print edition ആധിപത്യത്തിന്റെ ജർമൻ വഴി

കുറസാവോയ്‌ക്കെതിരെ ഗോൾ നേടിയ ജർമനിയുടെ നിക്കോ സ്‌ക്ലോട്ടെർബെർക്കിന്റെ ആഹ്ലാദം
ഹൂസ്‌റ്റൺ: കുറസാവോ, ബ്രസീലല്ല. അതിനാൽതന്നെ ലോകകപ്പിൽ കുറസാവോയ്‌ക്കെതിരെ നേടിയ 7–1ന്റെ ജയത്തിൽ ജർമനി മതിമറക്കുന്നില്ല. എങ്കിലും അവസാന രണ്ട് പതിപ്പിൽ നേരിട്ട അപമാനകരമായ തോൽവികളുടെ നീറ്റലിൽ കഴിയുന്ന ജർമനിക്ക് ഇൗ ജയം ആത്മവിശ്വാസം തിരിച്ചെടുക്കാനുള്ള മരുന്നാണ്.
അവസാന രണ്ട് ലോകകപ്പിലും ആദ്യ റൗണ്ടിൽ തോറ്റതോടെ ലോക -ഫുട്‌ബോളിലെ ജർമൻ ആധിപത്യത്തിന് ഇളക്കം തട്ടിയതാണ്. കുറസാവോയ്‌ക്കെതിരെ ഒരു ഘട്ടത്തിൽ സ്‌കോർ 1–1 ആയപ്പോൾ ജർമൻ ആരാധകർ അൽപ്പമൊന്ന് ആശങ്കപ്പെട്ടു. പക്ഷേ, ടീം തിരിച്ചുവന്നു. സർവാധിപത്യത്തിന്റെ സൂചനകൾ കണ്ടു.
ജൂലിയൻ നാഗൽസ്‌മാനെന്ന ചെറുപ്പക്കാരൻ പരിശീലകൻ ടീമിന്റെ മുഖഛായ മാറ്റിയിട്ടുണ്ട്. മനോഹരവും ഒഴുക്കുമുള്ള കളിയുമായിരുന്നു ജർമനിയുടേത്. മുൻനിരയിൽ കയ് ഹവേർട്‌സ്, ഫ്‌ളോറിയാൻ വിറ്റ്‌സ്, ജമാൽ മുസിയാല സഖ്യം പലപ്പോഴും പരസ്‌പരം സ്ഥാനം കൈമാറി മനോഹരമായി പന്തൊഴുക്കി.
ഫുൾബാക്ക് നതാനിയേൽ ബ്രൗൺ ഇടതുവശത്തും വിങ്ങർ ലിറോയ് സാനെ വലതുവശത്തും ആക്രമണത്തിന് പിന്തുണ നൽകി. മധ്യനിരയിൽ ഫെലിക്‌സ് നമെചയ്‌ക്ക് മുന്നേറ്റത്തിലേക്ക് കണ്ണിച്ചേരാനുള്ള സ്വാതന്ത്ര്യം കൂടി കിട്ടിയതോടെ ടീം ഒരേസമയം ആറ് പേരുമായാണ് ആക്രമണം നടത്തിയത്. 21ന് ഐവറികോസ്‌റ്റുമായുള്ള കളിയിൽ ജർമനിയുടെ കരുത്ത് കൃത്യമായി തെളിയും.











0 comments