പോളണ്ടിലെ ക്രാക്കോവിൽ വെടിവെപ്പ്; 5 പേർ കൊല്ലപ്പെട്ടു, 12ലേറെ പേർക്ക് പരിക്ക്

വാഴ്സോ : പോളണ്ടിലെ പ്രമുഖ വിനോദസഞ്ചാര നഗരമായ ക്രാക്കോവിൽ ജനക്കൂട്ടത്തിനു നേരെയുണ്ടായ വെടിവെയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. പന്ത്രണ്ടിലേറെ പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് നഗരത്തിലെ പ്രധാന കേന്ദ്രമായ മെയിൻ മാർക്കറ്റ് സ്ക്വയറിൽ വെടിവെപ്പുണ്ടായത്.
പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരും ഉൾപ്പെടുന്നു. അക്രമിയെ പൊലീസ് വെടിവച്ച് കീഴ്പ്പെടുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
വിനോദസഞ്ചാരികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേർ ഈ സമയത്ത് ചത്വരത്തിലുണ്ടായിരുന്നു. കാറിലെത്തിയ അക്രമി യാതൊരു പ്രകോപനവുമില്ലാതെ ആളുകൾക്കു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. വെടിവയ്പിനെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലീസും, അഗ്നിരക്ഷാസേനയും, അടിയന്തര വൈദ്യസഹായ സംഘവും സ്ഥലത്തെത്തി.
സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ പൊലീസ് അക്രമിയെ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. അക്രമിയുടെ വ്യക്തിവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും അന്വേഷിച്ചുവരികയാണെന്ന് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിൽ കൂടുതൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.








0 comments