ad
Deshabhimani

ക്രൊയേഷ്യ, ഡച്ച്‌ അരികെ

ലോകകപ്പ്‌ ഫുട്‌ബോൾ യോഗ്യത ; ഘാന അഞ്ചാമതും ലോകകപ്പിന്‌

ghana football team
avatar
Sports Desk

Published on Oct 14, 2025, 12:10 AM | 1 min read


അക്ര (ഘാന)

ആഫ്രിക്കൻ കരുത്തരായ ഘാന അഞ്ചാംതവണ ലോകകപ്പ്‌ ഫുട്‌ബോളിന്‌ യോഗ്യത നേടി. യോഗ്യതാ റ‍ൗണ്ടിൽ കോമൊറോസിനെ ഒരുഗോളിന്‌ തോൽപ്പിച്ചാണ്‌ 2010 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിസ്‌റ്റുകൾ കുതിച്ചത്‌. മുഹമ്മദ്‌ കുഡൂസ്‌ വിജയഗോൾ നേടി. ആഫ്രിക്കൻ മേഖലയിൽനിന്ന്‌ യോഗ്യത നേടുന്ന അഞ്ചാമത്തെ രാജ്യമാണ്‌ ഘാന. അൾജീരിയ, മൊറോക്കോ, ടുണീഷ്യ, ഇ‍ൗജിപ്‌ത്‌ ടീമുകൾ ഇതിനകം യോഗ്യത ഉറപ്പാക്കി. ആകെ ഒമ്പത്‌ ടീമുകൾക്കാണ്‌ നേരിട്ട്‌ യോഗ്യത.


യോഗ്യതാ റ‍ൗണ്ടിൽ ഒരുകളി മാത്രമാണ്‌ ഘാന തോറ്റത്‌. എട്ട്‌ ജയമായിരുന്നു. മാലിയോട്‌ 1–4ന്‌ തോറ്റെങ്കിലും മഡഗാസ്‌കർ ഗ്രൂപ്പിൽ രണ്ടാംസ്ഥാനക്കാരായി. യോഗ്യത ഉറപ്പാക്കിയ ഇ‍ൗജിപ്‌ത്‌ ഒരുഗോളിന്‌ ഗിനിയ ബിസാവുവിനെ കീഴടക്കി.


ക്രൊയേഷ്യ, ഡച്ച്‌ അരികെ

ക്രൊയേഷ്യയും നെതർലൻഡ്‌സും യോഗ്യതയ്‌ക്കരികെയെത്തി. ജിബ്രാൾട്ടറിനെ മൂന്ന്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ ക്രൊയേഷ്യ അടുത്തത്‌. ഡച്ച്‌ ഫിൻലൻഡിനെ നാല്‌ ഗോളിന്‌ തകർത്തു. പോളണ്ട്‌, ഡെൻമാർക്ക്‌ ടീമുകളും ജയംകുറിച്ചു.


എൽ ഗ്രൂപ്പിൽ ആറ്‌ കളിയിൽ അഞ്ച്‌ ജയവും ഒരുസമനിലയുമായി ഒന്നാമതാണ്‌ ക്രൊയേഷ്യ. ജിബ്രാൾട്ടറിനെതിരെ ടോണി ഫ്രുക്‌, ലൂക്കാ സോസിച്ച്‌, മാർടിൻ എർലിച്ച്‌ എന്നിവർ ലക്ഷ്യം കണ്ടു. രണ്ടാമതുള്ള ചെക്ക്‌ റിപ്പബ്ലിക്കിനെ ഫറോ ഐലൻഡ്‌സ്‌ 2–1ന്‌ തോൽപ്പിച്ചത്‌ ക്രൊയേഷ്യക്ക്‌ കാര്യങ്ങൾ എളുപ്പമാക്കി. ഇനി രണ്ട്‌ കളിയാണ്‌ ശേഷിക്കുന്നത്‌. ഇതിൽ ഒരെണ്ണം ജയിച്ചാൽ മതി ക്രൊയേഷ്യക്ക്‌.


ഗ്ര‍ൂപ്പ്‌ ജിയിൽ ഫിൻലൻഡിനെതിരെ ഡൊണ്യെൽ മലൻ, വിർജിൽ വാൻഡിക്ക്‌, മെംഫിസ്‌ ഡിപെ, കോഡി ഗാക്പോ എന്നിവർ ഡച്ചിനായി ഗോളടിച്ചു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ പോളണ്ട്‌ രണ്ട്‌ ഗോളിന്‌ ലിത്വാനിയയെ കീഴടക്കി. റോബർട്ട്‌ ലെവൻഡോവ്‌സ്‌കി ലക്ഷ്യം കണ്ടു. ദേശീയ കുപ്പായത്തിൽ 87–ാം ഗോളായി ബാഴ്‌സലോണ മുന്നേറ്റക്കാരന്‌.


നിലവിൽ 16 പോയിന്റുമായി ഡച്ചാണ്‌ ഒന്നാമത്‌. 13 പോയിന്റുള്ള പോളണ്ട്‌ രണ്ടാമത്‌. രണ്ട്‌ കളിയാണ്‌ ശേഷിക്കുന്നത്‌. ഇതിലൊന്ന്‌ ഡച്ചും പോളണ്ടും തമ്മിലാണ്‌. ഗ്രൂപ്പ്‌ സിയിൽ ഡെൻമാർക്ക്‌ 3–1ന്‌ ഗ്രീസിനെയും സ്‌കോട്‌ലൻഡ്‌ 2–1ന്‌ ബെലാറസിനെയും കീഴടക്കി. ഇരു ടീമുകൾക്കും പത്ത്‌ വീതം പോയിന്റാണ്‌. ഗ്രൂ‍പ്പ്‌ എച്ചിൽ ഓസ്‌ട്രിയയെ റുമാനിയ ഒരു ഗോളിന്‌ കീഴടക്കി. ഓസ്‌ട്രിയ ഒന്നാമത്‌ തുടർന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home