാപ്‌റ്റൻ ലയണൽ മെസി‍, പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ, മെക്‌സിക്കോ ഗോൾകീപ്പർ ഗില്ലെർമോ ഒച്ചോവ എന്നിവർക്ക്‌ ആറാം ലോകകപ്പാണ്‌. 357 കളിക്കാർ ഒരു തവണയെങ്കിലും ലോകകപ്പിൽ കളിച്ചവരാണ്‌. 22 പേർ ലോകകപ്പ്‌ ജേതാക്കളായി എത്തുന്നു. ഇതിൽ 17 പേർ നിലവിലെ ജേതാക്കളായ അർജന്റീന ടീമിന്റെ ഭാഗമാണ്‌. 2018ലെ ജേതാക്കളായ ഫ്രഞ്ച്‌ ടീമിലെ കിലിയൻ എംബാപ്പെ ഉൾപ്പെടെയുള്ള കളിക്കാരും ഉൾപ്പെടും.


സ്‌കോട്‌ലൻഡിന്റെ ക്രെയ്‌ഗ്‌ ഗൊഡനാണ്‌ പ്രായം കൂടിയ താരം. 43 വർഷവും 162 ദിവസവുമാണ്‌ ഗോൾകീപ്പറുടെ പ്രായം. ഗൊഡൺ ഉൾപ്പെടെ 40 വയസിന്‌ മുകളിൽ ഏഴ്‌ കളിക്കാർ ഇ‍ൗ ലോകകപ്പിൽ കളിക്കും. ക്രിസ്‌റ്റ്യാനോ റൊണാൾഡോ (41), ഒച്ചോവ (40), ലൂക്കാ മോഡ്രിച്ച്‌ (ക്രൊയേഷ്യ, 40), എഡിൻ സെക്കോ (ബോസ്‌നിയ ആൻഡ്‌ ഹെർസെഗൊവിന, 40), മാനുവൽ നോയെ (ജർമനി, 40), വൊസീന്യ (കേപ്‌ വെർദെ, 40) എന്നിവരാണ്‌ മറ്റ്‌ പ്രായം കൂടിയ താരങ്ങൾ.


മെക്‌സിക്കോയുടെ ഗിൽബെർട്ടോ മോറയാണ്‌ പ്രായം കുറഞ്ഞ താരം. 17 വർഷവും 240 ദിവസവുമാണ്‌ പ്രായം. ഇരുപത്‌ വയസിന്‌ താഴെയുള്ള 22 കളിക്കാർ ഇക്കുറിയുണ്ട്‌. സ്‌പാനിഷ്‌ താരങ്ങളായ ലമീൻ യമാൽ, പ‍ൗ കുബാർസി, ബ്രസീലിന്റെ എൻഡ്രിക്‌, ഫ്രാൻസിന്റെ വാറെൻ സയ്‌റെ–എമെറി എന്നിവർ ഇ‍ൗ പട്ടികയിൽ ഉൾപ്പെടും. 891 പേർ ലോകകപ്പിൽ അരങ്ങേറും. കേപ്‌ വെർദെയും കുറസാവോയും ജോർദാനും ഉസ്‌ബെക്കിസ്ഥാനുമാണ്‌ അരങ്ങേറ്റ രാജ്യങ്ങൾ.


എഴുപത്തൊന്ന്‌ രാജ്യങ്ങളിലെ 449 ക്ലബുകളിൽനിന്നുള്ള കളിക്കാരാണ്‌ ലോകകപ്പിനെത്തുന്നത്‌. ഖത്തറും സ‍ൗദി അറേബ്യയും സ്വന്തം ലീഗിലെ കളിക്കാരെ മാത്രമാണ്‌ തെരഞ്ഞെടുത്തത്‌. ഉറുഗ്വേ, കേപ്‌ വെർദെ, കോംഗോ, ഐവറി കോസ്‌റ്റ്‌, കുറസാവോ, സെനെഗൽ ടീമുകളിലെ മുഴുവൻ കളിക്കാരും വിദേശ ലീഗിൽ കളിക്കുന്നവരാണ്‌. ഇംഗ്ലീഷ്‌ ക്ലബ്‌ മാഞ്ചസ്‌റ്റർ സിറ്റിയിൽനിന്നാണ്‌ കൂടുതൽ കളിക്കാർ–19 പേർ. ജർമൻ ക്ലബ്‌ ബയേൺ മ്യൂണിക്കിൽനിന്ന്‌ 18 പേരുണ്ട്‌. ചാന്പ്യൻസ്‌ ലീഗ്‌ ജേതാക്കളായ പിഎസ്‌ജിയിൽനിന്നും ഇംഗ്ലീഷ്‌ ചാന്പ്യൻമാരായ അഴ്‌സണലിൽനിന്നും 16 കളിക്കാരുണ്ട്‌. സ്‌പാനിഷ്‌ ക്ലബ്‌ ബാഴ്‌സലോണയിൽനിന്ന്‌ 15 പേരാണ്‌ ലോകകപ്പിൽ കളിക്കുക.


സ‍ൗദി ക്ലബ്‌ അൽ ഹിലാലിൽനിന്ന്‌ 12 പേരുണ്ട്‌. പരിശീലകരിൽ ഘാന കോച്ച്‌ കാർലോസ്‌ ക്വിറോസ്‌ തുടർച്ചയായ അഞ്ചാം ലോകകപ്പിനാണ്‌ എത്തുന്നത്‌. പോർച്ചുഗലിനൊപ്പം 2010ലായിരുന്നു ആദ്യം. തുടർന്ന്‌ ഇറാനെ മൂന്ന്‌ ലോകകപ്പുകളിൽ പോർച്ചഗലുകാരൻ നയിച്ചു. 48 ടീമുകളും 26 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ ഇനി മാറ്റങ്ങൾ വരുത്താനാകില്ല.ഗുരുതര പരിക്ക്‌, അസുഖം എന്നിവയുണ്ടെങ്കിൽ ടീമിന്റെ ആദ്യ മത്സരത്തിന്‌ 24 മണിക്കൂറിന്‌ മുന്പ്‌ ആ കളിക്കാരനെ ഒഴിവാക്കി പകരക്കാരനെ ഉൾപ്പെടുത്താം.

​ലോകകപ്പ് പ്രത്യേകതകൾ


പ്രായം കൂടിയ താരം: 
ക്രെയ്‌ഗ്‌ ഗൊഡൺ (സ്‌കോട്‌ലൻഡ്‌, 
43 വർഷം 126 ദിവസം പ്രായം)

പ്രായം കുറഞ്ഞ താരം: 
ഗിൽബെർട്ടോ മോറ 
(മെക്‌സിക്കോ, 17 വർഷം 240 ദിവസം)

നാൽപ്പത്‌ വയസിന്‌ മുകളിലുള്ള ഏഴ്‌ കളിക്കാർ

20 വയസിന്‌ താഴെയുള്ള 
22 കളിക്കാർ

ലോകകപ്പ്‌ ജേതാക്കൾ: 22

ഒരു ലോകകപ്പെങ്കിലും 
കളിച്ചവർ: 357

ആദ്യ ലോകകപ്പിനെത്തുന്നവർ: 891

മാഞ്ചസ്‌റ്റർ സിറ്റി ക്ലബിൽനിന്ന് 
കൂടുതൽ കളിക്കാർ –19.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home