print edition ഫ്രാൻസ് വരവായി ; ലോകകപ്പ് യോഗ്യത നേടുന്ന 29-–ാംമത്തെ ടീം

പാരിസ്
ഉക്രയ്‌നെ നാല് ഗോളിന് തുരത്തി ഫ്രാൻസ് ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടി. നിലവിലെ റണ്ണറപ്പുകൾക്കായി സൂപ്പർതാരം കിലിയൻ എംബാപ്പെ ഇരട്ടഗോളടിച്ചു. മൈക്കേൽ ഒലീസെയും ഹ്യൂഗോ എകിടികെയും ലക്ഷ്യം കണ്ടു. ഫ്രാൻസിനായി തുടർച്ചയായ ആറാം കളിയിലാണ് എംബാപ്പെ ഗോൾ നേടുന്നത്. ദേശീയ കുപ്പായത്തിൽ 55 ഗോളായി. ഏറ്റവും കൂടുതൽ ലക്ഷ്യം കണ്ട ഒളിവർ ജിറുവിന്റെ (57) റെക്കോഡിന് അടുത്തെത്തി. കളിജീവിതത്തിൽ ആകെ നാനൂറ് ഗോളുമായി എംബാപ്പെയ്‌ക്ക്.
യൂറോപ്യൻ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയിൽ അഞ്ച് കളിയിൽ നാലും ജയിച്ച് 13 പോയിന്റായി ഫ്രാൻസിന്. ഏഴ് പോയിന്റുള്ള ഐസ്‌ലൻഡാണ് രണ്ടാമത്. അടുത്തവർഷം നടക്കുന്ന ലോകകപ്പിന് യോഗ്യത നേടുന്ന 29-–ാംമത്തെ ടീമാണ് ഫ്രാൻസ്. 48 ടീമുകൾ അണിനിരക്കുന്ന ആദ്യ ലോകകപ്പിൽ 19 ടീമുകൾക്കുകൂടി അവസരമുണ്ട്.
സ്വന്തംതട്ടകത്തിൽ, പാരിസിലെ പാർക് ഡെസ് പ്രിൻസസ് സ്‌റ്റേഡിയത്തിൽ എതിരാളിക്ക് ഒരവസരവും നൽകാതെയാണ് ഫ്രഞ്ചുകാർ കളിച്ചത്. ഉക്രയ്‌നെ ഒറ്റ ഷോട്ട് പായിക്കാൻ അനുവദിച്ചില്ല. ആകെ 33 ശതമാനമാണ് അവർക്ക് പന്ത് തൊടാനായത്. ആദ്യപകുതി ഗോളൊഴിഞ്ഞുനിന്നു. രണ്ടാംപകുതിയിൽ എംബാപ്പെ ആദ്യ വെടി പൊട്ടിച്ചു. 33 മിനിറ്റിൽ നാല് ഗോൾ പിറന്നു. ഫ്രഞ്ച് കുപ്പായത്തിൽ മധ്യനിരക്കാരൻ എൻഗോളോ കാന്റെ കളിച്ചു. ഒരുവർഷത്തിനുശേഷമാണ് മുപ്പത്തിനാലുകാരൻ മടങ്ങിയെത്തുന്നത്.
ഇറ്റലിക്ക് ജയിക്കണം 9 ഗോളിന് ; ലോകകപ്പ് യോഗ്യത തുലാസിൽ
ഇറ്റലിക്ക് വീണ്ടും ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ പോരിൽ കാലിടറുന്നു. അടുത്ത വർഷം അരങ്ങേറുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ നാളെ നോർവെയെ ഒമ്പത് ഗോളിന് തോൽപ്പിക്കണം. ഒറ്റ ഗോളും വഴങ്ങരുത്. ഫലം മറിച്ചായാൽ തുടർച്ചയായ മൂന്നാം തവണയും പ്ലേ ഓഫ് കളിക്കേണ്ടിവരും.
കഴിഞ്ഞ രണ്ട് ലോകകപ്പിലും നാല് തവണ ചാമ്പ്യൻമാരായ അസൂറികൾക്ക് യോഗ്യതയുണ്ടായിരുന്നില്ല. 2018ൽ സ്വീഡനോടും 2022ൽ നോർത്ത് മാസിഡോണിയയോടും പ്ലേ ഓഫിൽ തോറ്റു. ഇത്തവണയും അൽഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ പ്ലേ ഓഫ് കളിക്കേണ്ടിവരും.
യൂറോപ്യൻ യോഗ്യതാ ഗ്രൂപ്പ് ഐയിൽ ഏഴ് കളിയും ജയിച്ച് 21 പോയിന്റുള്ള നോർവെയാണ് ഒന്നാമത്. ഇറ്റലി 18 പോയിന്റുമായി രണ്ടാമതാണ്. നോർവെ എസ്‌റ്റോണിയയെ നാല് ഗോളിന് തകർത്താണ് അടുത്തത്. സൂപ്പർതാരം എർലിങ് ഹാലണ്ട് ഇരട്ടഗോളടിച്ചു. 28 വർഷത്തിനുശേഷം യോഗ്യത സ്വപ്നം കാണുകയാണ് നോർവെ. 1998ലാണ് അവസാനമായി കളിച്ചത്. ഇറ്റലി മൾഡോവയെ രണ്ട് ഗോളിന് മറികടന്നു.









0 comments