ഫ്രഞ്ച് ഓപ്പൺ ടെന്നീസ്
print edition സബലേങ്കയും വീണു

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ സബലേങ്കയെ തോൽപ്പിച്ച് സെമിയിൽ കടന്ന റഷ്യയുടെ ഡയാന ഷ്‌നയ്‌ഡെറുടെ ആഹ്ലാദം
പാരിസ് : ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ മുൻനിര താരങ്ങളുടെ വീഴ്‌ച തുടരുന്നു. വനിതകളിലെ ഒന്നാം റാങ്കുകാരി അരീന സബലേങ്കയും പാതിവഴിയിൽ വീണു. നിലവിലെ റണ്ണറപ്പായ സബലേങ്കയെ റഷ്യയുടെ ഡയാന ഷ്‌നയ്‌ഡെറാണ് തോൽപ്പിച്ചത് (3–6, 7–5, 6–0). അന്പരിപ്പിക്കുന്ന തോൽവിയായിരുന്നു സബലേങ്കയുടേത്. ആദ്യ സെറ്റ് 6–3ന് നേടിയശേഷം രണ്ടാം സെറ്റിൽ 4–1ന് ലീഡ് നേടിയ ഘട്ടത്തിൽനിന്നാണ് തകർന്നത്.
രണ്ട് പോയിന്റുകൾ മാത്രം നേടിയാൽ മുന്നേറാമെന്ന ഘട്ടത്തിൽ നിരന്തരം പിഴവുകൾ വരുത്തിയ ബെലാറസുകാരിക്ക് പിന്നെ തിരിച്ചുവരാനായില്ല. അവസാന 13ൽ 12 പോയിന്റും നഷ്ടമായി. ഇതോടെ ഫ്രഞ്ച് ഓപ്പൺ കിരീടത്തിനായുള്ള കാത്തിരിപ്പും നീണ്ടു. നാല് ഗ്രാൻഡ് സ്ലാം കിരീടങ്ങളുള്ള സബലേങ്കയ്‌ക്ക് ഫ്രഞ്ച് ഓപ്പണിലും വിംബിൾഡണിലും മാത്രം ചാന്പ്യനാകാൻ കഴിഞ്ഞിട്ടില്ല. ഇരുപത്തിരണ്ടുകാരിയായ ഷ്‌നയ്‌ഡെറുടെ ആദ്യ സെമിയാണിത്. അന്ന കലിൻസ്‌കായയെ തോൽപ്പിച്ച് പോളണ്ടിന്റെ മഹാ ഷോളിൻസ്‌കയും സെമിയിലെത്തി.
വനിതകളിൽ നിലവിലെ ചാന്പ്യൻ കൊകൊ ഗഫും നാല് തവണ ചാന്പ്യനായ ഇഗ ഷ്വാടെകും പുറത്തായി. പുരുഷ റണ്ണറപ്പായ യാനിക് സിന്നെറും 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുള്ള നൊവാക് ജൊകോവിച്ചും മടങ്ങി. 1970നുശേഷം ആദ്യമായാണ് ഇരുവിഭാഗത്തിലും മുൻ ചാന്പ്യൻമാരില്ലാത്തൊരു ഫ്രഞ്ച് ഓപ്പൺ സെമി.
പുരുഷ സിംഗിൾസിൽ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കുബ് മെൻസി സെമിയിലേക്ക് മുന്നേറി. ജൊകോവിച്ചിനെ അട്ടിമറിച്ച ബ്രസീലിന്റെ ജോയോ ഫൊൺസെക്കയെയാണ് ക്വാർട്ടറിൽ തോൽപ്പിച്ചത്. ജർമൻതാരം അലക്‌സാണ്ടർ സ്വരേവാണ് അടുത്ത എതിരാളി.










0 comments