നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്
സിസേറിയനിടെ അണുബാധ; സാധാരണ വേദനയെന്ന് ഡോക്ടർമാർ

നെയ്യാറ്റിൻകര
നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിലെ ചികിത്സാപ്പിഴവിൽ മാസങ്ങളായി തീരാവേദനയിൽ സജിത. മണലൂർ മേലേത്തട്ട് പുത്തൻവീട്ടിൽ കൂലിപ്പണിക്കാരനായ അനുദാസിന്റെ ഭാര്യ സജിത (29) യുടെ ജീവിതമാണ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരുടെ ഗുരുതര അനാസ്ഥമൂലം ദുരിതത്തിലായത്. നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഫെബ്രുവരി ആറിനാണ് സജിതയ്ക്ക് കുഞ്ഞുപിറന്നത്. സിസേറിയനായിരുന്നു. വേദന മാറാത്തതിനാൽ ഒന്നരയാഴ്ചയോളം ആശുപത്രിയിൽ കഴിയേണ്ടിവന്നു. തുടർന്ന് സാധാരണ വേദനയാണെന്നു പറഞ്ഞ് ആശുപത്രിയിൽനിന്ന് ഇവരെ ഡിസ്‌ചാർജ് ചെയ്‌തു. വേദന ശമിക്കാതായതോടെ മാർച്ചിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. രണ്ടാഴ്‌ച ഇവിടെ ചികിത്സയിലായി. സിസേറിയനിൽ വയറിനുള്ളിലുണ്ടായ അണുബാധയാണ് വേദനയ്ക്ക് കാരണമെന്ന് കണ്ടെത്തി. തുടർചികിത്സയ്ക്കായി തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റെഫർ ചെയ്തു. എസ്എടിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി. അണുബാധ പൂർണമായും നീക്കംചെയ്യാനായില്ലെന്നും വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നേക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. അഞ്ചുമാസം ചികിത്സ നീണ്ടതോടെ അനുദാസിന് ജോലിക്കുപോകാൻ കഴിയാതായി. കുടുംബം കടക്കെണിയിലായി. പഴയകടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്ന സജിതയ്ക്ക് ജോലിയും നഷ്ടമായി. ചികിത്സാപ്പിഴവും നെയ്യാറ്റിൻകര ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും വ്യക്തമാക്കി കുടുംബം ആരോഗ്യവകുപ്പ് മന്ത്രിക്കും വകുപ്പ് ഡയറക്ടർക്കും പരാതി നൽകി.









0 comments