"ക്ലബ്ബിന്റെ അന്തസ്സ് കാക്കണം"; വനിതാ ലോകകപ്പ് ഫൈനൽ കാണാൻ അംഗങ്ങളോട് അഭ്യർത്ഥിച്ച് എംസിസി

ലണ്ടൺ: ഞായറാഴ്ച ലോർഡ്സിൽ നടക്കുന്ന വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് ലഭിച്ച മുഴുവൻ അംഗങ്ങളും സ്റ്റേഡിയത്തിൽ എത്തണമെന്ന് മെരിലബോൺ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി) ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് ലോസൺ അഭ്യർത്ഥിച്ചു.
ഇംഗ്ലണ്ട് ടീം ഫൈനലിൽ എത്തിയില്ലെങ്കിൽ പോലും അംഗങ്ങൾ കളി കാണാൻ വരണമെന്നും ക്ലബ്ബിന്റെ അന്തസ്സ് നിലനിർത്താൻ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
2017 ലെ നാണംകെട്ട രംഗങ്ങൾ ആവർത്തിക്കരുത്
2017-ലെ വനിതാ ലോകകപ്പ് ഫൈനലിൽ പൊതുജനങ്ങൾ ഇരുന്ന ഗാലറി നിറഞ്ഞു കവിഞ്ഞിട്ടും ക്ലബ്ബ് അംഗങ്ങൾക്കായുള്ള ലോർഡ്സ് പവിലിയൻ ഒഴിഞ്ഞുകിടന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോർഡ്സിൽ പുരുഷാധിപത്യവും ലിംഗവിവേചനവും നിലനിൽക്കുന്നു എന്ന മുൻ റിപ്പോർട്ടുകൾ കൂടി കണക്കിലെടുത്താണ് ഇത്തവണ പവിലിയൻ ശൂന്യമായി കിടക്കാതിരിക്കാൻ ക്ലബ്ബ് അധികൃതർ മുൻകരുതൽ എടുക്കുന്നത്. വരാൻ സാധിക്കാത്തവർ സീറ്റുകൾ ഒഴിഞ്ഞുനൽകണമെന്നും ക്ലബ്ബ് ആവശ്യപ്പെട്ടിട്ടുണ്ട്.
റെക്കോർഡുകൾ തിരുത്തി വനിതാ ലോകകപ്പ്
ഇത്തവണത്തെ വനിതാ ട്വന്റി 20 ലോകകപ്പ് കാണികളുടെ എണ്ണത്തിൽ പുതിയ ചരിത്രം കുറിക്കുകയാണ്. ടൂർണമെന്റിലുടനീളം ഇതുവരെ ഒരു ലക്ഷത്തി അറുപതിനായിരത്തിലധികം ടിക്കറ്റുകൾ വിറ്റുപോയിട്ടുണ്ട്. ഇത് ഐസിസി വനിതാ ടൂർണമെന്റുകളിലെ പുതിയ റെക്കോർഡാണ്.
വനിതാ ക്രിക്കറ്റിനെ കായികരംഗത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യം പൂർണ്ണമായും വിജയിച്ചതായി ടൂർണമെന്റ് ഡയറക്ടർ ബെത്ത് ബാരറ്റ്-വൈൽഡ് വ്യക്തമാക്കി.











0 comments