പൊലീസിൽ നിന്ന് പടിയിറക്കം: പിറന്നാൾ ദിനത്തിൽ ഐ എം വിജയന് യാത്രയയപ്പ്

മലപ്പുറം : കാൽപന്ത് കളിയിലെ മികവിൽ 18 ാം വയസിൽ അതിഥി താരമായി പൊലീസിൽ എത്തിയ ഐ എം വിജയൻ 38 വർഷത്തെ സർവ്വീസിന് ശേഷം കാക്കിക്കുപ്പായം അഴിച്ചു. അമ്പത്താറാം പിറന്നാൾ ദിവസമാണ് വിരമിക്കലിനായി തെരഞ്ഞെടുത്തത്. ഐ എം വിജയന് പൊലീസ് സേന ഔദ്യോഗിക യാത്രയയപ്പ് നൽകി. മലപ്പുറത്ത് എംഎസ്‌പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച താരം പടിയിറങ്ങുന്നത്.
ഇന്ന് രാവിലെ നടന്ന ഫെയർവെൽ പരേഡിൽ സേനാംഗങ്ങളിൽനിന്ന് സല്യൂട്ട് സ്വീകരിച്ചതോടെ വി പി സത്യനും യു ഷറഫലിയും സി വി പാപ്പച്ചനും കെ ടി ചാക്കോയും കുരികേശ് മാത്യുവും പി പി തോബിയാസും അടക്കമുള്ള കേരള പൊലീസ് ഫുട്‌ബോൾ ടീമിലെ സുവർണ നിരയിലെ അവസാന കണ്ണിയും പടിയിറങ്ങി. 30നാണ് വിജയന്റെ സർവീസ് കാലാവധി പൂർത്തിയാവുക.
ചിത്രം: കെ ഷെമീർ
തന്റെ ജീവിതം അത്ഭുതകരമായി മാറ്റിമറിച്ച കേരള പൊലീസിന്റെ കുപ്പായമാണ് ഐ എം വിജയൻ അഴിച്ചുവയ്‌ക്കുന്നത്. 1969 എപ്രിൽ 25ന് തൃശൂർ കോലോത്തുംപാടം അയനിവളപ്പിൽ മണിയുടെയും കൊച്ചമ്മുവിന്റെയും മകനായാണ് വിജയന്റെ ജനനം. 1986ൽ കേരള പൊലീസിൽ അതിഥി താരമായി. 1987ൽ പതിനെട്ട് വയസ്സ് പൂർത്തിയായപ്പോൾ പൊലീസ് കോൺസ്‌റ്റബിളായി ജോലിയിൽ പ്രവേശിച്ചു.
1991ൽ പൊലീസ് വിട്ട് കൊൽക്കത്ത മോഹൻബഗാനിലേക്ക് കളിക്കാൻ പോയി. 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബഗാൻ, ഈസ്‌റ്റ് ബംഗാൾ, ജെസിടി മിൽസ് ഫഗ്‌വാര, എഫ്‌സി കൊച്ചിൻ, ചർച്ചിൽ ബ്രദേഴ്‌സ് ക്ലബ്ബുകളിൽ കളിച്ചു.
ചിത്രം: കെ ഷെമീർ
1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ഫുട്‌ബോൾ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു. 2000–-2004 കാലത്ത് ഇന്ത്യൻ നായക കുപ്പായവും അണിഞ്ഞു. 88 കളിയിൽ 39 ഗോളുകളും നേടി. 2006ൽ കൊൽക്കത്ത ഈസ്റ്റ് ബംഗാളിൽനിന്ന് ഇറങ്ങിയതോടെ പ്രൊഫഷണൽ ഫുട്‌ബോളിൽനിന്ന് വിടവാങ്ങി. എഎസ്‌ഐ ആയാണ് തിരികെ പൊലീസിൽ പ്രവേശിക്കുന്നത്. 2021ൽ എംഎസ്‌പി അസി. കമാൻഡന്റ് ആയി. 2002ൽ രാജ്യം അർജുന പുരസ്കാരവും 2025ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.
യാത്രയയപ്പ് ചടങ്ങ് എംഎസ്‌പി കമാൻഡന്റ് എ എസ് രാജു ഉദ്‌ഘാടനം ചെയ്‌തു. എംഎസ്‌പി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ അസി. കമാൻഡന്റ് പി ഹബീബുറഹ്മാൻ അധ്യക്ഷനായി. സിനിമതാരം അബു സലിം, പൊലീസ് ഉദ്യോഗസ്ഥരായ കുഞ്ഞുമോൻ, കെ പി ഗണേശൻ, പി ബാബു, കെ എം റിജേഷ് എന്നിവർ സംസാരിച്ചു. ഐ എം വിജയൻ മറുപടി പ്രസംഗം നടത്തി. അസി. കമാൻഡന്റ് കെ രാജേഷ് സ്വാഗതവും അനീശൻ നന്ദിയും പറഞ്ഞു.









0 comments