യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നു?; ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

പ്രതീകാത്മക എഐ ചിത്രം
വാഷിംഗ്ടൺ : ഗൾഫ് മേഖലയിൽ നിലനിന്നിരുന്ന സൈനിക നടപടികൾ അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനും ഇറാനും അമേരിക്കയും തമ്മിൽ ധാരണയായി. ദിവസങ്ങളായി നടന്നുകൊണ്ടിരുന്ന പ്രത്യാക്രമണങ്ങൾക്ക് വിരാമമിട്ട്, നാളെ ഖത്തറിലെ ദോഹയിൽ വെച്ച് ചർച്ചകൾ പുനരാരംഭിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
സൈനിക നീക്കങ്ങൾ തൽക്കാലം നിർത്തിവെക്കാനും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുഗമമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കാനും ഇരുപക്ഷവും സമ്മതിച്ചു. ഭാവിയിൽ ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള സൈനിക ഹോട്ട്‍ലൈൻ സംവിധാനം ഏർപ്പെടുത്തുന്നതും ചർച്ചയിലുണ്ട്.
നേരത്തെ സ്വിറ്റ്സർലൻഡിൽ നടക്കാനിരുന്ന ചർച്ച, ഹോർമുസ് കടലിടുക്കിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖത്തറിലേക്ക് മാറ്റുകയായിരുന്നു. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണം തങ്ങൾക്കാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കിയപ്പോൾ, ഈ നിലപാടിനെ അമേരിക്ക തള്ളി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാക്കാൻ കാരണമായിരുന്നു.
ജൂൺ ആദ്യം ഒപ്പുവെച്ച സമാധാന കരാറിലെ വ്യവസ്ഥകൾ സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് പുതിയ സംഘർഷങ്ങൾക്ക് വഴിവെച്ചത്. വാണിജ്യ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാൻ ഇറാനും, ഇറാനിയൻ തുറമുഖങ്ങൾക്കുള്ള ഉപരോധം നീക്കാൻ അമേരിക്കയും കരാർ പ്രകാരം സമ്മതിച്ചിരുന്നു. എന്നാൽ ഈ ധാരണകൾ കൃത്യമായി പാലിക്കപ്പെടാത്തത് വെടിനിർത്തൽ കരാറിനെ ബാധിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ തന്നെ കടുത്ത മുന്നറിയിപ്പുകൾ നൽകിയിരുന്നതിനാൽ, നിലവിലെ വെടിനിർത്തൽ ഏറെ ശ്രദ്ധയോടെയാണ് ലോകരാജ്യങ്ങൾ നോക്കിക്കാണുന്നത്.










0 comments