Deshabhimani

യൂറോപ്പിൽ ഡാറ്റാസെൻ്റർ വ്യാപനത്തിനെതിരെ പ്രക്ഷോഭം ശക്തം

ആംസ്റ്റർഡാമിൽ മൈക്രോസോഫ്റ്റ് ഡാറ്റാസെന്റർ നിർമാണകേന്ദ്രത്തിൽ പ്രതിഷേധം; 200 പേരെ കസ്റ്റഡിയിലെടുത്തു

Amsterdam protest
വെബ് ഡെസ്ക്

Published on Nov 07, 2026, 09:50 PM | 2 min read

ആംസ്റ്റർഡാം : എഐ വികസനത്തിന്റെ പേരിൽ വൻകിട സാങ്കേതിക കമ്പനികളുടെ വ്യാപക ഡാറ്റാ സെന്റർ നിർമാണങ്ങൾക്കെതിരെ യൂറോപ്പിൽ പ്രതിഷേധം ശക്തമാകുന്നു. നെതർലൻഡ്‌സിലെ ആംസ്റ്റർഡാമിൽ മൈക്രോസോഫ്റ്റിനായി നിർമിക്കുന്ന ഡാറ്റാ സെന്ററിന്റെ നിർമാണ കേന്ദ്രത്തിലേക്കാണ് വെള്ളിയാഴ്ച പ്രതിഷേധക്കാർ മാർച്ച് ചെയ്തത്. തുടർന്ന് ക്രെയിനിനു മുകളിൽ കയറി ഫ്ലെയറുകൾ തെളിച്ചു. പ്രതിഷേധത്തിനിടെ പൊലീസുമായി ഏറ്റുമുട്ടലുണ്ടായി. 150 മുതൽ 200 വരെ പേരെ കസ്റ്റഡിയിലെടുത്തതായി ഡച്ച് പൊലീസ് അറിയിച്ചു.


എഐ, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകളുടെ വളർച്ചയ്ക്കായി വൻതോതിൽ ഡാറ്റാ സെന്ററുകൾ നിർമിക്കുന്നതിനെതിരായ യൂറോപ്പിലെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ആംസ്റ്റർഡാമിലും പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പരിസ്ഥിതിക്കും ജനജീവിതത്തിനും വൻകിട ഡാറ്റാ സെന്ററുകൾ സൃഷ്ടിക്കുന്ന ആഘാതം, അമിതമായ വൈദ്യുതി-ജല ഉപഭോഗം, പൊതുജനങ്ങളുടെ അഭിപ്രായം പരിഗണിക്കാതെയുള്ള നിർമാണം എന്നിവയാണ് പ്രതിഷേധക്കാർ ഉയർത്തുന്ന പ്രധാന വിഷയങ്ങൾ.


ആംസ്റ്റർഡാമിലെ സ്ലോട്ടർഡൈക് മേഖലയിലാണ് മൈക്രോസോഫ്റ്റിന്റെ ഡാറ്റാ സെന്റർ നിർമാണം നടക്കുന്നത്. പ്രതിഷേധക്കാർ നിർമാണകേന്ദ്രത്തിലേക്ക് അതിക്രമിച്ചു കയറി ക്രെയിനുകളിലും കെട്ടിടത്തിന്റെ മേൽക്കൂരയിലും നിലയുറപ്പിക്കുകയായിരുന്നു. ചിലർ ഫ്ലെയറുകൾ തെളിക്കുകയും ബാനറുകൾ ഉയർത്തുകയും ചെയ്തു. പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാൻ പൊലീസ് ഇടപെട്ടതോടെ സംഘർഷത്തിലേക്ക് വഴിമാറി.


നിർമാണം തടയുകയാണ് ലക്ഷ്യമെന്ന് പ്രതിഷേധസംഘമായ ഗീഫ് ടെഗൻസിലെ (Geef Tegengas) ഒരു അംഗം വ്യക്തമാക്കി. ഇസ്രയേൽ സൈന്യത്തിന് മൈക്രോസോഫ്റ്റ് സാങ്കേതിക സേവനങ്ങൾ നൽകുന്നതിനെതിരെയും പ്രതിഷേധക്കാർ മുദ്രാവാക്യങ്ങൾ ഉയർത്തി.


‘സ്റ്റോപ് ഡേർട്ടി ഡാറ്റാ സെന്റേഴ്സ്’ (Stop Dirty Data Centres) എന്ന പേരിൽ വെള്ളി, ശനി ദിവസങ്ങളിലായി 15 യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അയർലൻഡ്, പോളണ്ട്, ഡെൻമാർക്ക്, ഫിൻലൻഡ്, സ്പെയിൻ, ഇറ്റലി, നെതർലൻഡ്‌സ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിൽ പരിസ്ഥിതി സംഘടനകളും പൗരസമൂഹ കൂട്ടായ്മകളും പ്രതിഷേധത്തിൽ പങ്കുചേരും.


ജർമനിയിലെ ബെർലിനിലും പോളണ്ടിലെ വാർസോയിലും ഡാറ്റാ സെന്ററുകൾക്കെതിരെ പ്രതിഷേധം നടന്നു. ഇറ്റലിയിലെ മിലനിൽ ഒക്ടോബർ 10ന് ആയിരത്തിലധികം പേർ പങ്കെടുത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പുതിയ ഡാറ്റാ സെന്റർ പദ്ധതികൾക്ക് താല്കാലിക വിലക്കേർപ്പെടുത്തണമെന്നും, നിർമാണത്തിന് വ്യക്തമായ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കണമെന്നും, പൊതുജനാഭിപ്രായം തേടാനുള്ള സംവിധാനവും വേണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.


എഐ, ക്ലൗഡ് കമ്പ്യൂട്ടിങ് മേഖലകളുടെ വളർച്ചയോടെ ലോകമെമ്പാടും ഡാറ്റാ സെന്ററുകളുടെ എണ്ണം വർധിക്കുകയാണ്. വലിയ അളവിലുള്ള കംപ്യൂട്ടിങ് ശേഷി ആവശ്യമായതിനാൽ ഇവ പ്രവർത്തിപ്പിക്കാൻ വൻതോതിൽ വൈദ്യുതി വേണം. സെർവറുകൾ തണുപ്പിക്കാൻ വലിയ അളവിൽ വെള്ളവും ഉപയോഗിക്കുന്നുണ്ട്. ഇത് പ്രാദേശികതലത്തിൽ വൈദ്യുതി-ജല ലഭ്യതയെ ബാധിക്കും. മാത്രമല്ല, പരിസ്ഥിതിക്കും ദോഷകരമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എഐ വികസനത്തിൽ അമേരിക്കയോടും ഏഷ്യൻ രാജ്യങ്ങളോടും മത്സരിക്കാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കങ്ങൾക്കിടെയാണ് ജനകീയ പ്രതിഷേധം ശക്തമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home