print edition പോരൂ; പക്ഷേ കൈപൊള്ളും!

ലോകകപ്പിന് മുന്നോടിയായി ന്യൂയോർക്കിൽ നടന്ന പരിപാടിക്കിടെ അമേരിക്കൻ ആരാധകർ
കാത്തിരിപ്പ് അവസാനിക്കുകയാണ്. അടുത്താഴ്‌ച ഇൗ ദിവസം ലോകകപ്പിന് കിക്കോഫാണ്. അത് മെക്‌സിക്കോയിലാണ്. ദക്ഷിണാഫ്രിക്കയും മെക്‌സിക്കോയും തമ്മിലാണ് ആദ്യ കളി. അമേരിക്കയിലെ ആദ്യ മത്സരം 13ന് രാവിലെ 6.30നാണ്. പ്രശസ്‌തമായ ലോസ് ഏഞ്ചൽസ് സ്‌റ്റേഡിയത്തിൽ ആതിഥേയരായ അമേരിക്ക പരാഗ്വേയെ നേരിടും. 2020ൽ തുറന്ന സ്‌റ്റേഡിയമാണ്. 70,000 പേർക്ക് ഇവിടെ കളി കാണാം. രണ്ട് വർഷം കഴിഞ്ഞാൽ ഇൗ വേദിയിലാണ് ഒളിമ്പിക്‌സ് നടക്കാനിരിക്കുന്നത്.
അമേരിക്കയും പതിയെ ഫുട്‌ബോൾ ആവേശത്തിലേക്ക് അമരുന്നു. അമേരിക്കയിൽ 11 സ്‌റ്റേഡിയങ്ങളിലായി 78 മത്സരങ്ങളുണ്ട്.
വൻ സുരക്ഷയാണ് എങ്ങും. കഴിഞ്ഞ വർഷം മയാമിയിൽ നടന്ന കോപ്പ അമേരിക്ക ഫൈനലിൽ ടിക്കറ്റില്ലാത്ത ആരാധകർ സുരക്ഷാവേലി തകർത്ത് സ്‌റ്റേഡിയത്തിൽ പ്രവേശിച്ചതുണ്ടാക്കിയ നാണക്കേട് ആവർത്തിക്കാതിരിക്കാൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐയും പ്രാദേശിക പോലീസും കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്‌റ്റേഡിയത്തിന് ചുറ്റും ബഹുതല സുരക്ഷാ വലയം സ്ഥാപിച്ചു. ടിക്കറ്റില്ലാത്തവർ ഒരു കാരണവശാലും സ്‌റ്റേഡിയം പരിസരത്തേക്ക് വരരുതെന്ന് കർശന നിർദ്ദേശം നൽകി.
ഡ്രോൺ ആക്രമണങ്ങൾ പ്രതിരോധിക്കാനുള്ള ആധുനിക സാങ്കേതികവിദ്യയും സജ്ജമാക്കിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പോലീസ് സേനകൾ സംയുക്തമായി വൻതോതിലുള്ള മോക്ക് ഡ്രില്ലുകളും പൂർത്തിയാക്കി.
ടിക്കറ്റുകൾക്ക് തീവിലയാണ്. ഫിഫയുടെ കർശനമായ മാർഗനിർദേശങ്ങൾ അനുസരിച്ച് ‘മയാമി സ്‌റ്റേഡിയം' എന്ന് താൽക്കാലികമായി പുനർനാമകരണം ചെയ്ത പ്രശസ്തമായ ഹാർഡ് റോക്ക് സ്‌റ്റേഡിയത്തിലാണ് ഇത്തവണത്തെ ഏഴ് ആവേശപ്പോരാട്ടങ്ങൾ അരങ്ങേറുന്നത്. ഇതിൽ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ക്വാർട്ടർ ഫൈനലും ജൂലൈ 18-ന് നടക്കുന്ന ലൂസേഴ്സ് ഫൈനലും ഉൾപ്പെടുന്നു.
മയാമിയിൽ നടക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾക്കായി വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഫിഫയുടെ ഔദ്യോഗിക ടിക്കറ്റുകൾ ഭൂരിഭാഗവും ഇതിനകം വിറ്റുതീർന്നതിനാൽ, റീസെയിൽ മാർക്കറ്റിൽ ടിക്കറ്റ് നിരക്കുകൾ കുതിച്ചുയരുകയാണ്. ജൂൺ 27-ന് മയാമിയിൽ നടക്കുന്ന കൊളംബിയ – - പോർച്ചുഗൽ പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കുകൾക്ക് റെക്കോഡ് വിലയാണ്. ഒരു ടിക്കറ്റിന് രണ്ടേകാൽ ലക്ഷം രൂപയാണ് നിരക്ക്.
ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിലെ ആറാമത്തെയും അവസാനത്തെയും ലോകകപ്പിനായി പോർച്ചുഗൽ ജഴ്സിയിൽ മയാമിയിലെ പുൽമൈതാനത്തിറങ്ങുമെന്ന വാർത്ത പ്രാദേശിക ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചിട്ടുണ്ട്.
ബ്രസീൽ ഉൾപ്പെടെയുള്ള പ്രമുഖ ടീമുകളുടെ മത്സരങ്ങളും മയാമിയിൽ നടക്കുന്നുണ്ട്. സ്‌റ്റേഡിയം ടിക്കറ്റ് കിട്ടാത്തവർക്ക് ഫാൻ ഫെസ്‌റ്റിവലുകളും വാച്ച് പാർട്ടികളും ഒരുങ്ങുന്നുണ്ട്. ലോകകപ്പ് വിനോദസഞ്ചാര മേഖലയിൽ വൻകുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഉദാഹരണത്തിന് ഏഴ് മത്സരങ്ങളിലൂടെ സൗത്ത് ഫ്ലോറിഡയിലെ ടൂറിസം മേഖലയ്‌ക്ക് മാത്രം 650 മില്യൺ മുതൽ 1.3 ബില്യൺ ഡോളർ വരെയുള്ള വരുമാനമാണ് പ്രതീക്ഷിക്കുന്നത്. പ്രാദേശിക ഹോട്ടൽ നിരക്കുകൾ മുൻവർഷത്തെ അപേക്ഷിച്ച് 130 ശതമാനത്തോളം വർധിച്ചിട്ടുണ്ട്.
ചില മത്സരങ്ങളും ടിക്കറ്റ് നിരക്കും
ഉറുഗ്വേ – സൗദി അറേബ്യ 31,000 രൂപ – 50,000 രൂപ
ബ്രസീൽ– സ്‌കോട്ലൻഡ് 1,29,000 രൂപ മുതൽ
പോർച്ചുഗൽ –കൊളംബിയ 2,25,000 രൂപ മുതൽ
ക്വാർട്ടർ ഫൈനൽ 1,73,000 രൂപ മുതൽ
ലൂസേഴ്സ് ഫൈനൽ 78,000 രൂപ മുതൽ










0 comments