ലോകകപ്പ് ഫൈനൽ പിച്ചിന്റെ പുല്ല് വിൽപ്പനയ്ക്ക്; നിമിഷങ്ങൾക്കകം വിറ്റഴിഞ്ഞു

ന്യൂയോർക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയം | Photo Credit:Social Media
ന്യൂയോർക്ക്: 2026 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയാകുന്ന ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിലെ പുൽത്തകിടിയുടെ ഭാഗങ്ങൾ സ്മരണികയായി വിൽക്കാൻ അനുമതി നൽകി ഫിഫ.
ഫുട്ബോൾ ചരിത്രത്തിന്റെ ഒരു ഭാഗം സ്വന്തമാക്കാൻ ആരാധകർക്ക് അവസരമൊരുക്കിക്കൊണ്ടാണ് ഫിഫയുടെ ഈ അപൂർവ വിൽപ്പന. 450 ഡോളർ (ഏകദേശം 42,989-ത്തിലധികം ഇന്ത്യൻ രൂപ) മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്.
ഫൈനൽ മത്സരത്തിന് ഉപയോഗിക്കുന്ന പുല്ലിന്റെ ചെറിയ ഭാഗങ്ങൾ കേടുപാടുകൾ കൂടാതെ പ്രത്യേക റെസിൻ ക്യൂബുകളിൽ സൂക്ഷിച്ചാണ് വിൽക്കുന്നത്.
ജൂലൈ 19-ന് നടക്കുന്ന ലോകകപ്പ് ഫൈനലിന് ശേഷമേ ഈ സ്മരണികകൾ വാങ്ങിയവർക്ക് അയച്ചു നൽകുകയുള്ളൂ.
അമേരിക്ക, യുകെ, യൂറോപ്പ് എന്നിവിടങ്ങളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയ ഈ ലിമിറ്റഡ് എഡിഷൻ സ്മരണികകൾ ഇതിനകം തന്നെ പൂർണ്ണമായും വിറ്റഴിഞ്ഞു കഴിഞ്ഞു.
ഓരോ റെസിൻ ഡിസ്‌പ്ലേയിലും ഔദ്യോഗിക ഫിഫ ലോകകപ്പ് ലോഗോ, വേദി, ഫൈനൽ നടക്കുന്ന തീയതി, മത്സരത്തിന്റെ ഫൈനൽ സ്കോർ എന്നിവ രേഖപ്പെടുത്തും. ഇതിന്റെ വിശ്വാസ്യത തെളിയിക്കുന്ന ഡോക്യുമെന്ററി അടങ്ങിയ ഒരു യുഎസ്ബി ഡ്രൈവും വാങ്ങുന്നവർക്ക് ലഭിക്കും.
യുകെ ആസ്ഥാനമായുള്ള 'കീപ് സ്റ്റബ്' എന്ന കമ്പനിയാണ് ഫിഫയ്ക്കായി ഇത് നിർമ്മിക്കുന്നത്. 900, 1,200, 3,000 ഡോളർ വിലമതിക്കുന്ന മൂന്ന് പ്രീമിയം എഡിഷനുകളും ഇവർ പുറത്തിറക്കിയിട്ടുണ്ട്.
3,000 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) വിലയുള്ള ഏറ്റവും ഉയർന്ന 'ഹീറോ എഡിഷനിൽ' വലിയ റെസിൻ ക്യൂബിനൊപ്പം സ്വർണ്ണത്തിൽ കൊത്തിയെടുത്ത സ്മരണിക ടിക്കറ്റ്, ലോകകപ്പ് ഫൈനൽ മാച്ച് ബോളിന്റെ മിനിയേച്ചർ റെപ്ലിക്ക, ക്രിസ്റ്റൽ ഗ്ലാസ് ലോകകപ്പ് ട്രോഫി എന്നിവയുമുണ്ടാകും.
എല്ലാ എഡിഷനുകളിലും 2,026 പീസുകൾ വീതം മാത്രമാണ് നിർമ്മിച്ചിരിക്കുന്നത്. ഇവയെല്ലാം വിറ്റഴിയുന്നതിലൂടെ 11.2 മില്യൺ ഡോളറിലധികം (ഏകദേശം 93 കോടി രൂപ) വരുമാനം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ടൂർണമെന്റിനിടെ ഈ സ്റ്റേഡിയത്തിലെ പിച്ചിനെതിരെ ബ്രസീൽ, ഫ്രാൻസ് താരങ്ങൾ കടുത്ത വിമർശനം ഉന്നയിച്ചിരുന്നു.
നോർത്ത് കരോലിനയിലെ ഒരു ഫാമിൽ വളർത്തിയ ശേഷം മേയ് മാസത്തിൽ സ്റ്റേഡിയത്തിൽ സ്ഥാപിച്ച ഈ പുൽത്തകിടി കളിക്ക് തികച്ചും പ്രയാസമേറിയതാണെന്നായിരുന്നു താരങ്ങളുടെ പരാതി.
കായിക ചരിത്രത്തിലെ ഐതിഹാസിക വേദികളുടെ ഭാഗങ്ങൾ വിൽക്കുന്നത് ആഗോളതലത്തിൽ ഇപ്പോൾ വലിയ ട്രെൻഡായി മാറിയിരിക്കുകയാണ്.
ഇതിന് മുൻപ് പ്രമുഖ ബേസ്ബോൾ ലീഗായ മേജർ ലീഗ് ബേസ്ബോളും തങ്ങളുടെ മത്സരങ്ങൾ നടന്ന പിച്ചിലെ മണ്ണ് ജാറുകളിലാക്കി 50 ഡോളറിന് വിറ്റിരുന്നു.











0 comments