ad
Deshabhimani

print edition നക്ഷത്രങ്ങൾ നിലംപതിച്ചു

france spain match
വെബ് ഡെസ്ക്

Published on Jul 16, 2026, 12:04 AM | 1 min read

ഡാലസ്‌: ഫ്രഞ്ച്‌ പത്രം ‘ലാ എക്വിപെ’ സെമിയിലെ പ്രകടനത്തിന്‌ മിക്കേൽ ഒലീസെയ്‌ക്ക്‌ കൊടുത്ത മാർക്ക്‌ പത്തിൽ രണ്ടാണ്‌. ‘നക്ഷത്രങ്ങൾ നിലംപതിച്ചു’ എന്നായിരുന്നു ലാ എക്വിപെയുടെ തലക്കെട്ട്‌. ലോകകപ്പ്‌ -ഫുട്‌ബോളിൽ ഇതുപോലൊരു പതനം ഫ്രാൻസ്‌ ഒരിക്കലും പ്രതീക്ഷിച്ചതല്ല. പന്തും വിടവും ഇല്ലെങ്കിൽ ഒലീസെയ്‌ക്ക്‌ ഒരു സ്വാധീനവും ഉണ്ടാക്കാൻ കഴിയില്ല. ഫ്രഞ്ച്‌ കോച്ച്‌ ദിദിയർ ദെഷാമിന്റെ മാറ്റങ്ങൾ ഗുണം ചെയ്‌തില്ല. അഡ്രിയാൻ റാബിയറ്റിന്‌ പകരം മനു കോനെയും ബ്രാഡ്‌ലി ബർകോളയ്‌ക്ക്‌ പകരം ദിസിരെ ദുവെയും വന്നത്‌ ടീമിന്റെ കളിഗതിയെ ഒരു തരത്തിലും സഹായിച്ചില്ല– ഫ്രഞ്ച്‌ പത്രങ്ങൾ ആഞ്ഞടിച്ചു.


ആറ്‌ കളിയിൽ 16 ഗോളടിച്ചാണ്‌ ഫ്രാൻസ്‌ സെമിയിൽ സ്‌പെയ്‌നിനെതിരെ കളിക്കാനെത്തിയത്‌. എട്ട്‌ ഗോൾ നേടിയ കിലിയൻ എംബാപ്പെയും അഞ്ച്‌ ഗോളുള്ള ഉസ്‌മാൻ ഡെംബെലെയും അഞ്ചെണ്ണത്തിന്‌ അവസരമൊരുക്കിയ ഒലീസെയെയും ഏത്‌ എതിരാളിക്കും ഭീഷണിയാണ്‌. പക്ഷേ, ശക്തമായ ആക്രമണനിര മാത്രം പോരെന്ന്‌ ഫ്രാൻസ്‌ മത്സരശേഷം മനസിലാക്കി. മധ്യനിരയിൽ ചലനമറ്റ്‌ കിടക്കുകയായിരുന്നു മുൻ ചാന്പ്യൻമാർ. പന്ത്‌ പിടിച്ചെടുക്കാനോ മുന്നോട്ടുള്ള നീക്കം നടത്താനോ അവർക്ക്‌ കഴിഞ്ഞില്ല. പ്രതിരോധത്തിന്റെ ചുമതലയുള്ള റാബിയറ്റും ആക്രമണത്തിന്റെ ചുമതലയുള്ള ഒലീസെയും ലോകകപ്പിലെ ഏറ്റവും മോശം പ്രകടനം പുറത്തെടുത്തതോടെ ഫ്രാൻസിന്റെ കൈയിൽനിന്ന്‌ കളിപോയി.


പരിചയ സമ്പന്നൻ എൻഗോളോ കാന്റെയെ നിർണായക നിമിഷത്തിൽ കളിപ്പിക്കാത്തതിന്‌ ദെഷാമിനുനേരെ വിമർശവുമുണ്ടായി. മത്സരശേഷം ക്യാപ്‌റ്റൻ എംബാപ്പെ ഉ‍ൗന്നിപ്പറഞ്ഞതും ഇരു ടീമുകളുടെയും മധ്യനിര പ്രകടനത്തെക്കുറിച്ചായിരുന്നു. ലോകകപ്പിലെ ആദ്യ ആറ്‌ മത്സരങ്ങളിലും തുടക്കത്തിൽ ഗോൾ വഴങ്ങിയിട്ടില്ല ഫ്രാൻസ്‌. സെമിയിൽ പക്ഷേ, അത്‌ സംഭവിച്ചു. ടീമിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. വഴങ്ങിയശേഷമുള്ള മറുതന്ത്രം ദെഷാമിനുണ്ടായില്ല. ബാലൻ ഡി ഓർ ജേതാവായ ഉസ്‌മാൻ ഡെംബെലെ കളത്തിലുണ്ടെന്ന്‌ പോലും തോന്നിച്ചില്ല. പ്രതിരോധത്തിൽ വില്യം സാലിബ പരിക്കേറ്റ്‌ പോയത്‌ തിരിച്ചടിയായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home