ദീപങ്ങളില്ല, പടക്കങ്ങളില്ല; ജൈന സ്ഥാനക്‌വാസികൾക്ക് വേറിട്ട ദീപാവലി

കൊച്ചിയിലെ സ്ഥാനക്‌വാസി ജൈനക്ഷേത്രം
കൊച്ചി : ദീപങ്ങൾ തെളിക്കാതെയും പടക്കങ്ങൾ പൊട്ടിക്കാതെയും സമൂഹപ്രാർഥനയിലൂടെ ദീപാവലി ആഘോഷിച്ച് ജൈന സമൂഹത്തിലെ സ്ഥാനക്‌വാസി വിഭാഗം. കൊച്ചി ഗുജറാത്തി റോഡിലെ ശ്വേതാംബർ മൂർത്തിപൂജയ്‌ക്ക് ജൈന ക്ഷേത്രവളപ്പിലുള്ള ‘വിളക്കില്ലായമ്പലം' എന്നറിയപ്പെടുന്ന സ്ഥാനക്‌വാസി ധർമനാഥ് ജി ക്ഷേത്രസമുച്ചയത്തിലാണ് വേറിട്ട ആഘോഷം.
ദീപാവലിദിനത്തിൽ പുതുവസ്ത്രങ്ങളണിഞ്ഞ് ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾ മതഗ്രന്ഥമായ കൽപ്പസൂത്രം പാരായണം ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. വിളക്കുകളിലേക്ക് ആകർഷിക്കപ്പെടുന്ന പ്രാണികൾ ചത്തുപോകാനും പടക്കങ്ങൾ പ്രകൃതിയിലെ ചെറുജീവികൾക്ക് ഹാനിയുണ്ടാക്കാനും സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കണമെന്ന മതതത്വമാണ് ഈ ആചാരത്തിന് പിന്നിലെന്ന് പഴമക്കാർ പറയുന്നു. നിത്യാരാധനയ്ക്കുപോലും ഇവർ വിളക്ക് തെളിക്കാറില്ല. വിഗ്രഹാരാധനയില്ലാത്ത സ്ഥാനക്‌വാസി വിഭാഗക്കാർ വായ തുണികൊണ്ട് മറച്ചാണ് മന്ത്രങ്ങളും ജപങ്ങളുമായി പ്രാർഥിക്കുന്നത്. കൊച്ചിയിലെ ജൈനകുടുംബങ്ങളിൽ നൂറോളം കുടുംബങ്ങൾ സ്ഥാനക്‌വാസി വിഭാഗക്കാരാണ്.








0 comments