ഹാരിസ് റഹ്‌മാന് പന്തുകളിച്ച് യാത്രയയപ്പ്

റെയിൽവേസിൽനിന്ന് വിരമിച്ച മുൻ ഗോളി ഹാരിസ് റഹ്മാൻ പാലക്കാട് റെയിൽവേ മൈതാനിയിൽ നടന്ന സൗഹൃദഫുട്ബോൾ മത്സരത്തിൽ പന്ത് പിടിക്കുന്നു /ഫോട്ടോ: ശരത് കൽപ്പാത്തി
ടി എസ് അഖിൽ
Published on May 31, 2025, 03:15 AM | 1 min read
പാലക്കാട്
റെയിൽവേയിൽനിന്ന് വിരമിച്ച ഇന്ത്യൻ ഗോൾകീപ്പറായിരുന്ന ഹാരിസ് റഹ്‌മാന് സുഹൃത്തുക്കൾ പന്തുകളിച്ച് യാത്രയയപ്പ് നൽകി. പാലക്കാട് ഒലവക്കോട് റെയിൽവേ കോളനി മൈതാനമായിരുന്നു വേദി. ഗോൾപോസ്റ്റിനുമുന്നിൽ നിൽക്കുമ്പോൾ കോഴിക്കോട്ടുകാരൻ വികാരഭരിതനായിരുന്നു. 36 വർഷത്തെ റെയിൽവേ ജീവിതത്തിനുശേഷം ചീഫ് ടിക്കറ്റ് ഇൻസ്‌പെക്‌ടറായാണ് വിരമിച്ചത്. വിഖ്യാത ഫുട്‌ബോൾ കളിക്കാരൻ ഒളിമ്പ്യൻ റഹ്‌മാന്റെ മകനാണ്.
കേരളത്തിന്റെ ജൂനിയർ, സീനിയർ ടീമിലും ഗോൾകീപ്പറായിരുന്നു. 12 വർഷം റെയിൽവേസിനായി കളിച്ചു. ഇന്ത്യൻ യൂത്ത് ടീമിൽ ഇറ്റലിക്കെതിരായ മത്സരം മറക്കാനാവാത്തതാണെന്ന് ഹാരിസ് പറഞ്ഞു. ഇന്ത്യൻ സീനിയർ ടീമിലും രണ്ടു മത്സരത്തിൽ വലകാത്തു.
ദക്ഷിണ റെയിൽവേ ഇലവനും കേരള ഇലവനും തമ്മിലുള്ള സൗഹൃദ മത്സരം കേരള ജൂനിയർ ടീം മുൻ കോച്ച് സി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കേരള വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടി ഷാനി, ഹരിയാന അത്‌ലീറ്റ് ചാവി ഷരാവത്ത് എന്നിവർ മുഖ്യാതിഥികളായി. റെയിൽവേ ഇലവനായി മുൻ ക്യാപ്റ്റൻ സുരേഷ് ബാബു, വിക്ടർ, ഇസ്മയിൽ, മിൽട്ടൺ, ഫ്രാൻസിസ് എന്നിവർ കളിച്ചു. കേരള ഇലവനായി മുൻ സന്തോഷ് ട്രോഫി താരം രാജീവ്, നിസാർ അഹമ്മദ്, രാജേഷ്, പുഷ്പരാജ് എന്നിവരും ഇറങ്ങി. മത്സരത്തിൽ റെയിൽവേ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചു. തുടർന്ന് യാത്രയയപ്പ് സമ്മേളനം നടന്നു.








0 comments