print edition സ്പെയിൻ കയറി

ലോകകപ്പ് ഫുട്ബോളിൽ പോർച്ചുഗലിനെതിരെ വിജയഗോൾ നേടിയ സ്-പെയ്നിന്റെ മിക്കേൽ മെറീനോയുടെ ആഹ്ലാദം
ന്യൂജേഴ്‌സി: പോർച്ചുഗലിനെ ഒരു ഗോളിന് കീഴടക്കി സ്-പെയ്ൻ ലോകകപ്പ് ഫുട്ബോൾ ക്വാർട്ടറിൽ കടന്നു. പരിക്ക് സമയത്ത് മിക്കേൽ മെറീനോയാണ് വിജയഗോൾ നേടിയത്. പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിജീവിതത്തിൽ ലോകകപ്പ് നേടാനാകാതെ മടങ്ങി.
ബ്രസീലിന്റെ കാൽനൂറ്റാണ്ടിനോടടുത്ത കാത്തിരിപ്പ് വിഫലമായി. നാലാം ലോകകപ്പ് മാത്രം കളിക്കുന്ന നോർവെയോട് തോറ്റ് പ്രീ ക്വാർട്ടറിൽ മടങ്ങി. എർലിങ് ഹാലണ്ടിന്റെ ഇരട്ടഗോളിൽ നോർവെ ആദ്യമായി ക്വാർട്ടറിൽ. അവസാന നിമിഷം നെയ്‌മറാണ് പെനൽറ്റിയിലൂടെ ബ്രസീലിനായി ഗോൾ മടക്കിയത്.
നോർവെയുടെ തന്ത്രങ്ങൾക്ക് മുന്നിൽ കാർലോ ആൻസെലോട്ടിയുടെ ബ്രസീലിന് മറുപടിയുണ്ടായില്ല. തുടക്കത്തിൽ കിട്ടിയ പെനൽറ്റി ബ്രൂണോ ഗുയ്‌മറെസ് പാഴാക്കിയത് തിരിച്ചടിയായി. വിനീഷ്യസിന്റെയും ഗുയ്‌മറിസിന്റെയും ശ്രമങ്ങൾ തടഞ്ഞ ഗോൾകീപ്പർ ഒർയാൻ നയ്‌ലൻഡിന്റെ പ്രകടനം നോർവെയുടെ ജയത്തിൽ നിർണായകമായി.
പകരക്കാരനായെത്തിയ പത്തൊന്പതുകാരൻ എൻഡ്രിക്ക് ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞത് ബ്രസീലിന് തിരിച്ചടിയായി. 79–ാം മിനിറ്റിൽ ആൻഡ്രിയാസ് ഷെൽഡെറുപിന്റെ ക്രോസിൽ തലവച്ചാണ് ഹാലണ്ട് നോർവെയ്‌ക്ക് ലീഡ് നൽകിയത്.
90–ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ജയവും പൂർത്തിയാക്കി. പരിക്ക്‌സമയത്താണ് നെയ്‌മർ പെനൽറ്റിയിലൂടെ ലക്ഷ്യംകണ്ടത്.
മെക്‌സിക്കോയെ 3–2ന് തോൽപ്പിച്ച ഇംഗ്ലണ്ടാണ് ക്വാർട്ടറിൽ നോർവെയുടെ എതിരാളികൾ.










0 comments