വെനസ്വേലയിലും ജപ്പാനിലും ശക്തമായഭൂകമ്പം; വൻ നാശനഷ്ടം

ടോക്കിയോ: ആഗോളതലത്തിൽ ഭീതിവിതച്ച് ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലും ജപ്പാനിലും ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ അതിശക്തമായ ഭൂകമ്പങ്ങൾ. വെനസ്വേലയിൽ തുടർച്ചയായുണ്ടായ രണ്ട് വൻ ഭൂചലനങ്ങൾ തലസ്ഥാന നഗരമായ കാരക്കസിനെ നടുക്കി. ഒട്ടേറെ കെട്ടിടങ്ങൾ തകർന്നുവീണു. വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ജപ്പാനിൽ വലിയ നാശനഷ്ടങ്ങളോ സൂനാമി ഭീഷണിയോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വെനസ്വേലൻ തീരങ്ങളിൽ സൂനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വെനസ്വേലയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരട്ട ഭൂചലനമുണ്ടായത്. ആദ്യ ഭൂകമ്പം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. കരീബിയൻ തീരദേശ നഗരമായ മൊറോണിന് പടിഞ്ഞാറ് ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ജനങ്ങൾ പരിഭ്രാന്തരായിരിക്കെയാണ് രാജ്യാന്തര സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂകമ്പവും ഉണ്ടായത്. മൊറോൺ നഗരത്തിന് 16 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റർ മാത്രം ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചു.തലസ്ഥാനമായ കാരക്കാസിൽ ഭൂചലനം കടുത്ത നാശനഷ്ടവും പരിഭ്രാന്തിയുമാണ് സൃഷ്ടിച്ചത്.
കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ ജീവനുംകൊണ്ട് തെരുവുകളിലേക്ക് ഓടിയിറങ്ങി. നഗരത്തിലെ പല പ്രമുഖ കെട്ടിടങ്ങളുടെയും ചുവരുകൾ പൂർണമായി തകർന്നു വീണു. കാരക്കാസിലെ രണ്ട് പ്രധാന ജനവാസ മേഖലകളിൽ വൻ കെട്ടിടങ്ങൾ തകർന്നതിനെ തുടർന്ന് പ്രദേശം മുഴുവൻ പൊടിപടലങ്ങളാൽ മൂടിയതായി ദൃക്സാക്ഷികൾ പറഞ്ഞു. ദുരന്തത്തിന്റെ ആഘാതവും പരുക്കേറ്റവരുടെ വിവരങ്ങളും അധികൃതർ ശേഖരിച്ചു വരികയാണ്. രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്.
അതേസമയം, വടക്കൻ ജപ്പാനിലെ ഇവാത്തെ തീരത്തുണ്ടായ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹാഷികാമി നഗരത്തിലാണ് ഏറ്റവും ശക്തമായ കുലുക്കം അനുഭവപ്പെട്ടത്. ഹാച്ചിനോഹെ നഗരത്തിൽ ഗതാഗത സംവിധാനങ്ങളെയോ ജനജീവിതത്തെയോ ഭൂചലനം ബാധിച്ചിട്ടില്ലെന്നും നിലവിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്നും ജാപ്പനീസ് മാധ്യമമായ എൻഎച്ച്കെ റിപ്പോർട്ട് ചെയ്തു.










0 comments