വോട്ടവകാശം കവരുന്നതിനെതിരെയുള്ള സമരങ്ങളിൽ കൂടുതൽ ഉയരുന്നത് ചെങ്കൊടി; എം എ ബേബി

പി ജി ജന്മശതാബ്ദി ആഘോഷത്തിൽ 'പി ജി ഇന്ന് ഉണ്ടായിരുന്നെങ്കിൽ' എന്ന വിഷയത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി സംസാരിക്കുന്നു.

സ്വന്തം ലേഖകൻ
Published on Nov 07, 2026, 09:29 PM | 1 min read
മാവേലിക്കര : രാജ്യത്ത് ന്യൂനപക്ഷങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും വോട്ടവകാശങ്ങൾ മോദിസർക്കാർ കവർന്നെടുക്കുകയാണെന്നും അതിനെതിരെയുള്ള സമരങ്ങളിൽ ഏറ്റവും കൂടുതൽ ഉയരുന്നത് ചെങ്കൊടിയാണെന്നും സിപിഐ എം ജനറൽസെക്രട്ടറി എം എ ബേബി. മോദി സേവകരായി പ്രവർത്തിക്കുന്ന കോർപറേറ്റ് മാധ്യമങ്ങൾക്കുപോലും സമരങ്ങളെ തിരസ്കരിക്കാൻ സാധിച്ചില്ല.
ഇന്ത്യയിൽ മാത്രമല്ല ലോകത്തെല്ലായിടത്തും ജനങ്ങളുടെ ജനാധിപത്യവും പൗരാവകാശവും ഇല്ലായ്മ ചെയ്യുമ്പോൾ അതിനെതിരെയുള്ള ഇടതുപക്ഷ പോരാട്ടങ്ങൾക്ക് പിന്തുണ വർധിക്കുകയാണ്. അമേരിക്കയിൽ ഇടക്കാല സെനറ്റ് തെരഞ്ഞെടപ്പിലുൾപ്പടെ സോഷ്യലിസ്റ്റ് ചിന്താഗതിയുള്ളവരുടെ വിജയം ഇതിന് തെളിവാണ്. പുരോഗമന കലസാഹിത്യ സംഘം സംസ്ഥാനകമ്മിറ്റി സംഘടിപ്പിച്ച പിജി ജന്മദിന ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാർടിയും തൊഴിലാളിവർഗ പ്രസ്ഥാനങ്ങളും വളർത്തിയെടുക്കുന്നതിൽ നിർമിതബുദ്ധിയുടെ സാധ്യതകൾ പ്രയോഗിക്കും. ജനങ്ങളുമായുള്ള ആത്മബന്ധം വർധിപ്പിക്കും. അതിലൂടെ കേരളത്തിലുൾപ്പടെ ഇടതുപക്ഷം മുൻപത്തേക്കാൾ കരുത്താർജിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയും സമരവും പഠനവും ഒരുമിച്ചുകൊണ്ടുനടന്നാൽ മാത്രമേ വർഗപോരാട്ടങ്ങൾ ശക്തമാകൂ. അങ്ങനെ ശക്തിപകർന്ന നേതാവാണ് പി ഗോവിന്ദപ്പിള്ള. ഇത്തരം പി ജി മാതൃകകൾ പാർടിയുടെ പ്രവർത്തനങ്ങളിൽ വർധിപ്പിക്കും.
ശാസ്ത്ര സാങ്കേതികവിദ്യയുടെ വളർച്ചയെ സംഘടനയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കും പ്രയോജനമാക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പി ജി. സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ നയം രൂപീകരിച്ച് നടപ്പിലാക്കിയത് അതിന്റെ തെളിവാണ്. മാർക്സിന്റെ അടിസ്ഥാനപരമായ കണ്ടുപിടുത്തങ്ങളും സമീപനങ്ങളും എക്കാലവും തുടർന്ന വ്യക്തിയാണ് പി ജിയെന്നും അദ്ദേഹം പറഞ്ഞു.








0 comments