പരാഗ്വേയിൽ സാന്റിയാഗോ പെനയെ ഇംപീച്ച് ചെയ്തു; പെഡ്രോ അലിയാന പുതിയ പ്രസിഡന്റ്

പരാഗ്വേയുടെ പുതിയ പ്രസിഡന്റായി അധികാരമേറ്റ പെഡ്രോ അലിയാനയ്ക്ക് കോൺഗ്രസ് പ്രസിഡന്റ് ബാസിലിയോ നുനെസ് പ്രസിഡന്റ് പദവി നൽകുന്നു.
അസുൻസിയോൺ : ബാങ്കിങ് മേഖലയിലെ തകർച്ചയും പൊതുപണം ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനും പിന്നാലെ പരാഗ്വേയിൽ പ്രസിഡന്റ് സാന്റിയാഗോ പെനയെ പുറത്താക്കി. രാജ്യത്തെ പ്രമുഖ ഡിജിറ്റൽ ബാങ്കായ ഉവേനോയുടെ തകർച്ചയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സെനറ്റ് ആണ് പെനെയെ ഇംപീച്ച് ചെയ്തത്. ഇതിനു പിന്നാലെ പെനയെ വീട്ടുതടങ്കലിലാക്കി. അധികാരദുർവിനിയോഗവും ഔദ്യോഗിക ചുമതലകളിലെ വീഴ്ചയും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. വൈസ് പ്രസിഡന്റ് പെഡ്രോ അലിയാന പുതിയ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. 1989ൽ ജനാധിപത്യത്തിലേക്ക് മടങ്ങിയെത്തിയതിനുശേഷം ഇംപീച്ച്മെന്റിലൂടെ പുറത്താക്കപ്പെടുന്ന രണ്ടാമത്തെ പരാഗ്വേ പ്രസിഡന്റാണ് പെന.
ബാങ്കിന്റെ തകർച്ചയോടെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഇടപാടുകാർക്കാണ് നിക്ഷേപവും അക്കൗണ്ടുകളും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. ഇതോടെ രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. വെള്ളിയാഴ്ച ചേർന്ന സെനറ്റിൽ പങ്കെടുത്ത 44 അംഗങ്ങളും പെനയെ പുറത്താക്കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 45 അംഗ സെനറ്റിൽ ഒരാൾ ഹാജരായിരുന്നില്ല.
ഇംപീച്ച്മെന്റിലൂടെ പുറത്താക്കിയതിന് പിന്നാലെ പെനയെ വീട്ടുതടങ്കലിലാക്കാൻ പ്രോസിക്യൂട്ടർമാർ ഉത്തരവിടുകയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗത്തിന് മുന്നിൽ ഹാജരാകുന്നതുവരെ വീട്ടിൽ തുടരണമെന്നാണ് നിർദേശം. വിശ്വാസവഞ്ചന കുറ്റം തെളിഞ്ഞാൽ അഞ്ചുവർഷം വരെ തടവും ഗുരുതരമായ സാഹചര്യങ്ങളിൽ പത്തുവർഷം വരെ തടവും ലഭിക്കാം.
പരാഗ്വേയിലെ പ്രമുഖ ഡിജിറ്റൽ വായ്പാ ബാങ്ക് ആയ ഉവേനോ ബാങ്കിനെ രാജ്യത്തെ സെൻട്രൽ ബാങ്ക് ഏറ്റെടുത്തതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി നിയമപരമായ സോൾവൻസി പരിധിക്ക് താഴെയായതിനെത്തുടർന്നായിരുന്നു നടപടി. ഇതോടെ ഏകദേശം 30 ലക്ഷം ഇടപാടുകാർക്ക് അക്കൗണ്ടുകളിലെ പണം പിൻവലിക്കാനോ കാർഡുകൾ ഉപയോഗിക്കാനോ കഴിയാത്ത അവസ്ഥയായി. ആറരക്കോടിയോളം ജനസംഖ്യയുള്ള പരാഗ്വേയിലെ വലിയൊരു വിഭാഗത്തെ ബാധിച്ച പ്രതിസന്ധിയായിരുന്നു ഇത്.
ഇതിനിടെ, രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെയും പെൻഷൻ ഫണ്ടുകളുടെയും പണം ബാങ്കിൽ നിക്ഷേപിച്ചതും വിവാദമായി. ബാങ്കിന്റെ വളർച്ചയ്ക്കായി 80 കോടി ഡോളറിലധികം പൊതുപണം എത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ സംസ്ഥാന പെൻഷൻ ഫണ്ടിന്റെ 35.5 കോടി ഡോളർ നിക്ഷേപവും ഉൾപ്പെടുന്നു. ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നറിഞ്ഞിട്ടും ഇത്രയധികം പൊതുപണം നിക്ഷേപിക്കാൻ സർക്കാർ അനുമതി നൽകിയതെങ്ങനെ എന്ന ചോദ്യമാണ് ഉയരുന്നത്.
ഉവേനോയുടെ മാതൃകമ്പനിയായ ഗ്രൂപ്പോ വാസ്ക്വസിൽ പെനയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. 2025 മാർച്ചിൽ ഓഹരികൾ വിറ്റൊഴിഞ്ഞെങ്കിലും ബാങ്കുമായുള്ള മുൻകാല ബന്ധം രാഷ്ട്രീയ വിവാദമായി മാറി. ബാങ്കിന്റെ മുൻ മേധാവി കാർലോസ് കാർവാലോയെ 2023ൽ സെൻട്രൽ ബാങ്ക് മേധാവിയായി നിയമിച്ചതും വിമർശനങ്ങളിലേക്ക് വഴിവെച്ചു.
പെന സെൻട്രൽ ബാങ്ക് മേധാവിയായി നിയമിച്ചിരുന്ന കാർലോസ് കാർവാലോയെയും അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട്. ബാങ്കിന്റെ നിയന്ത്രണത്തിലും തകർച്ചയിലും അദ്ദേഹത്തിന്റെ പങ്ക് അന്വേഷണവിധേയമാണ്. ഉവേനോയുടെ മുൻ മേധാവിയും ഉടമകളുമടക്കം 27 പേർക്കെതിരെ ഇതിനകം കേസെടുത്തിട്ടുണ്ട്.
പെനയുടെ കാലാവധി 2028 ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് വൈസ് പ്രസിഡന്റ് പെഡ്രോ അലിയാന അധികാരമേറ്റത്. ബാങ്ക് തകർച്ചയിൽ നിക്ഷേപം നഷ്ടപ്പെട്ടവർക്കും അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ടവർക്കും പണം തിരികെ നൽകുമെന്ന് അലിയാന ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ ഉവേനോ തകർച്ചയുമായി ബന്ധപ്പെട്ട് അലിയാനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കത്തിന് പാർലമെന്റിന്റെ പിന്തുണ ലഭിക്കാതിരുന്നതാണ് വൈസ് പ്രസിഡന്റ് പദവിയിൽ തുടരാൻ കാരണം.
ബാങ്ക് തകർച്ചയിൽ പ്രതിഷേധിച്ച് തലസ്ഥാനമായ അസുൻസിയോണിൽ ദിവസങ്ങളായി നിക്ഷേപകരുടെ പ്രതിഷേധം തുടരുകയാണ്. നിക്ഷേപം തിരികെ നൽകണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടപാടുകാർ തെരുവിൽ സമരം ചെയ്യുന്നത്.








0 comments