print edition തോറ്റിട്ടും കാനഡ

വാൻകൂവർ : സ്വിറ്റ്‌സർലൻഡിനോട് തോറ്റിട്ടും കാനഡ ലോകകപ്പ് ഫുട്ബോൾ നോക്കൗട്ടിൽ കടന്നു. ചരിത്രത്തിലാദ്യമായാണ് ആദ്യ റൗണ്ട് കടക്കുന്നത്. ഗ്രൂപ്പ് ‘ബി’യിൽ 2–1ന് കാനഡയെ മറികടന്ന് സ്വിറ്റ്‌സർലൻഡ് ഒന്നാംസ്ഥാനക്കാരായി മുന്നേറി.
രണ്ട് ജയത്തോടെ സ്വിസിന് ഏഴ് പോയിന്റായി. കാനഡയ്‌ക്ക് നാലും. ഖത്തറിനെ 3–1ന് തോൽപ്പിച്ച ബോസ്‌നിയ ആൻഡ് ഹെർസെഗൊവിനയ്‌ക്കും നാല് പോയിന്റാണ്. കൂടുതൽ ഗോൾ നേടിയത് കാനഡയ്‌ക്ക് തുണയായി. എങ്കിലും മികച്ച മൂന്നാംസ്ഥാനക്കാരായി നോക്കൗട്ടിൽ കടക്കാനുള്ള പ്രതീക്ഷ ബോസ്‌നിയ സജീവമാക്കി. മൂന്ന് കളിയിൽ ഒരു പോയിന്റ് മാത്രമുള്ള ഖത്തർ പുറത്തായി. ആതിഥേയ ടീമുകളൊന്നായ കാനഡ സ്വിസിനെതിരെ പൊരുതിക്കളിച്ചു. ഇടവേളയ്‌ക്കുശേഷം ആദ്യനിമിഷം ഗോളടിച്ച് സ്വിസാണ് തുടങ്ങിയത്. റൂബെർ വർഗാസിന്റെ ഗോളിൽ ലീഡ്.
പത്ത് മിനിറ്റിനുള്ളിൽ യുവതാരം യൊഹാൻ മൻസാംബിയിലൂടെ യൂറോപ്യൻമാർ നേട്ടം രണ്ടാക്കി. മൻസാംബിയുടെ ലോകകപ്പിലെ മൂന്നാം ഗോളാണിത്. ഒരു ഗോളിന് അവസരവുമൊരുക്കി. പൊരുതിക്കളിച്ച കാനഡ പകരക്കാരൻ പ്രോമിസ് ഡേവിഡിലൂടെ ഒരെണ്ണം മടക്കി. അവസാന നിമിഷം കടന്നാക്രമിച്ചെങ്കിലും സമനില പിടിക്കാനായില്ല. മൂന്നാം ലോകകപ്പ് കളിക്കുന്ന കാനഡയ്‌ക്ക് ഇൗ ലോകകപ്പിലാണ് ഒരു ജയം നേടാനായത്.
ഖത്തറിനെതിരെയായിരുന്നു നേട്ടം. ആ കളിയിൽ നേടിയ ആറ് ഗോൾ ജയമാണ് നോക്കൗട്ടിലേക്കുള്ള പ്രവേശത്തിൽ നിർണായകമായത്. ഖത്തറിനെതിരെ കെരീം അലായ്‌ബെഗോവിച്ചും എർമിൻ മഹ്‌മിച്ചും ബോസ്‌നിയക്കായി ലക്ഷ്യം കണ്ടു. മഹ്‌മൂദ് അബുനാഡയുടെ പിഴവുഗോളിൽ നേട്ടം മൂന്നാക്കി. ഖത്തറിനായി ഹസൻ അൽ ഹൈദോസാണ് ഒരെണ്ണം മടക്കിയത്.








0 comments