print edition ഉശിരൻ ഒടുക്കം

കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്--ക്കെതിരായ ജയം ആഘോഷിക്കുന്ന കേരള ബ്ലാസ--്--റ്റേഴ്സ് താരങ്ങൾ /ഫോട്ടോ: വി കെ അഭിജിത്
കൊച്ചി: ഗംഭീരമായി കേരള ബ്ലാസ്‌റ്റേഴ്‌സ് അവസാനിപ്പിച്ചു. ഐഎസ്‌എൽ ഫുട്‌ബോളിൽ പതർച്ചയോടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് അവസാന കളിയിൽ കരുത്തരായ എഫ്‌സി ഗോവയെ 2–1ന് കീഴടക്കിയാണ് മടങ്ങിയത്. കൊച്ചിയിൽ കെവിൻ യോക്കിന്റെ മനോഹര ഗോളിലൂടെ തുടങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഫാല്ലു എൻഡിയായെയിലൂടെ ജയമുറപ്പാക്കി.
ഗോവയ്‌ക്കായി മലയാളി യുവതാരം മുഹമ്മദ് നെമിൽ ഒരെണ്ണം തിരിച്ചടിച്ചു.
എട്ടാംസ്ഥാനമാണ് സീസണിൽ ബ്ലാസ്‌റ്റേഴ്‌സിന്. 13 കളിയിൽ അഞ്ച് ജയമുൾപ്പെടെ 17 പോയിന്റാണ് സന്പാദ്യം. ഒരു ഘട്ടത്തിൽ തരംതാഴ്‌ത്തൽവരെ ഭയന്ന ബ്ലാസ്‌റ്റേഴ്‌സ് ആഷ്‌ലി വെസ്‌റ്റ്‌വുഡിന്റെ പരിശീലന മികവിലാണ് ഉയിർപ്പ് നേടിയത്. ഡേവിഡ് കറ്റാലയ്‌ക്ക് കീഴിൽ ആറ് കളിയിൽ ഒറ്റ ജയം പോലുമില്ലാതെ ഉഴറുകയായിരുന്നു ടീം.
വെസ്‌റ്റ്‌വുഡിന് കീഴിൽ ഏഴ് കളിയിൽ ഒറ്റ തോൽവി മാത്രം. അഞ്ച് കളി ജയിച്ചു. മുൻ ചാന്പ്യൻമാരായ ഗോവയ്‌ക്കെതിരെ യോക്കിന്റെ അതിമനോഹര പ്രകടനമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് മുൻതൂക്കം നൽകിയത്. ഇടതുവശം ഭരിച്ച ഫ്രഞ്ചുകാരൻ രണ്ടാംപകുതിയുടെ തുടക്കത്തിൽ ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ട് വലയിലേക്ക് വളഞ്ഞിറങ്ങി.
അതുവരെ നടത്തിയ ശ്രമങ്ങളുടെ ഫലമായിരുന്നു അത്. തുടക്കത്തിൽ യോക്ക് ഒരുക്കിയ അവസരം വിബിൻ മോഹനന് മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. നെമിലിന്റെ തകർപ്പൻ ഗോളിലൂടെ ഗോവ ഒപ്പമെത്തിയെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് വിട്ടുകൊടുത്തില്ല. കളി തീരാൻ പത്ത് മിനിറ്റ് ശേഷിക്കെ എൻഡിയായെ വിജയഗോൾ കുറിച്ചു. ഫ്രാഞ്ചുവാണ് അവസരമൊരുക്കിയത്.
അഞ്ച് ടീമുകൾ ഒരു കിരീടം !
ന്യൂഡൽഹി: പ്രതിസന്ധികൾക്കിടയിലെ ഐഎസ്‌എൽ ഫുട്‌ബോൾ അവസാന റൗണ്ടിലേക്ക്. 21ന് എല്ലാ മത്സരങ്ങളും പൂർത്തിയാകും. ചാന്പ്യനെയും കണ്ടെത്തും. മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്ലേ ഓഫ്, ഫൈനൽ മത്സരങ്ങൾ ഇക്കുറിയില്ല. എല്ലാ ടീമുകളും 13 റൗണ്ട് പൂർത്തിയാക്കും. കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കൾ.
ഒരു റൗണ്ട് ശേഷിക്കെ അഞ്ച് ക്ലബുകളാണ് കിരീടപ്പോരിൽ രംഗത്ത്. ഗോൾ വ്യത്യാസത്തിന്റെ കണക്കിൽ ഇൗസ്‌റ്റ് ബംഗാൾ ഒന്നാമത് നിൽക്കുന്നു.
ഇൗസ്‌റ്റ് ബംഗാൾ (23 പോയിന്റ്), മോഹൻ ബഗാൻ സൂപ്പർ ജയന്റ് (23), പഞ്ചാബ് എഫ്‌സി (22), മുംബൈ സിറ്റി (22), ജംഷഡ്‌പുർ എഫ്‌സി (21) ടീമുകളാണ് പ്രതീക്ഷയിലുള്ളത്. 23 പോയിന്റുള്ള ബംഗളൂരു എഫ്‌സിയുടെ മത്സരങ്ങളെല്ലാം അവസാനിച്ചതിനാൽ കിരീടപ്പോരിൽനിന്ന് പുറത്തായി.
കഴിഞ്ഞ ദിവസത്തെ കൊൽക്കത്തൻ പോരിൽ ഇൗസ്‌റ്റ് ബംഗാളും ബഗാനും സമനിലയിൽ പിരിഞ്ഞതോടെയാണ് കിരീടപ്പോര് ആവേശകരമായി മാറിയത്. മികച്ച ഗോൾ വ്യത്യാസമുള്ള ഇരു ടീമുകൾക്കും ജയിച്ചാൽ ഒരു റൗണ്ട് ശേഷിക്കെ ജേതാക്കളാകാമായിരുന്നു. അവസാന നിമിഷമാണ് ഇൗസ്‌റ്റ് ബംഗാൾ സമനില വഴങ്ങിയത്. അവസാന കളിയിൽ ഇന്റർ കാശിയെയാണ് നേരിടേണ്ടത്. ജയിച്ചാൽ ചാന്പ്യൻമാരാകും.
മറിച്ചാണെങ്കിൽ സാധ്യത മങ്ങും. 28 ഗോളടിച്ചപ്പോൾ 10 എണ്ണം മാത്രമാണ് വഴങ്ങിയത്. മികച്ച ഗോൾ വ്യത്യാസം മുതൽക്കൂട്ടാണ്.
രണ്ടാമതുള്ള ബഗാൻ അഞ്ച് ഗോളിന്റെ വ്യത്യാസത്തിലാണ് രണ്ടാമതായത്. സ്‌പോർടിങ് ഡൽഹിക്കെതിരെ കൂറ്റൻ ജയം നേടിയാൽ മാത്രമാണ് പ്രതീക്ഷ. ഇൗസ്‌റ്റ് ബംഗാൾ തോറ്റാൽ കാര്യങ്ങൾ എളുപ്പമാകും.
പഞ്ചാബ്–മുംബൈ സിറ്റി മത്സരമാണ് ശ്രദ്ധേയം. ജയിക്കുന്ന ടീമിന് കിരീടത്തിലേക്കെത്താം. ബഗാൻ, ഇൗസ്‌റ്റ് ബംഗാൾ ടീമുകൾ തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്‌താലാണ് സാധ്യത. ഒഡിഷയെ നേരിടുന്ന ജംഷഡ്‌പുരിനും നേരിയ പ്രതീക്ഷയുണ്ട്. ജയിച്ചാലും മറ്റ് മത്സരങ്ങളുടെ ഫലം അനുസരിച്ചായിരിക്കും സാധ്യത.
എല്ലാ മത്സരങ്ങളും 21ന് രാത്രി 7.30നാണ് നടക്കുക.










0 comments