കൊച്ചിയിൽ നവജാതശിശുവിനെ ഉപേക്ഷിച്ചനിലയിൽ; അമ്മത്തൊട്ടിലിലേക്ക് മാറ്റി

പ്രതീകാത്മകചിത്രം
മരട് : എറണാകുളം കുണ്ടന്നൂരിൽ റോഡരികിൽ നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായർ പുലർച്ച 12.30ഓടെ ദേശീയപാതയുടെ സർവീസ് റോഡരികിലുള്ള തട്ടുകടയിലെ ബെഞ്ചിൽ തുണിയിൽ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കണ്ടത്. പുതിയകാവ് സ്വദേശി മിഥുൻ ആണ് ഇക്കാര്യം പൊലീസ് കൺട്രോൾ റൂമിൽ വിളിച്ചറിയിച്ചത്. പൊലീസെത്തി കുഞ്ഞിനെ മരടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് അമ്മത്തൊട്ടിലിലേയ്ക്ക് മാറ്റി.
കുഞ്ഞിന്റെ അമ്മയെന്ന് സംശയിക്കുന്ന, മരടിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് പോയി തിരികെവരും വഴി ചായ കുടിക്കാൻ കയറാറുള്ള തട്ടുകടയിൽ എത്തിയെങ്കിലും കട അടച്ചിരിക്കുകയായിരുന്നെന്നും മടങ്ങുമ്പോഴാണ് കുഞ്ഞിന്റെ കരച്ചിൽ കേട്ടതെന്നുമാണ് മിഥുൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ യുവതിയെ ചോദ്യം ചെയ്തതിൽനിന്ന്
മിഥുന്റെ അറിവോടെയാണ് തട്ടുകടയിലെ ബെഞ്ചിൽ കുഞ്ഞിനെ കിടത്തിയതെന്ന് കണ്ടെത്തി.
യുവതിയ്‌ക്ക് 13 വയസുള്ള മറ്റൊരുകുട്ടിയുണ്ട്. വിവാഹബന്ധം വേർപിരിഞ്ഞശേഷമുണ്ടായ ബന്ധത്തിലുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചപ്പോൾ മുമ്പ് തനിക്കൊപ്പം ജോലി ചെയ്ത മിഥുനോട് യുവതി സഹായം ആവശ്യപ്പെടുകയായിരുന്നു. കുഞ്ഞിനെ തട്ടുകടയിൽ കിടത്തുമ്പോൾ വഴിയാത്രക്കാരനെന്ന രീതിയിലെത്തി മിഥുൻ പൊലീസിനെ അറിയിക്കാനായിരുന്നു പദ്ധതി. സംഭവത്തിൽ മരട് പൊലീസ് കേസെടുത്തു.










0 comments