ബ്ലാസ്‌റ്റേഴ്‌സിന് രക്ഷയില്ല

ഭുവനേശ്വർ: പുതിയ പരിശീലകന് കീഴിലും കേരള ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിതന്നെ. സൂപ്പർ കപ്പ് ഫുട്‌ബോൾ ക്വാർട്ടറിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്റെ രണ്ടാംനിര ടീമിനോട് തോറ്റ് ദാവീദ് കറ്റാലയുടെ സംഘം മടങ്ങി. 2–-1ന്റെ ജയത്തോടെ ബഗാൻ സെമിയിലേക്ക് മുന്നേറി. സഹൽ അബ്‌ദുൾ സമദും സുഹൈൽ അഹമ്മദ് ബട്ടുമാണ് ബഗാനായി ലക്ഷ്യം കണ്ടത്. പരിക്കുസമയത്ത് ശ്രീകുട്ടനാണ് ബ്ലാസ്‌റ്റേഴ്‌സിനായി ഒരു ഗോൾ മടക്കിയത്.
മലയാളി താരങ്ങളുടെ കരുത്തിലായിരുന്നു ബഗാന്റെ മുന്നേറ്റം. സഹലിനൊപ്പം ആഷിഖ് കുരുണിയനും കെ സലാഹുദീൻ അദ്‌നാൻ എന്നിവരും മിന്നുന്ന കളി പുറത്തെടുത്തു. സീനിയർ കുപ്പായത്തിൽ ആദ്യ കളിക്കിറങ്ങിയ അദ്‌നാൻ മനോഹര നീക്കത്തിലൂടെ സഹലിന്റെ ഗോളിന് അവസരമൊരുക്കി. ബഗാന്റെ രണ്ടാമത്തെ ഗോളിന് അവസരമൊരുക്കിയത് ആഷിഖാണ്.
പരിക്കേറ്റ അഡ്രിയാൻ ലൂണയില്ലാതെ കളത്തിലെത്തിയ ബ്ലാസ്‌റ്റേഴ്‌സിന് ലക്ഷ്യബോധമുണ്ടായില്ല. മുന്നേറ്റക്കാരൻ ഹെസ്യൂസ് ഹിമിനെസ് അവസാന നിമിഷങ്ങളിൽ പാഴാക്കിയ അവസരങ്ങൾക്ക് കനത്ത വില നൽകേണ്ടിവന്നു. പരിചയ സമ്പത്തില്ലാത്ത ബഗാൻ പ്രതിരോധ നിരയെ കാര്യമായ പരീക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞതേയില്ല. ന്യൂനോ മിഗ്വേൽ പെരേരയൊഴികെ മറ്റൊരു വിദേശ താരവുമില്ലാതെയാണ് നിലവിലെ ഐഎസ്‌എൽ ചാമ്പ്യൻമാർ പന്ത് തട്ടിയത്. മുന്നേറ്റത്തിലെ കരുത്തരായ ജാസൺ കമ്മിങ്‌സ്, ദിമിത്രിയോസ് പെട്രറ്റോസ്, ഗ്രെഗ് സ്‌റ്റുവർട്ട്, ജാമി മക്‌ലാരൻ എന്നീ വിദേശ താരങ്ങളൊന്നും കൊൽക്കത്തൻ ടീമിലുണ്ടായിരുന്നില്ല. ബ്ലാസ്‌റ്റേഴ്‌സ് വൻ സംഘത്തെയാണ് ഇറക്കിയത്.
ആദ്യമായൊരു കിരീടത്തിനായി കൊതിക്കുന്ന ബ്ലാസ്‌റ്റേഴ്‌സിന് സുവർണാവസരമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് ഈ സൂപ്പർ കപ്പ്. ആദ്യ കളിയിൽ നിലവിലെ ചാമ്പ്യൻമാരായ ഈസ്‌റ്റ് ബംഗാളിനെ തോൽപ്പിച്ച് പ്രതീക്ഷ സജീവമാക്കിയതുമാണ്. ബഗാനെതിരെ ലക്ഷ്യം മറന്ന മുന്നേറ്റവും അയഞ്ഞ പ്രതിരോധവും കളി തുലച്ചു.
കളി തുടങ്ങി അരമണിക്കൂറിൽ കറ്റാലയുടെ സംഘം ഗോൾ വഴങ്ങി. വലതുവശത്ത് അദ്‌നാൻ നടത്തിയ ചടുലനീക്കം പ്രതിരോധത്തെ ചിതറിച്ചു. നവാേച്ചയെ മനോഹരമായ നീക്കങ്ങൾകൊണ്ട് നിഷ്‌പ്രഭനാക്കിയ ഇരുപത്തിമൂന്നുകാരൻ ഗോൾമുഖത്ത് സുഹൈലിനെയും സഹലിനെയും കണ്ടു. പ്രതിരോധത്തിനിടയിലെ നേരിയ വിടവിലൂടെ അളന്നുമുറിച്ച ക്രോസ്. സുഹൈലിന് കാൽകൊരുക്കാനായില്ല. പന്ത് സഹലിന്റെ കാലിൽ. രണ്ടടി മുന്നേറിയ സഹൽ, ഗോൾ കീപ്പർ സച്ചിൻ സുരേഷ് മുന്നിൽനിൽക്കെ വലയിലേക്ക് പന്ത് അടിച്ചുകയറ്റി. പന്ത് കൂടുതൽ സമയം കൈവശംവച്ചിട്ടും അർഥപൂർണമായ ഒരു നീക്കവും ബ്ലാസ്‌റ്റേഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ദുർബലമായ ശ്രമങ്ങളെ ദിപേന്ദു ബിശ്വാസിന്റെ നേതൃത്വത്തിലുള്ള പ്രതിരോധം തടഞ്ഞു. അതിനെ മറികടന്നവ ഗോൾ കീപ്പർ ധീരജ് സിങ്ങിന്റെ കൈകളിൽ ഭദ്രമായി ഒതുങ്ങി. ആദ്യപകുതിക്ക് തൊട്ടുമുമ്പ് റുയ്‌വാ ഹോർമിപാമിന്റെ ക്രോസ് ഒറ്റക്കൈകൊണ്ട് തട്ടിയകറ്റുകയായിരുന്നു.
ഇടവേളയ്‌ക്കുശേഷമുള്ള ആദ്യമിനിറ്റിൽതന്നെ അദ്‌നാൻ ബ്ലാസ്‌റ്റേഴ്‌സിനെ വിറപ്പിച്ചു. അടി സച്ചിൻ സുരേഷ് തടയുകയായിരുന്നു. ഇതിനിടെ ബഗാൻ ലീഡുയർത്തി. പന്തുമായി ഒഴുകി നീങ്ങിയ ആഷിഖ് ആസൂത്രകനായി. ഹോർമിപാമിന്റെ ദുർബലമായ ഇടപെടലിന് ആഷിഖിന്റെ നീക്കത്തെ തടയാനായില്ല. ഇടതുമൂലയിൽനിന്ന് മലയാളി താരം ക്രോസ് തൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധക്കാരൻ മിലോസ് ഡ്രിൻസിച്ച് നോക്കിനിൽക്കെ മുന്നിലുണ്ടായിരുന്നു സുഹൈൽ അനായാസം പന്ത് വലയിലിട്ടു. കളിയുടെ അവസാന ഘട്ടത്തിൽ ഹിമിനെസിന് ഗോൾ മടക്കാൻ നിരവധി അവസരങ്ങൾ കിട്ടി. പക്ഷേ, ഒന്നുപോലും ലക്ഷ്യത്തിലെത്തിയില്ല. പരിക്കുസമയത്താണ് ശ്രീകുട്ടൻ ഒരു ഗോൾ മടക്കിയത്.









0 comments