ad
Deshabhimani

print edition അടിയന്തര യോഗം വിളിച്ച്‌ ഫിഫ; ഇൻഫാന്റിനോ പുറത്തേക്ക്‌

Infantino

ജിയാനി ഇൻഫാന്റിനോ| Photo: GettyImages

വെബ് ഡെസ്ക്

Published on Aug 06, 2026, 01:30 AM | 2 min read

സൂറിച്ച്‌ : കനത്ത എതിർപ്പ്‌ നേരിടുന്ന ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോയ്‌ക്ക്‌ രാജിയല്ലാതെ മറ്റ്‌ വഴികളില്ലെന്ന്‌ സൂചന. ലോകകപ്പ്‌ അടക്കമുള്ള ടൂർണമെന്റുകളുടെ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപത്തിനുള്ള നീക്കം പിൻവലിച്ചെങ്കിലും യൂറോപ്യൻ ഭരണസമിതി യുവേഫ, ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ, വടക്കൻ അമേരിക്കൻ സംഘടനയായ കോൺകാകാഫ്‌ എന്നിവ കർശന നടപടി വേണമെന്ന നിലപാടിലാണ്‌. അധ്യക്ഷനെ മാറ്റാതെ ഒരു വിട്ടുവീഴ്‌ചക്കും അവർ തയ്യാറല്ല.


നിലവിൽ ഫിഫയുമായി യാതൊരു സഹകരണവും വേണ്ടെന്നാണ്‌ തീരുമാനം. ഇത്‌ ലോകകപ്പിനുശേഷമുള്ള ഫുട്‌ബോൾ പ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. എല്ലാ പ്രവർത്തനങ്ങളും ബഹിഷ്‌കരിച്ച്‌ ഇൻഫാന്റിനോയെ സമ്മർദത്തിലാക്കാനാണ്‌ ശ്രമം. ഇ‍ൗ സംയുക്തനീക്കം പ്രസിഡന്റിന്‌ അതിജീവിക്കാനാകുമോയെന്നതാണ്‌ പ്രധാനം. അതിനിടെ മൊറോക്കോ, ഇ‍ൗജിപ്‌ത്‌, നൈജീരിയ അസോസിയേഷനുകൾ അമ്പത്താറുകാരന്‌ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്‌. പോരാട്ടം തുടരാൻ അധ്യക്ഷൻ തീരുമാനിച്ചാൽ 37 അംഗ ഫിഫ ക‍ൗൺസിൽ നിർണായകമാകും. അവിശ്വാസം കൊണ്ടുവന്നാൽ 19 വോട്ട്‌ മതി സ്ഥാനം തെറിപ്പിക്കാൻ. നിലവിൽ ഇ‍ൗ ഭൂരിപക്ഷം ഇൻഫാന്റിനോയ്‌ക്ക്‌ എതിരാണ്‌. കൂടാതെ 211 രാജ്യാന്തര അസോസിയേഷനിൽ അഞ്ചിലൊന്ന്‌ പേർക്ക്‌ പ്രസിഡന്റിനെ പുറത്താക്കാൻ ആവശ്യപ്പെടാം.


​വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രസിഡന്റ്‌ രാജ്യാന്തര ഫുട്‌ബോൾ സമിതിയുടെ ഭാരവാഹി യോഗം വിളിച്ചുചേർത്തു. മൊറോക്കോ റാബത്തിലെ ആഫ്രിക്കൻ ഓഫീസിലായിരുന്നു യോഗം. ലോകകപ്പ്‌ ഉൾപ്പെടെ പ്രധാന ടൂർണമെന്റുകളിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാൻ ശ്രമിച്ച പശ്ചാത്തലവും മറ്റ്‌ കാര്യങ്ങളും ഇൻഫാന്റിനോ വിശദീകരിച്ചു. എന്നാൽ ഫിഫയിലെ ഭാരവാഹികളൊന്നും പ്രസിഡന്റിന്റെ മറുപടിയിൽ തൃപ്തരല്ലെന്നാണ്‌ വിവരം. ഭൂരിഭാഗം പേരും ഇൻഫാന്റിനോയ്‌ക്ക്‌ എതിരാണ്‌. യോഗത്തിൽ കടുത്ത വിമർശനമുയർന്നു.


ഫിഫ സെക്രട്ടറി ജനറൽ മാതിയാസ്‌ ഗ്രാഫ്‌സ്‌റ്റോം, ആഗോള ഫുട്‌ബോൾ വികസന സിമിതി തലവൻ അഴ്‌സെൻ വെംഗർ തുടങ്ങിയവർ യോഗത്തിലുണ്ടായിരുന്നു. ഇരുവരും ഇൻഫാന്റിനോയെ പരസ്യമായി തള്ളിപ്പറഞ്ഞവരാണ്‌. ആരുമായും കൂടിയാലോചിക്കാതെ തന്നിഷ്‌ട പ്രകാരമാണ്‌ ഫിഫ തലവൻ സ്വകാര്യനിക്ഷേപത്തിന്‌ തയ്യാറെടുത്തതെന്നാണ്‌ ഭൂരിപക്ഷ അഭിപ്രായം. കൂടാതെ അടുത്ത വർഷം മാർച്ചിൽ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ പ്രചരണത്തിനായി വരുമാനം കണ്ടെത്താനും വോട്ട്‌ വിലയ്‌ക്ക്‌ വാങ്ങാനും ഇ‍ൗ വഴിവിട്ട കരാറിലൂടെ ശ്രമിച്ചുവെന്ന യൂറോപ്യൻ ഭരണസമിതിയായ യുവേഫയുടെ വക്താക്കൾ തുറന്നടിച്ചു. വൻകര ഫെഡറേഷനുകളിൽ ആഫ്രിക്കയും ലാറ്റിനമേരിക്കയുമൊഴികെ മറ്റെല്ലാം ഇൻഫാന്റിനോയ്‌ക്ക്‌ എതിരാണ്‌.


പ്രസിഡന്റ് വഞ്ചിച്ചു


ഫിഫ പ്രസിഡന്റ്‌ ജിയാനി ഇൻഫാന്റിനോ വഞ്ചിച്ചെന്ന്‌ ജോർദാൻ ഫുട്‌ബോൾ അസോസിയേഷൻ. ഡിസംബറിൽ നടന്ന ഫിഫ അറബ്‌ കപ്പ്‌ ഫുട്‌ബോൾ റണ്ണറപ്പായ ടീമിന്‌ ഇതുവരെയും സമ്മാനത്തുക നൽകിയില്ലെന്നും വാഗ്‌ദാനങ്ങൾ പാലിച്ചില്ലെന്നും അസോസിയേഷൻ പ്രസിഡന്റും മുൻ ഫിഫ വൈസ്‌ പ്രസിഡന്റ്‌ കൂടിയായ അലി ബിൻ ഹുസൈൻ പറഞ്ഞു. ‘കടുത്ത അനീതിയാണ്‌ നേരിട്ടത്‌. ഇൻഫാന്റിനോ സാമ്പത്തിക വാഗ്‌ദാനങ്ങൾ നടത്തിയിരുന്നു. ഇതൊന്നും പാലിക്കപ്പെട്ടില്ല. ലോകകപ്പിന്‌ അമേരിക്കയിൽ പോയതിന്‌ നികുതിയും ഇ‍ൗടാക്കി. ഞങ്ങളുടെ കളിക്കാർക്കും പരിശീലകർക്കും പ്രതിഫലമായി നൽകാനുള്ള തുകയാണിത്‌’– അലി ബിൻ അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home