ദേശീയ അംഗീകാരത്തിളക്കത്തിൽ ആനാട് കുടുംബാരോഗ്യകേന്ദ്രവും ഉപകേന്ദ്രങ്ങളും

ദേശീയ അംഗീകാരം നേടിയ ആനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും
നെടുമങ്ങാട്
ദേശീയ ഗുണനിലവാര സമിതിയുടെ (എൻക്യുഎഎസ്) അംഗീകാരം സ്വന്തമാക്കി ആനാട് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രവും ഉപകേന്ദ്രങ്ങളും. കുടുംബാരോഗ്യ കേന്ദ്രം 94 ശതമാനം മാർക്കോടെ 2025ൽ അംഗീകാരം നേടിയിരുന്നു. പിന്നാലെയാണ് ഉപകേന്ദ്രങ്ങളായ ഇരിഞ്ചയം (96.5 ശതമാനം), ഇടനില (94.2 ശതമാനം), ആനാട് മെയിൻ സെന്റർ (92.4ശതമാനം), പാങ്കോട് (89.19ശതമാനം), കൊല്ല (87.75ശതമാനം) എന്നിവയും മികച്ച മാർക്കോടെ നേട്ടം കൈവരിച്ചത്. എൽഡിഎഫ് സർക്കാർ ഒരുക്കിയ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരുടെ മികച്ച സേവനങ്ങളും മുൻനിർത്തിയാണ് അംഗീകാരം. ഒപി, ലാബ്, ഫാർമസി സൗകര്യങ്ങൾക്ക് പുറമെ ജീവിതശൈലി രോഗനിർണയ ക്ലിനിക്, ക്യാൻസർ നിർണയ ക്ലിനിക്, വിഷാദരോഗ നിർണയ ക്ലിനിക്, ശ്വാസ് ക്ലിനിക്, പുകയില നിയന്ത്രണമാർഗ ക്ലിനിക്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, കൗമാര ക്ലിനിക്, വയോജന ക്ലിനിക്, പ്രതിരോധ കുത്തിവയ്‌പുകൾ, എച്ച്‌പിവി വാക്‌സിനേഷൻ, ആന്റിമൈക്രോബിയൽ ബോധവൽക്കരണങ്ങൾ, ഉറവിട നിർമാർജന പ്രവർത്തനങ്ങൾ എന്നിവ കുടുംബാരോഗ്യ കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും നടന്നുവരുന്നു. കായകൽപ (2024–-25), വൃത്തി പുരസ്കാരം (2025-–26), എഎംഎസ് കംപ്ലൈന്റ് (2026) എന്നിവയും ആനാട് കുടുംബാരോഗ്യ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ഐ പ്രീജാകുമാരി, സ്ഥിരംസമിതി അധ്യക്ഷൻ ഷൈജുകുമാർ, മെഡിക്കൽ ഓഫീസർ ഡോ. റംസി മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.









0 comments