മൂന്ന്‌ കിരീടം 
നേടിക്കൊടുത്തതിൽ പ്രധാനി , സിറ്റിയിൽ ചേർന്നേക്കും

എൻറിക്വെ പറഞ്ഞു 
ദൊന്നരുമ്മ വേണ്ട ; കോച്ചിന്റെ അപ്രതീക്ഷിത നീക്കം

gianluigi donnarumma

പിഎസ്ജി കോച്ച് ലൂയിസ് എൻറിക്വെയും ഗോൾകീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മയും (ഫയൽ)

വെബ് ഡെസ്ക്

Published on Aug 14, 2025, 03:17 AM | 1 min read


പാരിസ്‌

ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ കിരീടത്തിൽ നിർണായക പങ്ക്‌ വഹിച്ച ഗോൾ കീപ്പർ ജിയാൻല്യൂജി ദൊന്നരുമ്മ പിഎസ്‌ജി ക്ലബ്ബിൽനിന്ന് പുറത്തായി. അപ്രതീക്ഷിതമായിരുന്നു നീക്കം. പരിശീലകൻ ലൂയിസ്‌ എൻറിക്വെയുടേതാണ്‌ തീരുമാനം. യുവേഫ സൂപ്പർ കപ്പിൽ ടോട്ടനം ഹോട്‌സ്‌പറുമായുള്ള കളിയിൽ ദൊന്നരുമ്മയെ എൻറിക്വെ ഒഴിവാക്കുകയായിരുന്നു. പുറത്താക്കിയ നടപടി നിരാശാജനകവും ഹൃദയഭേദകവുമെന്നായിരുന്നു ഇറ്റാലിയൻ ഗോൾ കീപ്പറുടെ പ്രതികരണം.


2021ൽ ഇറ്റാലിയൻ ക്ലബ്‌ എസി മിലാനിൽനിന്നെത്തിയ ദൊന്നരുമ്മ പിഎസ്‌ജിക്കായി 104 മത്സരങ്ങളിലാണ്‌ ഇറങ്ങിയത്‌. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ്‌ ലീഗും ഫ്രഞ്ച്‌ ലീഗും ഉൾപ്പെടെ മൂന്ന്‌ കിരീടങ്ങൾ നേടിയപ്പോൾ ഇരുപത്താറുകാരനായിരുന്നു ശ്രദ്ധേയ പ്രകടനം നടത്തിയത്‌. പ്രത്യേകിച്ച്‌ ചാമ്പ്യൻസ്‌ ലീഗിൽ. തുടർന്ന്‌ ക്ലബ്‌ ലോകകപ്പിൽ ഫൈനൽവരെ മുന്നേറിയതും ദൊന്നരുമ്മയുടെ മികവിലായിരുന്നു. പുതിയ സീസൺ തുടങ്ങാനിരിക്കെയായിരുന്നു എൻറിക്വെ ഞെട്ടിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടത്‌.


‘ദൊന്നരുമ്മ ലോകത്തെ മികച്ച ഗോൾ കീപ്പർമാരിലൊരാളാണ്‌. അതിലുപരി ഒന്നാന്തരം മനുഷ്യനും. പക്ഷേ, ടീം നോക്കുന്നത്‌ മറ്റൊരു തരത്തിലുള്ള ഗോൾ കീപ്പറെയാണ്‌. ഇത്‌ എന്റെ മാത്രം തീരുമാനമാണ്‌. ഞാൻ മാത്രമാണ്‌ ഉത്തരവാദി. ക്ലബ്ബിന്റെ പിന്തുണ എനിക്കുണ്ട്‌’– എൻറിക്വെ പറഞ്ഞു.


യുവതാരങ്ങളായ ലൂകാസ്‌ ഷെവലിയെറും റെനാറ്റോ മാർട്ടിനുമാണ്‌ പിഎസ്‌ജിയുടെ പുതിയ ഗോൾ കീപ്പർമാർ. അതേസമയം, ദൊന്നരുമ്മയുടെ പ്രതികരണം വൈകാരികമായിരുന്നു. ‘ആദ്യദിവസംമുതൽ ക്ലബ്ബിനുവേണ്ടി ഞാൻ സ്വയം സമർപ്പിക്കുകയായിരുന്നു. കളത്തിലും പുറത്തും. പിഎസ്‌ജിയുടെ മികച്ച കാവൽക്കാരനായി. പക്ഷേ, നിർഭാഗ്യവശാൽ ഞാൻ ഇ‍ൗസംഘത്തിന്റെ ഭാഗമാകരുതെന്നും വിജയങ്ങളിൽ പങ്കാളിയാകേണ്ടെന്നും ഒരാൾ തീരുമാനിച്ചിരിക്കുകയാണ്‌. നിരാശയാണ്‌. ഹൃദയം തകർന്നുപോകുന്നു. ഒരുതവണക‍ൂടി കാണികളെ കാണാനും അവരോട്‌ യാത്ര പറയാനും അവസരം കിട്ടുമെന്ന്‌ പ്രതീക്ഷിക്കുന്നു.– ദൊന്നരുമ്മ കുറിച്ചു.


ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്‌റ്റർ സിറ്റി ഇറ്റലിക്കാരനുവേണ്ടി രംഗത്തിറങ്ങിയിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home