print edition അന്ന് ഹൃദയം തകര്‍ന്നു; ഇന്ന് ഹൃദയം കവര്‍ന്നു

ടൊറന്റോ: ജർമനിയുടെ സൂപ്പർ സബ് ആണ് ഡെനിസ് ഉന്ദാവ്. ആദ്യ കളിയിൽ കുറസാവോയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി ഒരു ഗോളടിച്ചു. രണ്ടെണ്ണത്തിന് അവസരമൊരുക്കി. ഐവറികോസ്‌റ്റിനോട് പിന്നിട്ടുനിൽക്കുന്ന സമയത്താണ് ഇരട്ടഗോളുമായി ജയമൊരുക്കിയത്.
2002ൽ മിറോസ്ലാവ് ക്ലോസെയ്‌ക്കുശേഷം ലോകകപ്പിൽ തുടർച്ചയായി രണ്ട് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ ജർമനിക്കാരനാണ് ഉന്ദാവ്. ജർമനിക്കായി 11 കളിയിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ആദ്യ പതിനൊന്നിൽ ഇറങ്ങാനായത്. എന്നിട്ടും ഒന്പത് ഗോളടിച്ചു. നാലെണ്ണത്തിന് അവസരവുമൊരുക്കി. പതിനാലാം വയസിൽ ജർമൻ ക്ലബ് വെർദെർ ബ്രെമെൻ ഒഴിവാക്കിയതാണ് ഉന്ദാവിനെ. ഉയരമില്ലാത്തതിനാൽ ഭാവിയുണ്ടാകില്ലെന്ന് പറഞ്ഞാണ് മടക്കിയത്. അന്ന് ഹൃദയം തകർന്നു. പതിനേഴാം വയസിൽ നാലാം ഡിവിഷൻ ക്ലബിൽ ചേർന്നു.
പണമില്ലാത്തതിനാൽ ഫുട്‌ബോൾ ജീവിതം പ്രതിസന്ധിയിലായി. അങ്ങനെ ഒരു ഫാക്‌ടറിയിൽ ജോലിക്കാരനായി. എട്ട് മണിക്കൂറായിരുന്നു ജോലിസമയം. ‘പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കും. നേരെ ഫാക്‌ടറിയിലേക്ക്. പിന്നെ പരിശീലനത്തിന്. രാത്രി എട്ട് മണിക്കാണ് വീട്ടിൽ തിരിച്ചെത്തുക. എല്ലാ ദിവസവും ഇങ്ങനെതന്നെയായിരുന്നു’–ഉന്ദാവ് ഓർക്കുന്നു. ബൽജിയം രണ്ടാം ഡിവിഷനിൽ കുറച്ചുകാലം പന്ത് തട്ടി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബ്രൈറ്റണിൽ എത്തിയെങ്കിലും ശോഭിക്കാനായില്ല. 2024ൽ ജർമൻ ക്ലബ് സ്‌റ്റുറ്റ്‌ഗാർട്ടിൽ ചേർന്നു. ഇൗ സീസണിൽ 19 ഗോളാണ് ഇരുപത്തൊന്പതുകാരൻ ലീഗിൽ നേടിയത്. തുർക്കി വംശജനാണ്.









0 comments