ad
Deshabhimani

ആളുകേറാമലയിലെ കൊലപാതകം; പ്രതിയെ തേടി ക്രൈംബ്രാഞ്ച്

crime branch investigation kollam

ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ അജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ആളുകേറാമലയില്‍ പരിശോധന നടത്തുന്നു

avatar
സ്വന്തം ലേഖകൻ

Published on Jun 29, 2026, 07:00 AM | 1 min read

പത്തനാപുരം : പുനലൂർ-–മൂവാറ്റുപുഴ ദേശീയപാതയോട്‌ ചേർന്ന്‌ പിറവന്തൂർ മുക്കടവ് ആളുകേറാമലയിൽ റബർ തോട്ടത്തിൽ കൈകാലുകൾ ചങ്ങലകൊണ്ടു ബന്ധിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഇൻസ്‌പെക്ടർ അജുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘം ശനിയാഴ്ച സംഭവസ്ഥലത്ത് പരിശോധന നടത്തി.


2025 സെപ്തംബർ 23നാണ് സംഭവം. താമരക്കുളം വേടർപ്ലാവ് ചേറ്റാരിക്കൽ ക്ഷേത്രത്തിനുസമീപത്തെ കുട്ടിയുടെ മകൻ പാപ്പർ എന്ന അനിക്കുട്ടന്റെ (46) മൃതദേഹം ആണെന്ന പ്രാഥമിക നിഗമനത്തിലാണ്‌ പൊലീസ്‌. എന്നാൽ, പ്രതിയെക്കുറിച്ച്‌ കാര്യമായ സൂചന ലഭിച്ചിട്ടില്ല. അനിക്കുട്ടന്റെ പശ്ചാലത്തലം പരിശോധിക്കുക വഴി സംഭവത്തിലേക്ക് നയിക്കുന്ന നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.


തുടക്കത്തിൽ സംഭവവുമായി അനിക്കുട്ടന്‌ ബന്ധമുണ്ടെന്ന കണ്ടെത്തലിലായിരുന്നു പൊലീസ്‌. തുടർന്ന് ഇയാളുടെ ചിത്രങ്ങൾ സഹിതം 'ലുക്ക് ഔട്ട്' നോട്ടീസും പുറത്തിറക്കിയിരുന്നു. പിന്നീട് ബന്ധുക്കളിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ്‌ മരിച്ചത്‌ അനിക്കുട്ടൻ ആണെന്ന നിഗമനത്തിൽ അന്വേഷകസംഘം എത്തിയത്‌.


മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടായിരുന്നു. സമീപത്തായി കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും ലഭിച്ചു. മുഖം കത്തിച്ചതായും കണ്ടെത്തി. നെഞ്ചിൽ വലതുഭാഗത്തായി കുത്തേറ്റതാണ് മരണകാരണമെന്ന്‌ പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അനിക്കുട്ടന് പുനലൂരുമായി എന്താണ് ബന്ധമെന്നത് ഇനിയും കണ്ടെത്താനായിട്ടില്ല. ടൈൽ പണിക്കാരനായ അനിക്കുട്ടൻ ജോലിയുമായി ബന്ധപ്പെട്ടാണ്‌ പുനലൂരിൽ എത്തിയതെന്ന് സംശയിക്കുന്നു. കൊലപാതകം നടന്നദിവസം മുതൽ ഇയാളെ താമരക്കുളത്തുനിന്ന്‌ കാണാതായിരുന്നു. ആ സമയത്ത്‌ ഇയാളുടെ സാന്നിധ്യം പുനലൂരിൽ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്‌.


അനിക്കുട്ടൻ ആളുകേറാമലയ്ക്ക് സമീപമുള്ള വെട്ടിത്തിട്ട പമ്പിൽനിന്ന് പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്‌. ഇതിലൊന്നും മറ്റാരുടെയും സാന്നിധ്യമില്ല. മരിക്കുന്നതിന് ഏതാനുംദിവസം മുന്പ്‌ ഇയാൾ തമിഴ്‌നാട്ടിൽ ഉൾപ്പടെ പലയിടങ്ങളിൽ പോയതായുള്ള തെളിവുകളും പൊലീസിന്‌ ലഭിച്ചിട്ടുണ്ടെന്നാണ്‌ സൂചന. പുനലൂർ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച കേസാണ്‌ ക്രൈംബ്രാഞ്ചിന് കൈമാറിയത്.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home