print edition ജയഗോകുലം; സീസണിലെ ആദ്യജയം

ഡെമ്പോ ഗോവയ്--ക്കെതിരെ ഗോകുലത്തിനായി ഗോളടിച്ച മോസസ് ലാൽറിൻസുവാലയും (ഇടത്ത്) മിർജാലൽ കാസിമോവും (വലത്ത്) സഹതാരങ്ങൾക്കൊപ്പം ആഘോഷത്തിൽ
മലപ്പുറം: ഇന്ത്യൻ ഫുട്‌ബോൾ ലീഗിൽ ഗോകുലം കേരള എഫ്‌സി ജയം കുറിച്ചു. ഡെമ്പോ സ്‌പോർട്‌സ് ക്ലബ്ബിനെ രണ്ട് ഗോളിന് കീഴടക്കി. നാലാം മത്സരത്തിലാണ് ആദ്യജയം. ഒരു കളി തോറ്റപ്പോൾ രണ്ടെണ്ണം സമനിലയായിരുന്നു. മിസോറംതാരം മോസസ് ലാൽറിൻസുവാലയും ഉസ്‌ബെകിസ്ഥാനിൽനിന്നുള്ള മിർജാലൽ കാസിമോവും ഗോളടിച്ചു. കാസിമോവിന്റെ ഗോൾ പെനൽറ്റിയായിരുന്നു.
നാല് കളിയിൽ അഞ്ച് പോയിന്റുമായി അഞ്ചാംസ്ഥാനത്തേക്ക് കയറാനായി. മുഴുവൻ സമയവും ആക്രമണത്തിന്റെ മുന കൂർപ്പിച്ച ഗോകുലം അർഹതയുള്ള ജയം നേടിയെടുക്കുകയായിരുന്നു. മൂന്ന് വിദേശ താരങ്ങളെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് ഇറങ്ങിയത്. 19–ാം മിനിറ്റിൽ വിദേശ താരം താബിസോയും മോസസും ചേർന്ന് നടത്തിയ അതിവേഗനീക്കമാണ് ആദ്യ ഗോളിന് വഴിതുറന്നത്. ലീഡ് ഉയർത്താൻ ശ്രമിച്ചെങ്കിലും ഗോവൻ പ്രതിരോധം പിടിച്ചുനിന്നു.
രണ്ടാം പകുതിയിലും ആവേശത്തോടെ പന്തുതട്ടിയ ഗോകുലത്തിന് ആദ്യം കിട്ടിയ പെനൽറ്റി മുതലാക്കാനായില്ല. കിക്കെടുത്ത താബിസോക്ക് പിഴച്ചു. എന്നാൽ 83–ാം മിനിറ്റിൽ രണ്ടാമത് കിട്ടിയ പെനൽറ്റി ക്യാപ്റ്റൻ കാസിമോവ് വലയിലെത്തിച്ചു. ഇരു ടീമുകളുടെയും ഗോൾകീപ്പർമാർ കളം നിറഞ്ഞു കളിച്ചു. ഗോകുലം ഗോളി ഷിബിൻ രാജ് ഗോളെന്നുറച്ച ഷോട്ടുകൾ രക്ഷപ്പെടുത്തി. കോഴിക്കോട്ടുകാരനായ ഷിബിൻ രാജാണ് കളിയിലെ താരം. ജന്മദിനത്തിൽ 50–ാം മത്സരത്തിനാണ് മുപ്പത്തിമൂന്നുകാരൻ ഇറങ്ങിയത്. 26ന് ഷില്ലോങ് ലജോങ് എഫ് സിയെ നേരിടും.










0 comments