ഫിഫ ലോകകപ്പ് 2026; മെക്സിക്കൻ ഫുട്ബോളിന്റെ കളി തൊട്ടിലായ പച്ചൂക്കയുടെ ചരിത്രവും പാരമ്പര്യവും

പച്ചൂക്ക ഫുട്ബോൾ മ്യൂസിയം | Photo Credit: AP
മെക്സിക്കോ സിറ്റി: വരാനിരിക്കുന്ന ഫിഫ ലോകകപ്പിന് അമേരിക്കയോടും കാനഡയോടുമൊപ്പം ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന മെക്സിക്കോ, തങ്ങളുടെ സമ്പന്നമായ ഫുട്ബോൾ സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്.
വടക്കേ അമേരിക്കയിലുടനീളം ഫുട്ബോൾ ജനപ്രീതി നേടിക്കൊണ്ടിരിക്കുകയാണെങ്കിലും, മെക്സിക്കോയിൽ പണ്ടേ ഇതിന് ഒന്നാം സ്ഥാനമാണുള്ളത്. ചരിത്രത്തിലാദ്യമായി മൂന്ന് പുരുഷ ലോകകപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യമെന്ന ബഹുമതിയും ഇതോടെ മെക്സിക്കോയ്ക്ക് സ്വന്തമാകും.
ആധുനിക മെക്സിക്കൻ ഫുട്ബോളിന്റെ ചരിത്ര വേരുകൾ തേടിപ്പോയാൽ ചെന്നെത്തുക ലോകകപ്പ് വേദികളായ ഗ്വാഡലഹാരയിലോ മെക്സിക്കോ സിറ്റിയിലോ അല്ല; മറിച്ച് പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഖനിത്തൊഴിലാളികൾ ഫുട്ബോൾ ജ്വരം പടർത്തിയ മിനറൽ ഡെൽ മോണ്ടെ എന്ന മലയോര നഗരത്തിലാണ്.
ബ്രിട്ടനിലെ കോൺവാളിൽ നിന്നെത്തിയ തൊഴിലാളികൾ തങ്ങളുടെ വിശ്രമവേളകളിൽ കളിച്ചുതുടങ്ങിയ കളിയിൽ പിന്നീട് പ്രാദേശിക മെക്സിക്കൻ നിവാസികളും പങ്കാളികളാവുകയായിരുന്നു. വംശീയ-വർഗ്ഗ വ്യത്യാസങ്ങൾ ഇല്ലാതാക്കി ജനങ്ങളെ ഒന്നിപ്പിക്കാൻ ഈ കായിക വിനോദം സഹായിച്ചുവെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു.
ഈ പാരമ്പര്യത്തിന്റെ തുടർച്ചയായി 1892-ൽ ബ്രിട്ടീഷ് എഞ്ചിനീയർമാരും തൊഴിലാളികളും ചേർന്ന് സ്ഥാപിച്ച 'പച്ചൂക്ക ഫുട്ബോൾ ക്ലബ്ബ്' ആണ് മെക്സിക്കോയിൽ സംഘടിത ഫുട്ബോളിന് അടിത്തറയിട്ടത്. ഇതോടെ പച്ചൂക്ക നഗരത്തിന് "ഫുട്ബോളിന്റെ തൊട്ടിൽ" എന്ന പേര് ലഭിച്ചു.
കാലക്രമേണ രാജ്യത്തുടനീളം കളി പടർന്നുപിടിക്കുകയും 1950-ഓടെ പൂർണ്ണമായും മെക്സിക്കൻ കളിക്കാരെ മാത്രം ഉൾപ്പെടുത്തിക്കൊണ്ട് ക്ലബ്ബ് പ്രൊഫഷണൽ ലീഗിന്റെ ഭാഗമാവുകയും ചെയ്തു.
തുടക്കകാലത്തെ തിരിച്ചടികൾക്ക് ശേഷം 1998 മുതൽ പച്ചൂക്ക ക്ലബ്ബിന്റെ സുവർണ്ണകാലം ആരംഭിച്ചു. നിലവിലെ മെക്സിക്കൻ ദേശീയ ടീം കോച്ച് ഹാവിയർ അഗൈറെയുടെ കീഴിൽ 1999 ൽ അവർ ആദ്യ ലീഗ് കിരീടം സ്വന്തമാക്കി. പിന്നീട് ആറ് ലീഗ് കിരീടങ്ങൾ കൂടി നേടിയ അവർ, തെക്കേ അമേരിക്കയിലെ പ്രശസ്തമായ 'കോപ്പ സുഡാമേരിക്കാന' നേടുന്ന ഏക മെക്സിക്കൻ ടീമായി മാറി.
ഫുട്ബോളിന് പുറമെ കോൺവാൾ തൊഴിലാളികൾ ഈ നാടിന് നൽകിയ 'കോർണിഷ് പാസ്റ്റി' എന്ന പലഹാരവും മെക്സിക്കൻ രുചികളുമായി ലയിച്ച് ഇവിടുത്തെ സംസ്കാരത്തിന്റെ ഭാഗമായി ഇന്നും നിലനിൽക്കുന്നു.










0 comments