ad
Deshabhimani

print edition ലോകകപ്പിൽ നാല്‌ പുതിയ രാജ്യങ്ങൾ; പ്രതീക്ഷയോടെ 
പുതുമുഖങ്ങൾ

FIFA World Cup

ഉസ്ബെക്കിസ്ഥാൻ ഫുട്ബോൾ ടീം

വെബ് ഡെസ്ക്

Published on May 15, 2026, 01:08 AM | 2 min read

നാല്‌ ടീമുകൾ ആദ്യമായി ഫുട്‌ബോൾ ലോകകപ്പിന്റെ കളത്തിലേക്കെത്തുന്നു. 48 ടീമുകൾ മത്സരിക്കുന്ന ആദ്യ ലോകകപ്പാണിത്‌. നവാഗതരുടെ എണ്ണത്തിലും അതോടെ വർധനവുണ്ടായി. ഉസ്‌ബെക്കിസ്ഥാൻ, ജോർദാൻ, കേപ്‌ വെർദെ, കുറസാവോ ടീമുകളാണ്‌ ആദ്യമായി പന്ത്‌ തട്ടാനെത്തുന്നത്‌. നീണ്ട കാലത്തെ ഇടവേളയ്‌ക്കുശേഷം ചില ടീമുകൾ ഇക്കുറി കളത്തിലിറങ്ങുന്നുണ്ട്‌.


ഉസ്‌ബെക്കിസ്ഥാൻ

ഏഷ്യ

റാങ്ക്‌–50

പരിശീലകൻ: ഫാബിയോ കന്നവാരോ

ക്യാപ്‌റ്റൻ: എൽദോർ ഷുമുറോദോവ്‌

സമീപകാലത്ത്‌ ഏറ്റവും കുതിപ്പുണ്ടാക്കിയ ടീമാണ്‌ ഉസ്‌ബെക്കിസ്ഥാൻ. ഇറ്റലിയുടെ ലോകകപ്പ്‌ ക്യാപ്‌റ്റൻ ഫാബിയോ കന്നവാരോയ്‌ക്ക്‌ കീഴിൽ ഇറങ്ങുന്ന ഉസ്‌ബെക്കിസ്ഥാൻ യോഗ്യതാ റ‍ൗണ്ടിൽ തകർപ്പൻ പ്രകടനമാണ്‌ പുറത്തെടുത്തത്‌. യുഎഇയെ ഗോളടിക്കാതെ കുരുക്കി നേരിട്ടാണ്‌ യോഗ്യത നേടിയത്‌. ഗ്രൂപ്പ്‌ കെയിൽ കൊളംബിയ, പോർച്ചുഗൽ, കോംഗോ ടീമുകളാണ്‌ എതിരാളികൾ. ക്യാപ്‌റ്റനും മുന്നേറ്റക്കാരനുമായ എൽദോർ ഷുമുറോദോവ്‌ മാഞ്ചസ്‌റ്റർ സിറ്റിയുടെ പ്രതിരോധക്കാരൻ അബ്‌ദുകൊദിർ കുഷാനോവ്‌, ഗോൾ കീപ്പർ ഉട്‌കിർ യുസുപോവ്‌ എന്നിവരാണ്‌ പ്രധാന കളിക്കാർ.

ജോർദാൻ

ഏഷ്യ

റാങ്ക്‌–65

പരിശീലകൻ: ജമാൽ സെല്ലമി

ക്യാപ്‌റ്റൻ: മുസ അൽ താമരി

2023ലെ എഎഫ്‌സി ഏഷ്യൻ കപ്പിൽ റണ്ണറപ്പായാണ്‌ ജോർദാന്റെ കുതിപ്പ്‌ തുടങ്ങുന്നത്‌. ഒമാനെ മൂന്ന്‌ ഗോളിന്‌ തകർത്ത്‌ ലോകകപ്പിനും ടിക്കറ്റെടുത്തു. മൊറോക്കോക്കാരനായ ജമാൽ സെല്ലമിയാണ്‌ പരിശീലകൻ. പ്രത്യാക്രമണമാണ്‌ ടീമിന്റെ ശൈലി. ഗ്രൂപ്പ്‌ ജെയിൽ ലോക ചാന്പ്യൻമാരായ അർജന്റീന, ഓസ്‌ട്രിയ, അൾജീരിയ ടീമുകളുമായി കളിക്കും. ക്യാപ്‌റ്റനും മധ്യനിരക്കാരനുമായ മുസ അൽ താമരി, ഗോളടിക്കാരൻ അലി ഒൽവാൻ, യസാൻ അൽ നയ്‌മത്‌ എന്നിവരാണ്‌ പ്രധാന താരങ്ങൾ.

കേപ്‌ വെർദെ

ആഫ്രിക്ക

റാങ്ക്‌–69

പരിശീലകൻ: ബുബിസ്‌റ്റ

ക്യാപ്‌റ്റൻ: റ്യാൻ മെൻഡെസ്‌

കരുത്തരായ കാമറൂണിനെ പിന്നിലാക്കിയാണ്‌ കേപ്‌ വെർദെ ലോകകപ്പിന്‌ യോഗ്യത നേടിയത്‌. 525000 മാത്രമാണ്‌ കേപ്‌ വെർദയിലെ ജനസംഖ്യ. ജനസംഖ്യാ അടിസ്ഥാനത്തിൽ ലോകകപ്പ്‌ കളിക്കുന്ന മൂന്നാമത്തെ ചെറിയ രാജ്യമാണ്‌. യോഗ്യതാ റ‍ൗണ്ടിൽ കാമറൂണിനെ തോൽപ്പിച്ചു. സ്വന്തം തട്ടകത്തിൽ ഒരു ഗോൾ പോലും വഴങ്ങിയില്ല. ഗ്രൂപ്പ്‌ എച്ചിൽ സ്‌പെയ്‌ൻ, ഉറുഗ്വേ, സ‍ൗദി അറേബ്യ ടീമുകളാണ്‌ എതിരാളികൾ. ആഫ്രിക്കയിലെ ഇ‍ൗ വർഷത്തെ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ബുബിസ്‌റ്റയാണ്‌ നയിക്കുന്നത്‌. മുപ്പത്താറുകാരൻ ക്യാപ്‌റ്റൻ റ്യാൻ മെൻഡെസാണ്‌ പ്രധാനതാരം. 22 ഗോളടിച്ചിട്ടുണ്ട്‌. ഗോൾ കീപ്പർ വൊഴീന്യ, സെന്റർബാക്ക്‌ റോബർടോ ലോപെസ്‌ എന്നിവരും കരുത്ത്‌ പകരുന്നു.

കുറസാവോ

കോൺകാകാ-ഫ്‌

റാങ്ക്‌–82

ക്യാപ്‌റ്റൻ: ലിയാൻഡ്രോ ബകുന

ലോകകപ്പ്‌ കളിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന നേട്ടത്തിന്‌ അരികെയാണ്‌ കുറസാവോ. കരീബിയൻ ദ്വീപസമൂഹത്തിൽ ആകെ ഒന്നരലക്ഷമാണ്‌ ജനസംഖ്യ. നെതർലൻഡ്‌സിലാണ്‌ പല പ്രധാന താരങ്ങളും കളിക്കുന്നത്‌. കോൺകാകാഫ-്‌ മേഖലയിൽ ജമൈക്കയെ തളച്ചായിരുന്നു കുറസാവോയുടെ ചരിത്രത്തിലേക്കുള്ള കുതിപ്പ്‌. ഡച്ചുകാരൻ ഡിക്‌ അഡ്വക്കറ്റിന്റെ പരിശീലന മികവ്‌ തുണയായി. യോഗ്യതാ നേടിക്കൊടുത്തശേഷം അഡ്വക്കറ്റ്‌ സ്ഥാനമൊഴിയുകയും ചെയ്‌തു. 78–കാരന്‌ പകരമെത്തിയ ഫ്രെഡ്‌ റുട്ടെനെ ഒഴിവാക്കി. അഡ്വക്കറ്റ്‌ തിരിച്ചെത്തുമെന്നാണ്‌ സൂചന. ഗ്രൂപ്പ്‌ ഇയിൽ ജർമനിയും ഇക്വഡോറും ഐവറി കോസ്‌റ്റും ഒപ്പമുണ്ട്‌. മധ്യനിരക്കാരൻ ലിയാൻഡ്രോ ബകുനയാണ്‌ ക്യാപ്‌റ്റൻ. മധ്യനിരയിലെ താഹിത്‌ ചോങ്‌, ജൂനീന്യോ ബകുന, ടയ്‌റെസ്‌ നോസ്‌ലിൻ എന്നിരാണ്‌ മറ്റ്‌ പ്രധാന താരങ്ങൾ.

കഴിഞ്ഞ ലോകകപ്പിലെ ആതിഥേയരായ ഖത്തർ യോഗ്യതാ റ‍ൗണ്ട്‌ കളിച്ച്‌ ആദ്യമായാണ്‌ എത്തുന്നത്‌. 1986നുശേഷം ഇറാഖും 52 വർഷത്തെ ഇടവേളയ്‌ക്കുശേഷം കോംഗോയും ഹെയ്‌തിയും ഇറങ്ങുന്നു. 1998നുശേഷം ആദ്യമായാണ്‌ നോർവേ, ഓസ്‌ട്രിയ, സ്‌കോട്‌ലൻഡ്‌ ടീമുകൾ ലോകകപ്പിനെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home