Deshabhimani

ഇന്ത്യൻ ഫുട്ബോൾ ലീഗ്

ക്രിസ്‌ലന്റെ ഗോളിൽ ഗോകുലം കേരള എഫ്‌സിക്ക് തുടർച്ചയായ രണ്ടാം ജയം; പോയിന്റ് പട്ടികയിൽ ഒന്നാമത്

Gokulam Kerala FC
വെബ് ഡെസ്ക്

Published on Nov 07, 2026, 10:15 PM | 1 min read

ജയ്പൂർ : ഇന്ത്യൻ ഫുട്ബോൾ ലീഗ് 2026–27 സീസണിലെ ആദ്യ എവേ മത്സരത്തിൽ രാജസ്ഥാൻ യുണൈറ്റഡ് എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തി ഗോകുലം കേരള എഫ്‌സി. ജയ്പൂരിലെ വിദ്യാധർ നഗർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 68-ാം മിനിറ്റിൽ ക്രിസ്‌ലൻ ഡ സിൽവ നേടിയ ഗോളാണ് ഗോകുലത്തിന് വിജയം സമ്മാനിച്ചത്. തുടർച്ചയായ രണ്ടാം ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗോകുലം ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.


ആക്രമണത്തിന് മുൻതൂക്കം നൽകിയാണ് ഇരുടീമുകളും മത്സരം ആരംഭിച്ചത്. അഞ്ചാം മിനിറ്റിൽ വിക്ടർ ഡ സിൽവയുടെ ഷോട്ട് രാജസ്ഥാൻ ഗോൾകീപ്പർ അമൃത് ഗോപെ തടഞ്ഞു. ക്രിസ്‌ലനും ദൂരത്തുനിന്നുള്ള ഷോട്ടിലൂടെ രാജസ്ഥാൻ പ്രതിരോധത്തിന് ഭീഷണിയുയർത്തി.


ആദ്യ പകുതിയുടെ അവസാന ഘട്ടങ്ങളിൽ ഗോകുലം കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. മകൻ ചോത്തെ, ക്രിസ്‌ലൻ, ലാൽറംസംഗ എന്നിവരുടെ ശ്രമങ്ങൾ ഗോളിനരികിലെത്തിയെങ്കിലും ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.


68-ാം മിനിറ്റിലാണ് മത്സരത്തിലെ നിർണായക ഗോൾ പിറന്നത്. സാർത്ഥക് ഗോലുയി നൽകിയ ലോങ് ബോൾ സ്വീകരിച്ച ക്രിസ്‌ലൻ, മുന്നോട്ടുവന്ന ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ ഗോകുലം 1-0ന് മുന്നിലെത്തി.


78-ാം മിനിറ്റിൽ ക്രിസ്‌ലൻ ഗോളിലേക്ക് കുതിക്കുന്നതിനിടെ ഫൗൾ ചെയ്ത രാജസ്ഥാൻ താരം നോവിൻ ഗുരുങ്ങിന് റഫറി നേരിട്ട് ചുവപ്പ് കാർഡ് നൽകി. ഇതോടെ രാജസ്ഥാൻ പത്ത് പേരായി ചുരുങ്ങി.


സമനില ഗോളിനായി രാജസ്ഥാൻ അവസാന നിമിഷങ്ങളിൽ ശക്തമായി ശ്രമിച്ചെങ്കിലും ഗോകുലം പ്രതിരോധവും ഗോൾകീപ്പർ ഷിബിൻ രാജും ഉറച്ചുനിന്നു. ഷിബിന്റെ നിർണായക സേവുകൾ ഉൾപ്പെടെ മികച്ച പ്രതിരോധ പ്രകടനത്തിലൂടെ ഗോകുലം ലീഡ് നിലനിർത്തി മൂന്ന് പോയിന്റും സ്വന്തമാക്കി.


മത്സരത്തിലെ നിർണായക ഗോൾ നേടിയ ക്രിസ്‌ലൻ ഡ സിൽവയാണ് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയത്.


രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ഗോകുലം കേരള എഫ്‌സി ഇന്ത്യൻ ഫുട്ബോൾ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. നവംബർ 14ന് ദിമാപൂരിൽ നാഗാലാൻഡ് യുണൈറ്റഡ് സ്പോർട്സ് ക്ലബ്ബിനെതിരെയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home