ഇറ്റാലിയൻ ഫുട്ബോൾ ലീഗിൽ നാലാം കിരീടം: നാടകാന്തം നാപോളി

നേപ്പ്‌ൾസ് : ഇറ്റലിയിൽ വീണ്ടും നാപോളി. ജയം അനിവാര്യമായ അവസാന റൗണ്ട് പോരിൽ കാഗ്ലിയാരിയെ രണ്ട് ഗോളിന് വീഴ്‌ത്തി ഇറ്റാലിയൻ ഫുട്‌ബോൾ ലീഗ് ചാമ്പ്യൻമാരായി. മൂന്ന് സീസണുകൾക്കിടയിലെ രണ്ടാം ട്രോഫിയാണിത്. ആകെ നാലെണ്ണമായി. രണ്ടാമതായ ഇന്റർ മിലാനുമായി ഒറ്റ പോയിന്റ് വ്യത്യാസത്തിലാണ് നാപോളി ജേതാക്കളായത്. 38 കളിയിൽ 24 ജയവും പത്ത് സമനിലയും നാല് തോൽവിയും ഉൾപ്പെടെ 82 പോയിന്റ് നേടി. ഇന്ററിന് 81 പോയിന്റ്. കാഗ്ലിയാരിക്കെതിരെ സൂപ്പർ താരങ്ങളായ സ്‌കോട് മക്‌ടോമിനി, റൊമേലു ലുക്കാക്കു എന്നിവർ ഗോളടിച്ചു. ആകെ 12 ഗോളും നാല് അവസരങ്ങളും ഒരുക്കിയ മക്‌ടോമിനിയാണ് സീസണിലെ മികച്ച താരം.
ഇറ്റാലിയൻ പരിശീലകൻ അന്റോണിയോ കൊണ്ടെയ്‌ക്ക് കീഴിൽ സ്ഥിരതയാർന്ന കളിയായിരുന്നു നാപോളിയുടേത്. ഇറ്റലിയിൽ മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ലീഗ് ചാമ്പ്യൻമാരായെന്ന അപൂർവ നേട്ടവും കൊണ്ടെ സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പവും അമ്പത്തഞ്ചുകാരന് കിരീടമുണ്ട്. പ്രധാന താരങ്ങളായ വിക്ടർ ഒസിമേനും കവീച്ച കവറാസ്‌കേലിയയും ടീം വിട്ടതിന് പിന്നാലെ ആടിയുലഞ്ഞ നാപോളി മക്‌ടോമിനിയെയും ലുക്കാക്കുവിനെയും എത്തിച്ചാണ് പരിഹാരം കണ്ടത്. ലുകാക്കു 14 ഗോളും പത്ത് അവസരവും ഒരുക്കി.
ഇന്ററുമായുള്ള കടുത്ത പോര് അതിജീവിച്ചാണ് ദ്യേഗോ മാറഡോണയുടെ പിൻഗാമികൾ കിരീടമുയർത്തിയത്. 1987ലും 1990ലും അർജന്റീന ഇതിഹാസം നാപോളിയെ ചാമ്പ്യൻമാരാക്കിയിരുന്നു. നീണ്ട ഇടവേള കഴിഞ്ഞ് 2023ലാണ് പിന്നീട് ജേതാക്കളായത്. അവസാനദിനം ഇന്റർ കോമോയെ രണ്ട് ഗോളിന് തോൽപ്പിച്ചെങ്കിലും കാര്യമുണ്ടായില്ല. നാപോളി സമനില വഴങ്ങുകയോ തോൽക്കുകയോചെയ്‌താൽ മാത്രമായിരുന്നു കഴിഞ്ഞ സീസണിലെ ചാമ്പ്യൻമാർക്ക് സാധ്യത. 31ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പിഎസ്‌ജിയെ നേരിടുന്ന ക്ലബ്ബിന് ഇറ്റാലിയൻ ലീഗ് കൈവിട്ടത് ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ്.









0 comments