print edition അരികെയെത്തി മഹോത്സവം

ലോകചാമ്പ്യൻമാരായ അർജന്റീന ടീം അമേരിക്കയിൽ വിമാനമിറങ്ങിയപ്പോൾ
മെക്‌സിക്കോ സിറ്റി: ഇനി ഒൻപത് നാൾ. ലോകകപ്പ് -ഫുട്‌ബോൾ ആരവം അരികിലേക്കെത്തുകയാണ്. നാല് വർഷംമുന്പ് ഖത്തറിൽ ലയണൽ മെസിയുടെ അർജന്റീന കപ്പുയർത്തിയ നിമിഷംതൊട്ട് കാത്തിരിപ്പിലായിരുന്നു ലോകം. വീണ്ടും മിന്നൽ ഗോളുകളും മഴവിൽ കിക്കുകളും മനംനിറയ്‌ക്കാനെത്തുന്നു.
അമേരിക്കയും മെക്‌സിക്കോയും കാനഡയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് അണിനിരക്കുന്നത്. 11 മുതൽ തുടങ്ങുന്ന പോരാട്ടം ജൂലൈ 19വരെ 39 ദിവസം നീളും. ആകെ 104 മത്സരങ്ങൾ. 48 ടീമുകളും ഒരുങ്ങി. സന്നാഹ മത്സരങ്ങളിൽ ഗോൾ മഴ പെയ്യുന്നുണ്ട്. വടക്കൻ അമേരിക്കയാകെ ഇപ്പോഴേ ഫുട്‌ബോൾ ലഹരിയിലാണ്.
മെക്‌സിക്കോയിലെ ബനോർറ്റെ സ്‌റ്റേഡിയത്തിൽ 11ന് ഇന്ത്യൻ സമയം അർധരാത്രി 12.30ന് പന്തുരുളും. മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ കളി.
സാധ്യതകളിൽ ഫ്രാൻസും അർജന്റീനയും ബ്രസീലും പോർച്ചുഗലും സ്‌പെയ്‌നുമെല്ലാം ഇംഗ്ലണ്ടുമെല്ലാം നിറഞ്ഞുനിൽക്കുന്നു. വൻതാരനിരയാണ് ഇക്കുറി കളത്തിലേക്കെത്തുന്നത്. മെസിയും പോർച്ചുഗൽ സൂപ്പർ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും അവസാന ലോകകപ്പിലേക്ക് ബൂട്ടുകെട്ടി. ബ്രസീലിന് നെയ്‌മറുടെ തിരിച്ചുവരവ് ആനന്ദം പകരുന്നു.
പരിക്ക് പൂർണമായി മാറിയില്ലെങ്കിലും നെയ്‌മർക്ക് ബ്രസീലിന്റെ പദ്ധതികളിൽ വലിയ സ്ഥാനമാണുള്ളത്. മുപ്പത്തിനാലുകാരന്റെയും അവസാന ലോകകപ്പായിരിക്കും. ജർമൻ ഇതിഹാസ ഗോൾകീപ്പർ മാനുവേൽ നോയെക്കും ഇനിയൊരു അങ്കത്തിന് ബാല്യമില്ല.
കിലിയൻ എംബാപ്പെ, ഹാരി കെയ്‌ൻ, എർലിങ് ഹാലണ്ട്, വിനീഷ്യസ് ജൂനിയർ, റഫീന്യ, ജൂലിയൻ അൽവാരസ് തുടങ്ങിയ ഗോളടിക്കാരുടെ ലോകകപ്പ് കൂടിയായിരിക്കും ഇത്.
പരിക്കാണെങ്കിലും സ്‌പെയ്‌നിന്റെ പതിനെട്ടുകാരൻ ലമീൻ യമാലാണ് ലോകം കാത്തിരിക്കുന്ന യുവതാരം. ബ്രസീലിന്റെ പത്തൊന്പതുകാരൻ എൻഡ്രിക്കും അത്ഭുതങ്ങൾ കാട്ടാൻ കെൽപ്പുള്ള കളിക്കാരനാണ്. തുർക്കിയുടെ അർദ ഗുലെറാണ് മറ്റൊരു താരം.
ഫ്രാൻസും പോർച്ചുഗലും താരസമ്പന്നമാണ്. എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് ടീമിൽ ഉസ്‌മാൻ ഡെംബെലെ, മൈക്കേൽ ഒലീസെ, ദിസിരെ ദുവെ, ദയോത് ഉപമെകാനോ, ലൂകാസ് ഹെർണാണ്ടസ്, യുലെസ് കുണ്ടെ, എൻഗോളോ കാന്റെ തുടങ്ങിയ മികവുറ്റ കളിക്കാരാണുള്ളത്. 2018ലെ ചാമ്പ്യൻമാരും നിലവിലെ റണ്ണറപ്പുമായ ഫ്രഞ്ച് ടീം ഒന്നാം റാങ്കുകാരുമാണ്.
ആദ്യ ലോകകപ്പ് നേട്ടമെന്ന സ്വപ്‌നവുമായി എത്തുന്ന റൊണാൾഡോയുടെ പോർച്ചുഗലിന് മധ്യനിരയിലും മുന്നേറ്റത്തിലും പ്രതിഭകളുടെ ആധിക്യമാണ്. ബ്രൂണോ -ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോയോ നെവെസ്, വിറ്റീന്യ, റൂബെൻ നെവെസ്, ജോയോ ഫെലിക്‌സ്, റാഫേൽ ലിയാവോ എന്നിവരും റൊണാൾഡോയ്‌ക്കൊപ്പം പന്ത് തട്ടാനുണ്ട്.
കിരീടം നേടിയ ടീമിലെ 17 പേരെ നിലനിർത്തിയാണ് ലയണൽ സ്‌കലോണി അർജന്റീന സംഘത്തെ തയ്യാറാക്കിയത്. കാർലോ ആൻസെലോട്ടിയുടെ പരിശീലനമികവും ആക്രമണനിരയുടെ ചടുലതയുമാണ് ബ്രസീലിന്റെ ആത്മവിശ്വാസം. യുവത്വവും പരിചയസന്പത്തും സമന്വയിപ്പിച്ച് സ്‌പെയ്‌ൻ എത്തുന്നു. ഇംഗ്ലണ്ടിനും സന്പൂർണ സംഘമാണ്.









0 comments