ad
Deshabhimani

print edition ദയനീയ തോൽവി;
ഗോകുലം 
കിരീടപ്പോരിനില്ല

gokulam

ഗോകുലത്തിനെതിരെ ലക്ഷ്യംകണ്ട ഡയമണ്ട് ഹാർബർ 
ക്യാപ്റ്റനും മലയാളി താരവുമായ ജോബി ജസ്റ്റിൻ

വെബ് ഡെസ്ക്

Published on Apr 19, 2026, 12:41 AM | 1 min read

കൊൽക്കത്ത: ഇന്ത്യൻ ഫുട്ബോൾ ലീഗിലെ കിരീടപ്പോരാട്ടത്തിൽനിന്നും ഗോകുലം കേരള എഫ് സി പുറത്തായി. ബംഗാളി ക്ലബ്ബായ ഡയമണ്ട്‌ ഹാർബർ എഫ്‌സിയോട്‌ 2–5ന്‌ തോറ്റു. തുടർച്ചയായ മൂന്നാം തോൽവിയോടെ ആദ്യ ആറ്‌ ടീമുകൾ ഉൾപ്പെടുന്ന ‘സൂപ്പർ സിക്‌സി’ലെത്താനായില്ല. ഒമ്പത്‌ കളിയിൽ രണ്ട്‌ വീതം ജയവും സമനിലയും അഞ്ച്‌ തോൽവിയുമാണ്‌. എട്ട്‌ പോയിന്റുമായി എട്ടാമതായി. 10 ടീമുകളിൽ അവസാന നാല്‌ സ്ഥാനത്തുള്ളവർ തരംതാഴ്‌ത്തൽ ഒഴിവാക്കാൻ ഏറ്റുമുട്ടും. അവസാനസ്ഥാനത്തായാൽ രണ്ടാം ഡിവിഷനിലേക്ക്‌ പിന്തള്ളപ്പെടും.


തുടർച്ചയായി രണ്ടുതവണ ജേതാക്കളായ ഗോകുലം സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ്‌ ഇത്തവണ നടത്തിയത്‌. ഡയമണ്ട്‌ ഹാർബറിനെതിരെ ഒന്നാം പകുതിയിൽ കിട്ടിയ അവസരങ്ങൾ മുതലാക്കാനായില്ല. പ്രതിരോധക്കാരൻ അമിനോ ബ‍ൗബ 17--–ാം മിനിറ്റിൽ ലീഡ്‌ നേടിയിട്ടും ഫലമുണ്ടായില്ല. 31–ാം മിനിറ്റിൽ ലൂക്ക മജ്‌സെൻ ഹാർബറിനായി സമനില നേടി.


രണ്ടാം പകുതിയിൽ തുടരെ മൂന്ന്‌ ഗോളടിച്ചതോടെ ഗോകുലം തകർന്നു. ഹ്യൂഗോ ഡയസ് റോഡ്രിഗസ് ഇരട്ടഗോൾ നേടി. മലയാളി താരവും ക്യാപ്റ്റനുമായ ജോബി ജസ്റ്റിനും ഡയമണ്ട് ഹാർബറിനായി ലക്ഷ്യംകണ്ടു. ക്യാപ്‌റ്റൻ രാഹുൽ രാജുവിന്റെ ഹെഡ്ഡർ ലീഡ്‌ കുറച്ചത്‌ മാത്രമാണ്‌ ഗോകുലത്തിന് ആശ്വാസം.


ഡയമണ്ട്‌ ഹാർബർ ഒമ്പത്‌ കളിയിൽ 22 പോയിന്റുമായി ഒന്നാമതാണ്‌. ഷില്ലോങ് ലജോങ് 17 പോയിന്റുമായി രണ്ടാമതുണ്ട്‌. ശ്രീനിധി ഡെക്കാൺ(15), രാജസ്ഥാൻ എഫ്‌സി (14) ചൻമാരി എഫ്‌സി(11), ഡെമ്പോ സ്‌പോർട്‌സ്‌ ക്ലബ്ബ്‌(9) എന്നീ ടീമുകളാണ്‌ ആദ്യ ആറ്‌ സ്ഥാനങ്ങളിൽ. ഐസ്വാൾ എഫ്‌സി(9), നാംധാരി എഫ്‌സി(7), റിയൽ കശ്‌മീർ(5) എന്നിവയാണ്‌ ഗോകുലത്തിനൊപ്പം അവസാന നാല്‌ സ്ഥാനങ്ങളിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home