ad
Deshabhimani

print edition യൂറോ വീറ്

FIFa.jpg
വെബ് ഡെസ്ക്

Published on Jul 14, 2026, 12:49 AM | 2 min read

ടെക്‌സാസ്‌: പതിനാറ്‌ ഗോളടിച്ചുക‍ൂട്ടിയ ഫ്രാൻസ്‌. ഒറ്റ ഗോൾ മാത്രം വഴങ്ങിയ സ്‌പെയ്‌ൻ. ആക്രമണത്തിന്റെ തിരമാലയോ പ്രതിരോധത്തിന്റെ വൻമലയോ? ടെക്‌സാസിൽ ഇന്ത്യൻ സമയം ഇന്ന്‌ രാത്രി 12.30ന് ഉത്തരം കിട്ടും. ലോകകപ്പ്‌ ഫുട്‌ബോളിന്റെ ആദ്യ സെമി യൂറോപ്യൻ തന്ത്രങ്ങളുടെ വിളനിലമാകും. ദിദിയർ ദെഷാമും ലൂയിസ്‌ ഡാ ലെ ഫുയന്റെയും പടയാളികളെ നിരത്തിക്കഴിഞ്ഞു. കിരീടത്തിലേക്കുള്ള അവസാനവഴി തെളിയാൻ മണിക്കൂറുകൾ മാത്രം ബാക്കി.


ലോകകപ്പ്‌ കിരീട സാധ്യതയിൽ തുടക്കംമുതൽ മുന്നിലുള്ള ടീമുകളാണ്‌ ഫ്രാൻസും സ്‌പെയ്‌നും. ക്വാർട്ടർവരെയുള്ള മത്സരങ്ങളിൽ ഫ്രാൻസ്‌ സന്പൂർണ ആധിപത്യം കാട്ടി. ആദ്യ കളിയിൽ പതറിയ സ്‌പെയ്‌ൻ നിർണായക നിമിഷങ്ങളിൽ മികവിലേക്കുയർന്നു.


കിലിയൻ എംബാപ്പെയാണ്‌ ഫ്രഞ്ച്‌ നിരയിലെ മൂർച്ചയേറിയ ആയുധം. ഏത്‌ പൂട്ടും പൊളിക്കും. എവിടെനിന്നും ആക്രമണം നടത്തും. കൂട്ടായ പ്രതിരോധമോ ശക്തമായ കായികക്കരുത്തോ വിഷയമല്ല. ഇരുപത്തേഴാം വയസിൽതന്നെ ലോകകപ്പിന്റെ മുഖമായി മാറി ഫ്രഞ്ച്‌ ക്യാപ്‌റ്റൻ. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ മിക്കേൽ ഒലീസെ, ബാലൻ ഡി ഓർ ജേതാവ്‌ ഉസ്‌മാൻ ഡെംബെലെ, മികച്ച യുവതാരം ദിസിരെ ദുവെ, പ്രതിരോധത്തിലെ കരുത്തൻമാരായ ദയോത്‌ ഉപമെകാനോയും വില്യം സാലിബയും. ലോകോത്തരമാണ്‌ ഫ്രഞ്ച്‌ നിര.


ഫ്രാൻസിന്റെ അഡ്രിയാൻ റാബിയറ്റും മനു കോനെയും നയിക്കുന്ന മധ്യനിരയ്‌ക്ക്‌ മുന്നിൽ കളിമെനയാൻ മൂന്നംഗ നിരയുമായാണ്‌ സ്‌പെയ്‌ൻ എത്തുന്നത്‌. റോഡ്രി അതിനെ നയിക്കുന്നു. ഒപ്പം പെഡ്രിയും ഒൽമോയും. സ്‌പാനിഷ്‌ നിരയുടെ മുന്നേറ്റം റോഡ്രിയുടെ കാലുകളിലാണ്‌. പ്രതിരോധനിരയ്‌ക്ക്‌ മുന്നിലെ കാവലാൾ. ഫ്രാൻസും സ്‌പെയ്‌നും തമ്മിലുള്ള യഥാർഥ പോര്‌ മധ്യനിരയിൽ നടക്കും. എംബാപ്പെയെയും ഡെംബെലെയെയും പ്രതിരോധത്തിനും മുന്നിൽവച്ച്‌ നിർവീര്യമാക്കുക എന്നതായിരിക്കും സ്‌പാനിഷ്‌ മധ്യനിരയുടെ ലക്ഷ്യം.


ഫ്രാൻസിന്റെ അതിവേഗ നീക്കങ്ങളെ എത്രനേരം അങ്ങനെ കൈകാര്യം ചെയ്യും എന്നതിലായിരിക്കും സ്‌പെയ്‌നിന്റെ സാധ്യത. ഗോൾകീപ്പർ ഉനായ്‌ സിമോണിന്‌ മുന്നിൽ പ‍ൗ കുബാർസി–അയ്‌മെറിക്‌ ലപോർടെ പ്രതിരോധ സഖ്യമുണ്ട്‌.


ഫ്രഞ്ച്‌ പ്രതിരോധത്തെ പിളർത്തുക എളുപ്പമല്ല. അതിനുള്ള ഏറ്റവും മൂർച്ചയുള്ള ആയുധം ക‍ൗമാരക്കാരൻ ലമീൻ യമാലാണ്‌. പക്ഷേ, പരിക്കുകഴിഞ്ഞെത്തിയ യമാൽ അൽപ്പം ക്ഷീണത്തിലാണ്‌. യൂറോയിൽ കണ്ട കളിമികവില്ല ഇപ്പോൾ. ലൂകാസ്‌ ഡിന്യെയെ മറികടന്ന്‌ ഫ്രഞ്ച്‌ ബോക്‌സിലേക്ക് യമാലിന്‌ ക്രോസുകൾ തൊടുക്കാനായാൽ സ്‌പെയ്‌നിന്‌ പ്രതീക്ഷിക്കാം. മിക്കേൽ ഒയർസബാൽ ഗോൾദാഹിയാണ്‌. സൂപ്പർ സബ്‌ മിക്കേൽ മെറീനോയാണ്‌ മറ്റൊരു ആയുധം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home