കാനറികൾ നോക്കൗട്ടിലേക്ക് കുതിച്ചു: വിനീഷ്യസിന് ഡബിൾ; കളത്തിലെത്തി നെയ്മർ

മയാമി: അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്ത് ബ്രസീൽ നോക്കൗട്ടിലേക്ക് കുതിച്ചു. ഇരട്ട ഗോളുമായി തിളങ്ങിയ വിനീഷ്യസ് ജൂനിയറാണ് ടീമിന് അനായാസ വിജയമൊരുക്കിയത്. പരിക്ക് മാറിയ സൂപ്പർതാരം നെയ്‌മർ 76-ാം മിനിറ്റിൽ ടീമിനായി കളത്തിലിറങ്ങി. മൂന്ന് വർഷത്തിന് ശേഷമാണ് നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുന്നത്.
ഗ്രൂപ്പ് സിയില്‍ ചാമ്പ്യന്മാർ ആരാകുമെന്ന നിർണായക മത്സരത്തിൽ ഏഴാം മിനിറ്റിൽ തന്നെ വിനീഷ്യസ് ഗോൾ നേടി. സ്കോട്ടിഷ് ഡിഫൻഡറുടെ പിഴവിൽ നിന്നായിരുന്നു ഗോൾ. ആദ്യ ഗോൾ വഴങ്ങിയതോടെ കൂടുതൽ ഒത്തിണക്കത്തോടെ മുൻ ചാമ്പ്യന്മാർ പന്തുതട്ടി. 22-ാം മിനിറ്റിൽ വിനീഷ്യസ് വീണ്ടും വലയിലെത്തിച്ചെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നാലെ ആദ്യ പകുതിയുടെ അധിക സമയത്ത് സൂപ്പർ ഹെഡറിലൂടെ വിനീഷ്യസ് ബ്രസീലിന്റെ ലീഡുയർത്തി. 60-ാം മിനിറ്റിൽ മതേവൂസ് കുന്യയിലൂടെ ബ്രസീൽ മൂന്നാം ഗോൾ നേടി.
മൂന്ന് വർഷത്തിന് ശേഷം സൂപ്പർ താരം നെയ്‌മാർ 76 ാം മിനിറ്റിൽ പകരക്കാരനായി കളിക്കാനിറങ്ങി. 2023 ഒക്‌ടോബറിലാണ് നെയ്‌മർ അവസാനമായി ദേശീയ കുപ്പായമിട്ടത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന് പിന്നീട് ദേശീയ കുപ്പായത്തിൽ കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.









0 comments