യുഎസ് നീതിന്യായ വകുപ്പിൽ വീണ്ടും രാജി; ട്രംപിന്റെ വിശ്വസ്തരായ രണ്ട് പേർ കൂടി പുറത്തേക്ക്

ജോൺ ഐസൻബർഗ്, ജേസൺ റെഡിങ് ക്വിനോൺസ്
വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ തിരിച്ചടിക്കു പിന്നാലെ നീതിന്യായ വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥരുടെ രാജി തുടരുകയാണ്. ഫ്ലോറിഡയിലെ ഫെഡറൽ പ്രോസിക്യൂട്ടർ ജേസൺ റെഡിങ് ക്വിനോൺസും ദേശീയ സുരക്ഷാ വിഭാഗം മേധാവി ജോൺ ഐസൻബർഗുമാണ് വെള്ളിയാഴ്ച രാജിവച്ചത്. സിവിൽ റൈറ്റ്സ് വിഭാഗം മേധാവി ഹർമീത് ധില്ലൻ വ്യാഴാഴ്ച രാജിവച്ചതിന് പിന്നാലെയാണ് രണ്ട് ഉദ്യോഗസ്ഥർ കൂടി പടിയിറങ്ങിയത്. ട്രംപിന്റെ രാഷ്ട്രീയ എതിരാളികൾക്കെതിരായ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഉന്നത ഉദ്യോഗസ്ഥരാണ് പുറത്തുപോയത്.
ട്രംപിനെതിരായ മുൻ അന്വേഷണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് സ്ഥാപിക്കാൻ ലക്ഷ്യമിട്ട 'ഗ്രാൻഡ് കോൺസ്പിറസി' അന്വേഷണത്തിന് നേതൃത്വം നൽകിയത് ക്വിനോൺസ് ആയിരുന്നു. മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെയും ജോ ബൈഡന്റെയും ഭരണകാലത്തെ അന്വേഷണ ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ ഏജൻസി മേധാവികളും ട്രംപിനെതിരെ ഗൂഢാലോചന നടത്തിയെന്നായിരുന്നു ആരോപണം. എന്നാൽ, ഇതുവരെ ഈ കേസിൽ കുറ്റപത്രം സമർപ്പിക്കാനോ ക്രിമിനൽ കുറ്റങ്ങൾ ചുമത്താനോ കഴിഞ്ഞിട്ടില്ല.
അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥർ തുടർച്ചയായി രാജിവച്ചതും നടപടികൾ വൈകിയതുമാണ് കേസിൽ പുരോഗതിയില്ലാതിരുന്നതിന് കാരണം. ഈ അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ജോസഫ് ഡിജെനോവ സെപ്റ്റംബറിൽ രാജിവച്ചിരുന്നു. പിന്നാലെ അന്വേഷണവുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥനായ കർട്ട് ഓൾസണും ചുമതലയിൽനിന്ന് പിന്മാറി.
നീതിന്യായ വകുപ്പിന്റെ ദേശീയ സുരക്ഷാ വിഭാഗം മേധാവിയായിരുന്ന ജോൺ ഐസൻബർഗും വെള്ളിയാഴ്ച രാജിവച്ചു. ചാരവൃത്തി, ഭീകരവാദം, സൈബർ കുറ്റകൃത്യങ്ങൾ, രഹസ്യരേഖകളുടെ ചോർച്ച തുടങ്ങിയ കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണിത്. ട്രംപിന്റെ ആദ്യ ഭരണകാലത്ത് വൈറ്റ് ഹൗസിലെ നിയമോപദേഷ്ടാവായിരുന്നു ഐസൻബർഗ്.
ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതിന് പിന്നാലെയുള്ള നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ രാജി ഇതിനോടകം ശ്രദ്ധനേടിയിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിന്റെ നടപടികൾ, ബിസിനസ് താല്പര്യങ്ങൾ, നീതിന്യായ വകുപ്പിന്റെ പ്രവർത്തനങ്ങളിലെ രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ വിഷയങ്ങളിൽ വിപുലമായ അന്വേഷണം നടത്തുമെന്ന് ഡെമോക്രാറ്റുകൾ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. സിവിൽ റൈറ്റ്സ് വിഭാഗം മേധാവി ഹർമീത് ധില്ലൻ രാജിവച്ചതും ഇടക്കാല തെരഞ്ഞെടുപ്പിന് ശേഷമാണ്. ഹർമീതിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയും മറ്റും വിമർശനങ്ങൾ ഉയർന്നിരുന്നു.








0 comments