ad
Deshabhimani

print edition ഇംഗ്ലണ്ട്‌– അർജന്റീന മത്സരം: അഞ്ച്‌ കനലോർമകൾ

arg vs eng 1.JPG
വെബ് ഡെസ്ക്

Published on Jul 15, 2026, 12:18 AM | 2 min read

അറ്റ്‌ലാന്റ: ലോകകപ്പ്‌ ചരിത്രത്തിൽ തീഷ്‌ണമായ വൈരത്തിന്റെ കഥ പറയാനുണ്ട്‌ ഇംഗ്ലണ്ട്‌– അർജന്റീന മത്സരങ്ങൾക്ക്‌. ഇരുടീമുകളും അഞ്ച്‌ തവണയാണ്‌ മുഖാമുഖം കണ്ടത്‌. ഫുട്‌ബോളിൽ കാർഡുകൾ പിറവിയെടുത്തതും ‘ദൈവത്തിന്റെ കൈ’ ഗോളും ബെക്കാമിന്റെ ചുവപ്പ്‌ കാർഡുമെല്ലാം മത്സരങ്ങളുടെ മായാത്ത ഓർമകളാണ്‌.

1962: ഇംഗ്ലണ്ട്‌ 3–1

ഗ്രൂപ്പ്‌ ഘട്ടത്തിലാണ്‌ ഇരുടീമുകളും ആദ്യമായി ഏറ്റുമുട്ടിയത്‌. ഇംഗ്ലണ്ട്‌ 3–1ന് ജയിച്ചു. റോൺ ഫ്ലവേഴ്‌സ്‌, ബോബി ചാൾട്ടൻ, ജിമ്മി ഗ്രീവ്സ്‌ എന്നിവർ ഗോൾ കണ്ടെത്തിയതോടെ അർജന്റീനയ്‌ക്ക്‌ തിരിച്ച്‌ വരവുണ്ടായില്ല. ജോസ്‌ സാൻഫിലിപ്പോയുടേതാണ്‌ അർജന്റീനയുടെ ആശ്വാസഗോൾ.


1966: ഇംഗ്ലണ്ട്‌ 1–0

ക്വാർട്ടർ ഫൈനലിൽ മുഖാമുഖം. അർജന്റീന ക്യാപ്‌റ്റൻ അന്റോണിയോ റാറ്റിന്റെ പുറത്താകലുമായി ബന്ധപ്പെട്ട്‌ ശ്രദ്ധേയമായിരുന്നു മത്സരം. റഫറിയുടെ നിർദേശം മനസ്സിലാകാത്തതിനാൽ റാറ്റിൻ പുറത്ത്‌ പോകാൻ തയ്യാറായിരുന്നില്ല. ഇതോടെ പത്ത്‌ മിനിറ്റോളം താമസിച്ചാണ്‌ കളി പുനരാരംഭിച്ചത്‌. ജിയോഫ്രി ഹസ്‌റ്റ്‌ നേടിയ ഒറ്റ ഗോളിൽ ജയിച്ച ഇംഗ്ലണ്ടിന്റെ കുതിപ്പ്‌ അവസാനിക്കുന്നത്‌ കിരീടത്തിലാണ്‌.

1986: അർജന്റീന 2–1

ക്വാർട്ടർ ഫൈനൽ. ദ്യോഗോ മാറഡോണയുടെ കുതിപ്പിൽ ഇംഗ്ലണ്ടിന്റെ സ്വപ്‌നം പൊലിഞ്ഞ വേദി. വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോളും നൂറ്റാണ്ടിലെ ഗോളും പിറന്ന മത്സരത്തിൽ 2–1നായിരുന്നു അർജന്റീനയുടെ വിജയം. രണ്ടാം പകുതിയുടെ തുടക്കത്തിൽ വായുവിലേക്ക്‌ ഉയർന്ന്‌ ചാടിയ മാറഡോണയുടെ കൈയിൽ തട്ടിയായിരുന്നു ആദ്യ ഗോൾ. നാല്‌ മിനിറ്റിനിടെ മധ്യവരയുടെ അടുത്ത്‌ നിന്നും പന്തുമായി കുതിച്ചെത്തിയ മാറഡോണ പ്രതിരോധക്കാരെയും ഗോളിയെയും മറികടന്ന്‌ നേടിയ ഗോൾ ചരിത്രമായി. ഗാരി ലിനേക്കർ ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തി. ലോകകപ്പിൽ അർജന്റീന ജേതാക്കളായി.

1998: 2–2 (ഷ‍‍ൂട്ട‍ൗട്ടിൽ 
 അർജന്റീന 4–3)

പ്രീ ക്വാർട്ടർ മത്സരം. ഡേവിഡ്‌ ബെക്കാമിന്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ച മത്സരത്തിൽ ഷൂട്ട‍ൗട്ടിലായിരുന്നു അർജന്റീനയുടെ വിജയം. ആദ്യപകുതിയിൽ 2–2. ദ്യേഗോ സിമിയോണിയെ ഫ‍ൗൾ ചെയ്തതിന്‌ ബെക്കാം റെഡ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതോടെ പത്ത്‌ പേരുമായിട്ടായിരുന്നു ഇംഗ്ലണ്ടിന്റെ പോരാട്ടം. ഷൂട്ട‍ൗട്ടിൽ 4–3ന്‌ അർജന്റീന ജയിച്ചു. ഗബ്രിയേൽ ബാറ്റിസ്‌റ്റ്യൂട്ട, ഹാവിയർ സെനറ്റ എന്നിവർ അർജന്റീനയ്‌ക്കായി ഗോൾ നേടിയപ്പോൾ അലൻ ഷിയറർ, മൈക്കേൽ ഓവൻ എന്നിവർ ഇംഗ്ലണ്ടിനായി വലകുലുക്കി.

2002: ഇംഗ്ലണ്ട്‌ 1–0

ലോകകപ്പിലെ അവസാന കണ്ടുമുട്ടൽ. 40 വർഷത്തിന്‌ ശേഷം ഒരേ ഗ്രൂപ്പിൽ. മത്സരത്തിൽ 1–0ന്‌ ഇംഗ്ലണ്ട്‌ ജയിച്ചു. പെനൽറ്റിയിലൂടെ ഡേവിഡ്‌ ബെക്കാമാണ്‌ സ്‌കോർ ചെയ്തത്‌. മൈക്കേൽ ഓവനെ മ‍‍ൗറീസിയോ പൊച്ചട്ടീനോ ഫ‍ൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. അനാവശ്യമായാണ്‌ പെനൽറ്റി വിധിച്ചതെന്ന വാദം അന്ന്‌ ഉയർന്നിരുന്നു. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തായ അർജന്റീന നോക്ക‍ൗട്ട്‌ കാണാതെ പുറത്തായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home